ടെസ്ല മോഡൽ 3 | Photo: Tesla Inc
വൈദ്യുതകാറുകള്‍ ഇറക്കുമതിചെയ്യുന്നതിന് ഈടാക്കുന്ന തീരുവ കുറയ്ക്കാന്‍ നിലവില്‍ പദ്ധതിയൊന്നുമില്ലെന്ന് കേന്ദ്ര ഘനവ്യവസായ സഹമന്ത്രി കൃഷന് പാല് ഗുര്‍ജാര്‍ വ്യക്തമാക്കി. വിദേശത്ത് നിന്നെത്തുന്ന വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തല്‍.
അമേരിക്കന്‍ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്ല തുടക്കത്തില്‍ ഇന്ത്യയിലേക്ക് വൈദ്യുതകാര്‍ പൂര്‍ണമായി ഇറക്കുമതിചെയ്യാനാണ് പദ്ധതിയിട്ടിട്ടുള്ളത്. ഇതിനായി തീരുവയില്‍ ഇളവാവശ്യപ്പെട്ട് കമ്പനി കേന്ദ്ര ഗതാഗതമന്ത്രാലയത്തിന് കത്തയച്ചിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
വാഹന വ്യവസായവുമായി ബന്ധപ്പെട്ടുള്ള നയതീരുമാനങ്ങള്‍ എടുക്കുന്നത് കേന്ദ്ര ഘനവ്യവസായ മന്ത്രാലയമാണ്. ഇറക്കുമതിത്തീരുവ കുറയ്ക്കില്ലെന്നും എന്നാല്‍, ആഭ്യന്തരനികുതി കുറച്ചും കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരുക്കിയും വൈദ്യുത വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ ടെസ്ലയുടെ വാഹനങ്ങള്‍ എത്തിക്കാനുള്ള ഒരുക്കങ്ങള്‍ കമ്പനി പൂര്‍ത്തിയാക്കിയതായും എന്നാല്‍, രാജ്യം ഈടാക്കുന്ന ഇറക്കുമതി തീരുവ താങ്ങാവുന്നതിലും അപ്പുമറാണെന്നുമായിരുന്നു ടെസ്ലയുടെ മേധാവി ഇലോണ്‍ മസ്ക് ട്വിറ്ററില്‍ കുറിച്ചത്. ഇതിനുപിന്നാലെ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തുന്ന വാഹനങ്ങളില്‍ 40,000 ഡോളറില്‍ താഴെ വില വരുന്നവയുടെ നികുതി 60 ശതമാനത്തില്‍ നിന്ന് 40 ശതമാനം ആക്കി കുറയ്ക്കണമെന്നായിരുന്നു ടെസ്ല കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വെച്ച പ്രധാന ആവശ്യം. നികുതി കുറയ്ക്കുന്നത് ഭാവിയില്‍ സര്‍ക്കാരിന് നേട്ടമുണ്ടാക്കുമെന്നും ടെസ്ല അറിയിച്ചിരുന്നു.
Content Highlights: No Reduction In Import Duty; Central Government Denies Tesla's Demand
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..