നിസാൻ മാഗ്നൈറ്റ് കൺസെപ്റ്റ് | Photo: asia.nissan-cdn.net
ഇന്ത്യയുടെ കോംപാക്ട് എസ്.യു.വി. ശ്രേണിയിലെ മത്സരത്തിന് ആക്കം കൂട്ടാന്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ എത്തിക്കാനൊരുങ്ങുന്ന പുതിയ മോഡലാണ് മാഗ്നൈറ്റ്. 2021-ന്റെ തുടക്കത്തില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഈ വാഹനം അല്‍പ്പം മുമ്പെ എത്തിയേക്കുമെന്നാണ് സൂചന. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ ഈ വാഹനം എത്തിയേക്കും.
റെനോയുടെ ട്രൈബറിന് അടിസ്ഥാനമൊരുക്കുന്ന സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്ഫോമിലാണ് മാഗ്നൈറ്റ് ഒരുങ്ങുന്നത്. കണ്‍സെപ്റ്റ് മോഡല്‍ അനുസരിച്ച് നിസാന്‍ കിക്സുമായി സാമ്യമുള്ള ഡിസൈനാണ് മാഗ്നൈറ്റിലുമുള്ളത്. സ്ലീക്ക് എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ ഷേപ്പിലുള്ള ഡിആര്‍എല്‍, ക്രോമിയം സ്റ്റഡുകള്‍ പതിച്ച ഗ്രില്ല്, എന്നിവയാണ് മുന്‍വശത്തെ ആകര്‍ഷകമാക്കുന്നത്.
ബ്ലാക്ക് ഫിനീഷിങ്ങ് വീല്‍ ആര്‍ച്ച്, ഡോറിലൂടെ നീളുന്ന ക്ലാഡിങ്ങ്, മസ്കുലര്‍ ഭാവമുള്ള അലോയി വീല്‍ എന്നിവ കണ്‍സെപ്റ്റ് മോഡലിന്റെ വശങ്ങള്‍ക്ക് അഴകേകുന്നു. ബോഡിയിലും ഹാച്ച്ഡോറിലുമായുള്ള എല്‍ഇഡി ടെയ്ല്‍ലാമ്പും ഡ്യുവല്‍ ടോണ്‍ ഫിനീഷിങ്ങില്‍ പ്ലാസിറ്റിക് ക്ലാഡിങ്ങുകള്‍ നല്‍കിയുള്ള റിയര്‍ ബംമ്പറും പിന്‍ഭാഗത്തെ സ്പോട്ടിയാക്കുന്നു.
കോംപാക്ട് എസ്.യു.വി. ശ്രേണിയിലെ കടുത്ത മത്സരത്തെ അതിജീവിക്കുന്നതിനായി അല്‍പ്പം സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ ഇന്റീരിയറില്‍ നല്‍കുമെന്നാണ് വിവരം. ഇതിനുപുറമെ, എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ക്രൂയിസ് കണ്ട്രോള്, കണക്ടഡ് കാര്‍ ഫീച്ചറുകള്‍ എന്നിവയും മാഗ്നൈറ്റിന്റെ അകത്തളത്തെ സമ്പന്നമാക്കും.
റെനോ ട്രൈബറിന് കരുത്തേകുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും മാഗ്നൈറ്റിന്റെയും ഹൃദയം. ഇത് 71 ബിഎച്ച്പി പവറും 96 എന്‍എം ടോര്‍ക്കുമേകും. അതേസമയം, മാഗ്നൈറ്റിലെ ഉയര്‍ന്ന വേരിയന്റില്‍ 99 ബിഎച്ച്പി പവറും 160 എന്‍എം ടോര്‍ക്കും നല്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനും നല്‍കിയേക്കും. അഞ്ച് സ്പീഡ് മാനുവല്‍, സിവിടി ട്രാന്സ്മിഷനുകള് ഇതില്‍ നല്‍കും.
ആഗോള നിരത്തുകളിലേക്കുമുള്ള മാഗ്നൈറ്റ് എസ്.യു.വി. ഇന്ത്യയില്‍ നിര്‍മിക്കാനാണ് നിസിന്റെ തീരുമാനം. ഇന്ത്യയില്‍ മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോണ്‍, ഫോര്‍ഡ് ഇക്കോസ്പോട്ട്, മഹീന്ദ്ര എക്സ്യുവി 300, കിയ സോണറ്റ് എന്നീ വാഹനങ്ങളുമായായിരിക്കും മാഗ്നൈറ്റ് ഏറ്റുമുട്ടേണ്ടി വരിക.
Source: Team BHP
Content Highlights: Nissan Magnite Compact SUV To Be Launch On December
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..