ഏറ്റവും വില കുറഞ്ഞ കോംപാക്ട് എസ്.യു.വി. എന്ന ഖ്യാതിയുമായി വിപണിയില്‍ എത്താനൊരുങ്ങുന്ന നിസാന്റെ മാഗ്‌നൈറ്റിന് മികച്ച പ്രതികരണം. അവതരിപ്പിച്ച് അഞ്ച് ദിവസം പിന്നിട്ടതോടെ 5000 ബുക്കിങ്ങാണ് ഈ വാഹനത്തിന് ലഭിച്ചിരിക്കുന്നത്. ഇതിനുപുറമെ, ഏകദേശം 50,000-ത്തില്‍ അധികം ആളുകള്‍ ഈ വാഹനത്തെ കുറിച്ച് അന്വേഷിച്ചതായി നിസാന്‍ ഇന്ത്യ അറിയിച്ചു.
ബുക്കിങ്ങില്‍ 60 ശതമാനവും ഉയര്‍ന്ന പതിപ്പായ XV, XV പ്രീമിയം എന്നീ രണ്ട് വേരിയന്റുകള്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ഇതില്‍ 30 ശതമാനം ആളുകളും ഓട്ടോമാറ്റിക് വകഭേദമായ സി.വി.ടിയാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നും നിസാന്‍ വ്യക്തമാക്കി. നിസാന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് 40 ശതമാനം ബുക്കിങ്ങും എത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാല് വേരിയന്റുകളില്‍ 20 ഗ്രേഡുകളായാണ് നിസാന്‍ മാഗ്‌നൈറ്റ് വിപണിയില്‍ എത്തുന്നത്. 4.99 ലക്ഷം രൂപ മുതല്‍ 9.35 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള വില ഡിസംബര്‍ 31 വരെ വാഹനം ബുക്കുചെയ്യുന്നവര്‍ക്കാണ്. XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളിലാണ് ഈ വാഹനം എത്തുന്നത്.
നിസാന്‍-റെനോ കൂട്ടുകെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്‌ഫോമിലാണ് മാഗ്‌നൈറ്റ് ഒരുങ്ങുന്നത്. നിസാന്‍ കിക്ക്‌സുമായി ഡിസൈന്‍ സാമ്യമുള്ള മോഡലാണ് മാഗ്‌നൈറ്റ്. മസ്‌കുലര്‍ ഭാവമുള്ള ഗ്രില്ല്, എല്‍.ഇ.ഡി ഹെഡ്ലാമ്പ്, എല്‍-ഷേപ്പ് എല്‍.ഇ.ഡി ഡി.ആര്‍.എല്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, പ്രൊജക്ഷന്‍ ഫോഗ് ലാമ്പ് എന്നിവയാണ് മുന്‍വശം സ്‌റ്റൈലിഷാക്കുന്നത്.
സെഗ്മെന്റിലെ ബെസ്റ്റ് ഫീച്ചറുകള്‍ ഇന്റീരിയറില്‍ നല്‍കുമെന്ന് മുമ്പുതന്നെ നിസാന്‍ അറിയിച്ചിരുന്നു. ഇതില്‍ ഏറ്റവുമാകര്‍ഷകം ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററാണ്. വിവിധ മൂഡ് കളറില്‍ നല്‍കിയിട്ടുള്ള ഏഴ് ഇഞ്ച് ഡിജിറ്റല്‍ ഇതിലെ മീറ്റര്‍. എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ ഡിസൈനിലുള്ള ഡാഷ്ബോര്‍ഡ്, മികച്ച സീറ്റുകള്‍ എന്നിവയും അകത്തളത്തെ ആകര്‍ഷകമാക്കും.
71 ബി.എച്ച്.പി പവറും 96 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനിലും, 99 ബി.എച്ച്.പി പവറും 160 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമാണ് മാഗ്നൈറ്റിന് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാനുവലും സി.വി.ടിയുമായിരിക്കും ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുക.
Content Highlights: Nissan Magnite Gets 5000 Bookings and 50,000 Enquires In Five Days