ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാനില്‍ നിന്ന് പുറത്തിറങ്ങാനൊരുങ്ങുന്ന എസ്‌യുവിയാണ് ടെറ. സുരക്ഷ ഉറപ്പിക്കുന്നതിനായി നടത്തിയ ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് നേടി ശക്തമായി സുരക്ഷ ഉറപ്പിച്ചിരിക്കുകയാണ് ഈ വാഹനം.

എ.എസ്.ഇ.എ.എന്‍ റീജിണല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റിലാണ് ടെറ കരുത്തുതെളിയിച്ചത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 36-ല്‍ 32.18 പോയിന്റാണ് ടെറ നേടിയത്. ഫ്രെണ്ട് ഇംപാക്ട് ടെസ്റ്റില്‍ 16-ല്‍ 16 പോയിന്റും സൈഡ് ഇംപാക്ടില്‍ 4-ല്‍ 3.33 പോയിന്റുമാണ് നേടിയത്. 

കുട്ടികളുടെ സുരക്ഷയില്‍ 49-ല്‍ 40.74 പോയിന്റാണ് ഈ വാഹനത്തിന് ലഭിച്ചിരിക്കുന്നത്. കുട്ടികളുടെ സുരക്ഷയില്‍ ഫ്രെണ്ട് ഇംപാക്ടില്‍ 8-ല്‍ എട്ട് പോയിന്റും സൈഡ് ഇംപാക്ടില്‍ 13-ല്‍ 9.74 പോയിന്റുമാണ് ടെറ സ്വന്തമാക്കിയിട്ടുള്ളത്. 

നിസാന്റെ നവാര പിക്ക്അപ്പിന്റെ പ്ലാറ്റ്‌ഫോമിലാണ് ടെറയും നിര്‍മിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഫിലിപ്പീന്‍സ്, തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ, മ്യാന്‍മാര്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലാണ് ഈ വാഹനം വില്‍പ്പനയ്‌ക്കെത്തുന്നത്. 

2.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനിലാണ് ടെറ എത്തുന്നത്. ഇത് 188 ബിഎച്ച്പി പവറും 450 എന്‍എം ടോര്‍ക്കുമേകും. ടു വീല്‍, ഫോര്‍ വീല്‍ മോഡുകളില്‍ ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിലും ഈ വാഹനം പുറത്തിറക്കും.

Content Highlights: Nissan Terra gets 5-star safety rating from ASEAN NCAP