ണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളില്‍ നിന്ന് ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ എന്ന ലേബലിലേക്കും വളര്‍ന്നിരിക്കുകയാണ് ഒല. കഴിഞ്ഞ ദിവസമാണ് ഒല ഇലക്ട്രിക് ബ്രാന്റിന്റെ കീഴില്‍ എസ്1, എസ്1 പ്രോ എന്നീ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ എത്തിയത്. ഇലക്ട്രിക് ഇരുചക്ര വാഹന ശൃംഖല കാര്യക്ഷമമാക്കുന്നതിനൊപ്പം ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുമെന്ന സൂചനയാണ് ഒലയുടെ മേധാവിയായ ഭവീഷ് അഗര്‍വാള്‍ നല്‍കുന്നത്. 

2023-ഓടെ ഇലക്ട്രിക് കാറുകളുടെ നിര്‍മാണം തുടങ്ങാനാണ് ഒല പദ്ധതി ഇടുന്നതെന്നാണ് സൂചന. ഇത് സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടില്ല. വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഇരുചക്ര വാഹനങ്ങളെല്ലാം ഇലക്ട്രിക് കരുത്തിലുള്ളവയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാവിയില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹന ഹബ്ബാക്കി മാറ്റുന്നതിന് കൂടുതല്‍ നിക്ഷേപകര്‍ മുന്നിട്ടിറങ്ങണമെന്നും ഒലയുടെ സി.ഇ.ഒ. ഭവീഷ് അഗര്‍വാള്‍ അഭിപ്രായപ്പെട്ടു. 

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഒല കാബുകള്‍ക്കായി ഇലക്ട്രിക് കാറുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇത്തരം വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഒല ഉറപ്പാക്കുന്നുണ്ട്. ഓഗസ്റ്റ് 15-നാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിനായി കോടികള്‍ നിക്ഷേപിച്ച് തമിഴ്‌നാട്ടില്‍ ഒലയുടെ വാഹന നിര്‍മാണ പ്ലാന്റും ഒരുക്കിയിട്ടുണ്ട്.

എസ്-1, എസ്-1 പ്രോ എന്നീ രണ്ട് വേരിയന്റുകളിലാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ എത്തിയിട്ടുള്ളത്. ഈ ഇലക്ട്രിക് സ്‌കൂട്ടറിന് യഥാക്രമം 99,999 രൂപയും 1.29 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. എസ്-1 പ്രോയാണ് ഒല സ്‌കൂട്ടര്‍ നിരയിലെ ഉയര്‍ന്ന വകഭേദം. 90 കിലോമീറ്റര്‍ പരമാവധി വേഗത എടുക്കാന്‍ കഴിയുന്ന എസ്-1 വേരിന്റിന് 121 കിലോമീറ്റര്‍ റേഞ്ചും 115 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള എസ്-1 പ്രോയിക്ക് 181 കിലോമീറ്റര്‍ റേഞ്ചുമാണുള്ളത്.

8.5 കിലോവാട്ട് പവറും 58 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് രണ്ട് വേരിയന്റിന്റേയും ഹൃദയം. എന്നാല്‍, എസ്1-ല്‍ 2.98 kWh ബാറ്ററി പാക്കും എസ്-1 പ്രോയില്‍ 3.97 kWh ബാറ്ററി പാക്കുമാണ് നല്‍കിയിട്ടുള്ളത്. എസ്-1 പ്രോ കേവലം മൂന്ന് സെക്കന്റില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമ്പോള്‍ എസ്-1, 3.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 

Content Highlights: Ola Electric To Start Electric Car In 2023