വിരലിലെണ്ണാവുന്ന വാഹനങ്ങള്‍ മാത്രം ഇന്ത്യന്‍ നിരത്തുകളിലെത്തിച്ചിട്ടുള്ള ജാപ്പനീസ് വാഹനനിര്‍മാതാക്കളാണ് നിസാന്‍. എന്നാല്‍, എത്തിയിട്ടുള്ള വാഹനങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചവുമായിരുന്നു. പക്ഷെ, ബിഎസ്-6 എന്ന പുതിയ മാനദണ്ഡം എത്തുന്നതോടെ നിസാന്റെ ഹാച്ച്ബാക്ക് മോഡലായ മൈക്രയും കോംപാക്ട് സെഡാന്‍ വാഹനമായ സണ്ണിയും നിരത്തൊഴിയുന്നതായി സൂചന.  

നിസാന്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഈ രണ്ടുവാഹനങ്ങളും നീക്കിയിരിക്കുകയാണ്. നിലവില്‍ കിക്‌സ്, ജിടി-ആര്‍ എന്നീ വാഹനങ്ങളുടെ വിവരങ്ങള്‍ മാത്രമാണ് നിസാന്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ളത്. വില്‍പ്പന കുറഞ്ഞ വാഹനങ്ങള്‍ ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ത്തേണ്ടതില്ലെന്ന കമ്പനിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് ഈ വാഹനങ്ങള്‍ നിര്‍ത്തുന്നത്. 

2010-ല്‍ മൈക്ര എന്ന ഹാച്ച്ബാക്കിലൂടെയാണ് നിസാന്‍ ഇന്ത്യന്‍ നിരത്തുകളിലെത്തുന്നത്. ഇതിനുപിന്നാലെ, 2014, 2017 വര്‍ഷങ്ങളില്‍ ഈ വാഹനത്തിന് തലമുറ മാറ്റവും സംഭവിച്ചിരുന്നു. ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പര്‍, തുടങ്ങിയ സാങ്കേതികവിദ്യയിലൂടെ 2017-ഓടെ മൈക്ര പ്രീമിയം വാഹനങ്ങള്‍ സമാനമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. 

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലൂമാണ് മൈക്ര പുറത്തിറങ്ങിയിരുന്നത്. പെട്രോള്‍ എന്‍ജിന്‍ 76 ബിഎച്ച്പി പവറും 104 എന്‍എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ 63 ബിഎച്ച്പി പവറും 160 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്. പെട്രോള്‍ മോഡലിനൊപ്പം സിവിടി ട്രാന്‍സ്മിഷനും ഡീസല്‍ മോഡലിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ് നല്‍കിയിരുന്നത്. 

NISSAN SUNNY

മൈക്രയ്ക്ക് തൊട്ടുപിന്നാലെ 2011-ല്‍ കോംപാക്ട് സെഡാന്‍ ശ്രേണിയിലാണ് സണ്ണി എത്തിയത്. ഈ ശ്രേണിയില്‍ ഏറ്റവും സ്‌പേഷിയസായ വാഹനം എന്നതിലുപരി നിരവധി സാങ്കേതിതവിദ്യകളുടെ അകമ്പടിയോടെയാണ് ഈ വാഹനം എത്തിയത്. ആറ് വര്‍ഷത്തെ കുതിപ്പിനുശേഷം 2017-ല്‍ സണ്ണിയും പുതുതലമുറയ്ക്ക് വഴിമാറി നല്‍കിയിരുന്നു.

1.5 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലാണ് സണ്ണി നിരത്തിലെത്തിയിരുന്നത്. സണ്ണിയിലെ പെട്രോള്‍ എന്‍ജിന്‍ 98 ബിഎച്ച്പി പവറും 134 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ ഡീസല്‍ മോഡല്‍ 85 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കുമായിരുന്നു ഉത്പാദിപ്പിച്ചിരുന്നത്. സിവിടി, അഞ്ച് സ്പീഡ് മാനുവല്‍ എന്നിവയായിരുന്നു ട്രാന്‍സ്മിഷന്‍ ഒരുക്കിയിരുന്നത്.

Source: NDTV Car and Bike

Content Highlights: No BS-6 Engine Updation; Nissan Micra and Sunny Removed From Website