നിസാൻ മാഗ്നൈറ്റ് | Photo: Nissan India
നിസാന്‍ മാഗ്നൈറ്റിന്റെ എല്ലാ വേരിയന്റുകള്‍ക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ പ്രാരംഭ വില തുടരും. നേരത്തെ വാഹനം വിപണിയിലിറക്കിയതിന്റെ ഭാഗമായി ഡിസംബര്‍ 31 വരെയായിരുന്നു ഇന്‍ട്രൊഡക്ടറി വില നിശ്ചയിച്ചിരുന്നത്. നിസാന്‍ മാഗ്നൈറ്റ് വിപണിയിലെത്തി ഒരു മാസത്തിനകം 32,800 ബുക്കിങ് ലഭിച്ചതായും 1,80,000-ത്തോളം അന്വേഷണങ്ങള്‍ വന്നതായും കമ്പനി അറിയിച്ചു.
മാഗ്നൈറ്റിന്റെ ബുക്കിങ്ങ് ഉയര്‍ന്നതോടെ വാഹനത്തിന്റെ ഡെലിവറി കാലാവധി കുറയ്ക്കുന്നതിനായി നിര്‍മാണ പ്ലാന്റില്‍ മൂന്നാമതൊരു ഷിഫ്റ്റ് കൂടി ഉള്‍പ്പെടുത്തി നിര്‍മാണ ശേഷി വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് നിസാന്‍. ഇതിന്റെ ഭാഗമായി 1,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഇതിനുപുറമെ നിസാന്‍ ഡീലര്‍ഷിപ്പിലും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് നിസ്സാന്‍ മോട്ടോര്‍ കമ്പനി സി.ഒ.ഒ. അശ്വിനി ഗുപ്ത പറഞ്ഞു.
ഡിസംബര്‍ 31-ന് 5000 ആളുകളാണ് മാഗ്നൈറ്റ് ബുക്ക് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ജനുവരി ഒന്നാം തീയതിയോടെ വില ഉയരുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്നാണ് 2020-ലെ അവസാന ദിവസം ആളുകള്‍ ബുക്ക് ചെയ്യാന്‍ ഇരച്ചെത്തിയത്. ഈ വാഹനത്തിന് ലഭിച്ച ബുക്കിങ്ങിലെ സിംഹഭാഗവും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ് ലഭിച്ചത്. പുതിയ കണക്ക് അനുസരിച്ച് പ്രതിദിനം 1000 ബുക്കിങ്ങുകളാണ് മാഗ്നൈറ്റിന് ലഭിക്കുന്നത്.
10 ലക്ഷത്തിനുള്ളില്‍ ലഭിക്കുന്ന എല്ലാം തികഞ്ഞ കോംപാക്ട് എസ്.യു.വി എന്നതാണ് ഈ വാഹനത്തിന്റെ പ്രധാന ഹൈലൈറ്റ്. എന്നാല്‍, എതിരാളികള്‍ നല്കുന്ന എല്ലാ ഫീച്ചറുകളും ഇതിലുമുണ്ട്. വയര്‍ലെസ് ചാര്‍ജര്‍, എയര്‍ പ്യൂരിഫയര്‍, മൂഡ് ലൈറ്റിങ്, പാഡില്‍ ലാമ്പ്, ഹൈ-എന്‍ഡ് സ്പീക്കര്‍ എന്നിവ ഉള്‍പ്പെടുന്ന ടെക്ക് പാക്കും നിസാന്‍ മാഗ്നൈറ്റില്‍ ലഭ്യമാണ്. ഇതിനൊപ്പം സുരക്ഷയില്‍ ഈ വാഹനം കരുത്ത് തെളിയിച്ചിട്ടുണ്ട്.
XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളില്‍ 20 ഗ്രേഡുകളായാണ് നിസാന്‍ മാഗ്നൈറ്റ് വിപണിയില്‍ എത്തിയിരിക്കുന്നത്. 5.49 ലക്ഷം രൂപ മുതല്‍ 9.59 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില. നിസാന്‍-റെനോ കൂട്ടുകെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്ഫോമിലാണ് മാഗ്നൈറ്റ് ഒരുങ്ങുന്നത്. നിസാന്‍ കിക്ക്സുമായി ഡിസൈന്‍ സാമ്യമുള്ള മോഡലാണ് മാഗ്നൈറ്റ്.
71 ബി.എച്ച്.പി പവറും 96 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനിലും, 99 ബി.എച്ച്.പി പവറും 160 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമാണ് മാഗ്നൈറ്റിന് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാനുവലും സി.വി.ടിയുമായിരിക്കും ഇതില്‍ ട്രാന്സ്മിഷന് നിര്‍വഹിക്കുക. രണ്ട് എയര്‍ബാഗും എ.ബി.എസ്, ഇ.ബി.ഡി. സുരക്ഷ ഫീച്ചറുകളും സ്റ്റാന്റേഡായി നല്‍കുന്നുണ്ട്.
Content Highlights: Nissan Magnite Continues The Introductory Price
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..