പ്രതീകാത്മക ചിത്രം | Photo: Facebook|Ford Canada
ഇന്ത്യയില്‍ വൈദ്യുതവാഹനങ്ങള് നിര്‍മിക്കാനുള്ള പദ്ധതിയില്‍നിന്ന് പിന്മാറി അമേരിക്കന്‍ കാര്‍നിര്‍മാതാക്കളായ ഫോര്‍ഡ്. കമ്പനിയുടെ ഇന്ത്യന്‍ മാനേജ്മെന്റ് ചെന്നൈയിലെ നിര്‍മാണശാലയിലെ ജീവനക്കാരെ അറിയിച്ചതാണിക്കാര്യം. ആഗോള വിപണിക്കായി പി.എല്‍.ഐ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൈദ്യുതവാഹനങ്ങള് ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റി അയക്കാനായിരുന്നു കമ്പനിയുടെ പദ്ധതി. ഇതനുസരിച്ച് വൈദ്യുതവാഹനമേഖലയില്‍ ഉത്പാദന അനുബന്ധ പദ്ധതിയില്‍ (പി.എല്‍.ഐ.) സര്‍ക്കാര്‍ അംഗീകരിച്ച 20 കമ്പനികളുടെ പട്ടികയില്‍ ഫോര്‍ഡും ഉള്‍പ്പെട്ടിരുന്നു.
പുതിയ സാഹചര്യത്തില്‍ പി.എല്‍.ഐ. പദ്ധതിയില്‍നിന്ന് കമ്പനി പിന്മാറും. കയറ്റുമതിക്കായി ഇന്ത്യന്‍ ഫാക്ടറികളില്‍ ഉത്പാദനം നടത്തുന്ന പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നില്ല. പി.എല്‍.ഐ. പദ്ധതിയില്‍ ഫോര്‍ഡിന്റെ അപേക്ഷ പരിഗണിച്ചതിന് സര്‍ക്കാരിന് നന്ദി അറിയിക്കുന്നതായും ഫോര്‍ഡ് ഇന്ത്യ വക്താവ് അറിയിച്ചു. എന്നാല്‍, വിശദമായ അവലോകനത്തില്‍ കമ്പനി ലക്ഷ്യമിട്ടരീതിയില്‍ പദ്ധതി വിജയകരമാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് അറിയുന്നത്.
ഈ സാഹചര്യത്തില്‍ ഗുജറാത്തിലെ സാനന്ദിലെയും ചെന്നൈയിലെയും നിര്‍മാണശാലകള്‍ വില്‍ക്കാനുള്ള ആദ്യതീരുമാനവുമായി മുന്നോട്ടുപോകും. ഇരുഫാക്ടറികളിലെയും ഉത്പാദനം നിലവില്‍ കമ്പനി നിര്‍ത്തിയിട്ടുണ്ട്. സാനന്ദിലെ ഫാക്ടറി വില്‍ക്കുന്നതിനായി ടാറ്റ മോട്ടോഴ്സുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ചെന്നൈ നിര്‍മാണശാലയ്ക്കായി വിവിധ കമ്പനികള്‍ രംഗത്തുണ്ടെങ്കിലും ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയായിട്ടില്ല.
ഇന്ത്യയില്‍ ഏകദേശം 15,000 കോടി രൂപയുടെ നഷ്ടമുണ്ടായതായും ലാഭകരമായി പ്രവര്‍ത്തിക്കാന്‍ വഴി കാണുന്നില്ലെന്നും പറഞ്ഞാണ് ഫോര്‍ഡ് മോട്ടോഴ്സ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്ക് ഇതിന്റെപേരില്‍ വലിയവിമര്‍ശനം നേരിടേണ്ടതായും വന്നിരുന്നു. ഇന്ത്യയില്‍ തമിഴ്നാട്ടിലും ഗുജറാത്തിലുമായി ഫോര്‍ഡിന് രണ്ടുപ്ലാന്റുകളാണുള്ളത്. ഇതില്‍ വൈദ്യുതവാഹനങ്ങള് നിര്‍മിച്ച് കയറ്റുമതി ചെയ്തേക്കുമെന്നായിരുന്നു സൂചനകള്‍.
വൈദ്യുത - ഹൈഡ്രജന്‍ വാഹനങ്ങള്‍ക്കും ഘടക നിര്‍മാണത്തിനും പ്രാമുഖ്യംനല്‍കി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പി.എല്‍.ഐ. പദ്ധതിയില്‍ 20 കമ്പനികള്‍ക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. അഞ്ചുവര്‍ഷംകൊണ്ട് ആകെ 25,938 കോടി രൂപയുടെ ഇളവുകളാണ് കേന്ദ്രസര്‍ക്കാര്‍ ഈ സ്കീമില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 115 അപേക്ഷകള്‍ ഇതിനായി ലഭിച്ചെന്നും ഇതില്‍ 20 കമ്പനികള്‍ക്ക് അനുമതി നല്‍കിയെന്നുമാണ് കേന്ദ്ര ഘനവ്യവസായ മന്ത്രാലയം മുമ്പ് അറിയിച്ചിരുന്നത്.
ടാറ്റ മോട്ടോഴ്സ്, സുസുക്കി മോട്ടോര്‍ ഗുജറാത്ത്, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ, കിയ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഫോര്‍ഡ് ഇന്ത്യ, അശോക് ലെയ്ലാന്‍ഡ്, ഐഷര്‍ മോട്ടോഴ്സ്, പി.സി.എ. ഓട്ടോമൊബൈല്‍സ് ഇന്ത്യ, പിന്നാക്കിള്‍ മൊബിലിറ്റി സൊലൂഷന്‍സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോ കോര്‍പ്പ്, പിയാജിയോ, ടി.വി.എസ്. മോട്ടോര്‍ കമ്പനി എന്നിവയാണ് പട്ടികയിലുള്ള പ്രധാന കമ്പനികള്‍. വൈദ്യുതി, ഹൈഡ്രജന്‍ എന്നിവ ഇന്ധനമാക്കിയുള്ള വാഹനങ്ങളാണ് പദ്ധതിക്കുകീഴില്‍ വരിക.
Content Highlights: No electric vehicles to be manufactured in India, Ford cars, electric vehicle
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..