പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കാനുള്ള വിവിധ പദ്ധതികളാണ് ഇന്ത്യയില്‍ ഒരുങ്ങിയിട്ടുള്ളത്. ഇതിനൊപ്പം തന്നെ പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങള്‍ ഇലക്ട്രിക് കരുത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ച പരീക്ഷണങ്ങളും കാര്യക്ഷമമായി നടക്കുന്നുണ്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത്‌വേ മോട്ടോര്‍സ്‌പോര്‍ട്‌സ് ഇതിനുള്ള സംവിധാനം ഒരുക്കിയതായാണ് സൂചന.

മുമ്പും മറ്റ് വാഹനങ്ങള്‍ ഇലക്ട്രിക്കിലേക്ക് മാറുന്നതിനുള്ള സംവിധാനങ്ങള്‍ പല കമ്പനികളും ഒരുക്കിയിട്ടുണ്ട്. എന്നാല്‍, മാരുതിയുടെ ഡിസയര്‍ ഹാച്ച്ബാക്ക് ഇലക്ട്രിക്കിലേക്ക് മാറ്റുന്നതിനുള്ള ഇലക്ട്രിക്ക് കിറ്റാണ് നോര്‍ത്ത്‌വേ ഒരുക്കിയിട്ടുള്ളത്. പെട്രോള്‍-ഡീസല്‍ കാറുകള്‍ ഇലക്ട്രിക്കിലേക്ക് മാറുന്നതിനൊപ്പം ഇതിന് നിയമസാധുതയും ഉറപ്പാക്കിയിട്ടുണ്ടെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. വാഹനം ഇലക്ട്രിക്കിലേക്ക് മാറിയ ശേഷം മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ആര്‍.സിയില്‍ ഇത് രേഖപ്പെടുത്താം.

സെഡാന്‍ വാഹനങ്ങള്‍ക്കായി ആദ്യമായി ഒരുങ്ങുന്ന ഇലക്ട്രിക്ക് കിറ്റാണിതെന്നാണ് നോര്‍ത്ത്‌വേ അവകാശപ്പെട്ടിരിക്കുന്നത്. ഇതൊരു പ്ലഗ് ആന്‍ഡ് പ്ലേ കിറ്റാണെന്നാണ് നോര്‍ത്ത്‌വേയുടെ മേധാവിയായ ഹേമാങ്ക് ദാബാഡെ അഭിപ്രായപ്പെടുന്നത്. വാഹനത്തിലെ പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ നീക്കിയാല്‍ നിസാരമായി ഇലക്ട്രിക് സംവിധാനം വാഹനത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുമെന്നും, മാരുതി സുസുക്കി ഡിസയറിലാണ് ഇത് പരീക്ഷിച്ചിട്ടുള്ളതെന്നുമാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്.

ഡ്രൈവ് EZ, ട്രാവല്‍ E.Z. എന്നീ രണ്ട് മോഡല്‍ ഇലക്ട്രിക് കിറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ ഡ്രൈവ് EZ കിറ്റില്‍ ഒരു തവണ ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കും. സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മണിക്കൂറില്‍ ബാറ്ററി നിറയും. ട്രാവല്‍ EZ കിറ്റില്‍ ഒറ്റത്തവണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. എട്ട് മുതല്‍ പത്ത് മണിക്കൂര്‍ വരെയാണ് ഈ ഇലക്ട്രിക് കിറ്റിലെ ബാറ്ററി നിറയാന്‍ ആവശ്യമായ സമയം. 

ഇലക്ട്രിക് കിറ്റ് നല്‍കുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് പരമാവധി 140 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാം. അതേസമയം, വാണിജ്യ വാഹനങ്ങള്‍ക്ക് 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാനാണ് അനുമതിയുള്ളത്. നോര്‍ത്ത്‌വേ വികസിപ്പിച്ചിട്ടുള്ള ഇലക്ട്രിക് കിറ്റിനൊപ്പം ഫാസ്റ്റ് ചാര്‍ജിങ്ങ് സംവിധാനം ഒരുക്കിയിട്ടില്ലെന്നും ഇത് വൈകാതെ തന്നെ അവതരിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും കമ്പനി മേധാവി ഹേമാങ്ക് ദാബാഡെ അറിയിച്ചിട്ടുണ്ട്.

ജി.എസ്.ടി. ഉള്‍പ്പെടെ അഞ്ച് മുതല്‍ ആറ് ലക്ഷം രൂപ വരെയാണ് ഇലക്ട്രിക് കിറ്റിന് നിശ്ചയിച്ചിട്ടുള്ള വില. നോര്‍ത്ത്‌വേയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 25,000 രൂപ അഡ്വാന്‍സ് തുക നല്‍കി ഈ കിറ്റ് ബുക്കുചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ബുക്ക് ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന ക്രമത്തില്‍ ആറ് മാസത്തിനുള്ളില്‍ ഇത് ലഭ്യമാക്കുമെന്നും നിലവില്‍ 500 എണ്ണത്തിന്റെ നിര്‍മാണം മാത്രമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നും നോര്‍ത്ത്‌വേ അറിയിച്ചിട്ടുണ്ട്.

Source: Cartoq

Content Highlights: Northway Motor Sports Develops Electric Kit For Maruti Suzuki Dzire