ഗോള വാഹന നിര്‍മാതാക്കളില്‍ ഭൂരിഭാഗവും ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ചുവടുമാറ്റം പ്രഖ്യാപിച്ച് കഴിഞ്ഞു. പൂര്‍ണമായും, ഭാഗികമായും ഇലക്ട്രിക് കരുത്തിലേക്ക് മാറാനൊരുങ്ങുന്ന കമ്പനികളില്‍ ഇനി നിസാന്റെ പേരും ചേര്‍ക്കപ്പെടും. 2030-ഓടെ 50 ശതമാനം വാഹനങ്ങള്‍ ഇലക്ട്രിക് കരുത്തിലേക്ക് മാറുമെന്നാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് നിസാന്റെ ഇലക്ട്രിക് നയം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായിട്ടുള്ളത്.

ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ വലിയ ഭാവി പദ്ധതികളാണ് നിസാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 15 ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ 23 വാഹനങ്ങളാണ് അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ നിരത്തിലെത്തിക്കാന്‍ നിസാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നിസാന്റെ മൊത്ത വില്‍പ്പനയുടെ 10 ശതമാനം ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ സംഭാവനയാണെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക ലക്ഷ്യത്തിന്റെ ചുവടുവയ്പ്പായാണ് ഈ നീക്കം വിശേഷിപ്പിക്കുന്നത്. 

കോവിഡ്-19 വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ വില്‍പ്പന ഇടിവില്‍നിന്ന് നിസാന്‍ കരകയറിയിട്ടുണ്ടെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ആഗോളതലത്തില്‍ ചിപ്പ് ക്ഷാമം വാഹന നിര്‍മാണത്തെ ബാധിച്ചിരുന്നെങ്കിലും ഈ കാലയളവിലും നിസാന് മികച്ച വില്‍പ്പന കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ പ്രഖ്യാപനത്തോടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കരുത്തുറ്റതാകുമെന്നാണ് നിസാന്റെ പ്രതീക്ഷ. 

2030-ഓടെ പരമ്പരാഗത ഇന്ധനങ്ങളിലോടുന്ന വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്നും പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറുമെന്നുമാണ് വോള്‍വോ അറിയിച്ചിരിക്കുന്നത്. അതുപോലെ 2040-ഓടെ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമെന്ന് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ടയും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 2030-ഓടെ യൂറോപ്പില്‍ വില്‍ക്കുന്ന എല്ലാം വാഹനങ്ങളും ഇലക്ട്രിക് അല്ലെങ്കില്‍ ഹൈബ്രിഡ് ആയിരിക്കുമെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്. 

2030-ഓടെ 50 ശതമാനം വാഹനങ്ങള്‍ ഇലക്ട്രിക് ആകുന്നതിന് പുറമെ, 2026 ആകുന്നതോടെ യൂറോപ്പിലെ വില്‍പ്പനയുടെ 75 ശതമാനം ഇലക്ട്രിക് കാറുകള്‍ ആക്കുമെന്നതാണ് നിസാന്റെ മറ്റൊരു പദ്ധതി. വൈദ്യുതി വാഹനങ്ങളുടെ നിര്‍മാണത്തിനും മറ്റുമായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 17.5 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമായിരിക്കും നിസാന്‍ നടത്തുകയെന്നാണ് അറിയിച്ചിട്ടുള്ളത്. 2028-ഓടെ ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുമെന്നും നിസാന്‍ ഉറപ്പുനല്‍കുന്നു.

Content Highlights: Nissan Plans 50 Percent Electric Vehicle Sales By 2030, Nissan Electric Cars, Electric vehicles