ന്നോവ ക്രിസ്റ്റയെ എതിരിടാന്‍ രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ കഴിഞ്ഞ മാസം നിരത്തിലെത്തിച്ച എസ്.യു.വി ഹെക്‌സ ഇനി ഓണ്‍ലൈന്‍ വഴിയും ബുക്ക് ചെയ്യാം. നിരത്തിലെത്തി ചുരുങ്ങിയ കാലയളവില്‍ 6000 ഓര്‍ഡറുകള്‍ പിന്നിട്ട ഹെക്‌സയെ Tata.CLiQ .com എന്ന ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് വഴിയാണ് ടാറ്റ മോട്ടോര്‍സ് ഓണ്‍ലൈന്‍ വിപണന രംഗത്തേക്ക് എത്തിച്ചത്. കൂടുതല്‍ യുവാക്കളെ ലക്ഷ്യമിട്ടാണ് ഓണ്‍ലൈന്‍ മേഖലയില്‍ ബുക്കിങ് ആരംഭിക്കാന്‍ കമ്പനി തീരുമാനിച്ചത്. ടാറ്റയുടെ പുതിയ ഇംപാക്ട് ഡിസൈന്‍ പാറ്റേണില്‍ ടിയാഗോയ്ക്ക് ശേഷം നിരത്തിലെത്തിയ ഹെക്‌സയ്ക്ക് 11.99 ലക്ഷമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. 

XE, XM, XMA, XT, XTA, XT 4X4 എന്നീ ആറ് വേരിയന്റുകളിലാണ് ഹെക്‌സ വിപണിയിലുള്ളത്. പതിവ് ടാറ്റ വാഹനങ്ങളില്‍നിന്ന് വ്യത്യസ്തനായ ഹെക്സ കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ പുറത്തിറക്കാന്‍ കമ്പനി തീരുമാനിച്ചിരുന്നെങ്കിലും 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്കുള്ള സുപ്രീം കോടതിയുടെ നിരോധന ഉത്തരവ് കാരണം പിന്നീട് നീട്ടിവയ്ക്കുകയായിരുന്നു. ടാറ്റ ശ്രേണിയില്‍ ഇടക്കാലത്ത് നിര്‍മാണം നിര്‍ത്തിയ ആര്യയ്ക്ക് പകരക്കാരനാണ് ഹെക്‌സ. എന്നാല്‍ സ്റ്റൈലിലും ഫീച്ചറിലും ഡ്രൈവിലുമെല്ലാം ആര്യയെക്കാള്‍ ഒരു പടി മുന്നിലാണ്. പുതിയ ടാറ്റാ ഗ്രില്ലും എയര്‍ ഡാമും ബ്രഷ്ഡ് അലൂമിനിയം സ്‌ട്രൈപ്പുകളും പരമ്പരാഗത ടാറ്റ മുഖത്തില്‍ നിന്ന് ഹെക്‌സയ്ക്ക് മാറ്റം നല്‍കുന്നത്. 

Tata Hexa

മൂന്നിലും നടുവിലും ക്യാപ്റ്റന്‍ സീറ്റുകള്‍ സഹിതം ആറ്/ഏഴ് സീറ്റ് ഓപ്ഷനുള്ള ഹെക്സയയ്ക്ക്  2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് കരുത്തേകുക. എന്‍ട്രി ലെവല്‍ വേരിയന്റ് XE,  5  സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ 148 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും നല്‍കും. മറ്റ് വകഭേദങ്ങളെല്ലാം 6 സ്പീഡ് ട്രാന്‍സ്മിഷനില്‍ 154 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമേകും. സുരക്ഷ ശക്തമാക്കാന്‍ ആറ് എയര്‍ബാഗിനൊപ്പം എബിഎസ് (ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം), ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവ ഹെക്‌സയില്‍ ടാറ്റ നല്‍കിയിട്ടുണ്ട്.