നിസാൻ മാഗ്നൈറ്റ് | Photo: Nissan India
ഇന്ത്യന്‍ നിരത്തില്‍ പുതിയൊരു അങ്കത്തിനുള്ള ഒരുക്കത്തിലാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍. ഇതിന്റെ ആദ്യ ചുവടുവയ്പ്പായി ഏറ്റവുമധികം എതിരാളികള്‍ മത്സരിക്കുന്ന കോംപാക്ട് എസ്.യു.വി ശ്രേണിയില്‍ മാഗ്നൈറ്റ് എന്ന മോഡല്‍ എത്തിച്ചിരിക്കുകയാണ്. എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന വില കുറവില്‍ മികച്ച ഫീച്ചറുകളുമായാണ് ഈ വാഹനം എത്തിയിട്ടുള്ളത്.
ഞെട്ടിപ്പിക്കുന്ന വില കുറവ് എന്നത് ഭംഗിവാക്കല്ല. നാല് വേരിയന്റുകളില്‍ 20 ഗ്രേഡുകളില്‍ ലഭ്യമാക്കുന്ന മാഗ്നൈറ്റിന് 4.99 ലക്ഷം രൂപ മുതല്‍ 9.35 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. മാഗ്നൈറ്റിന്റെ പിറവിയോടെ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാവുന്ന കോംപാക്ട് എസ്.യു.വി എന്ന വിശേഷണം നിസാന്റെ ഈ കുഞ്ഞന്‍ മോഡലിനാണ്.
XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളിലാണ് ഈ വാഹനം എത്തുന്നത്. എന്നാല്‍, ഫീച്ചറുകളുടെയും എന്‍ജിന്റെയും ട്രാന്‍സ്മിഷന്റെയും അടിസ്ഥാനത്തില്‍ 20 വിഭാഗങ്ങളായി ഈ വാഹനം നിരത്തുകളില്‍ എത്തുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള വില ഡിസംബര്‍ 31 വരെ വാഹനം ബുക്കുചെയ്യുന്നവര്‍ക്കാണ്. ഇതിനുശേഷം വിലയില്‍ മാറ്റമുണ്ടാകും.
നിസാന്‍-റെനോ കൂട്ടുകെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്ഫോമിലാണ് മാഗ്നൈറ്റ് ഒരുങ്ങുന്നത്. നിസാന്‍ കിക്ക്സുമായി ഡിസൈന്‍ സാമ്യമുള്ള മോഡലാണ് മാഗ്നൈറ്റ്. മസ്കുലര്‍ ഭാവമുള്ള ഗ്രില്ല്, എല്‍.ഇ.ഡി ഹെഡ്ലാമ്പ്, എല്‍-ഷേപ്പ് എല്‍.ഇ.ഡി ഡി.ആര്.എല്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, പ്രൊജക്ഷന് ഫോഗ് ലാമ്പ് എന്നിവയാണ് മുന്‍വശം സ്റ്റൈലിഷാക്കുന്നത്.
16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലും ബ്ലാക്ക് വീല്‍ ആര്‍ച്ചും,, ഡോറിലൂടെ നീളുന്ന ക്ലാഡിങ്ങുമാണ് വശങ്ങളില് നല്‍കിയിട്ടുള്ളത്. പുതുമയുള്ള ഡിസൈനിലാണ് പിന്‍വശം ഒരുങ്ങിയിട്ടുള്ളത്. വലിയ ടെയില്‍ ലാമ്പുകള്‍, സ്കിഡ് പ്ലേറ്റ് നല്കിയ ഡ്യുവല്‍ ടോണ്‍ ബംമ്പര്‍ എന്നിവ പിന്‍വശത്തെയും ആകര്‍ഷകമാക്കും.
സെഗ്മെന്റിലെ ബെസ്റ്റ് ഫീച്ചറുകള്‍ ഇന്റീരിയറില്‍ നല്‍കുമെന്ന് മുമ്പുതന്നെ നിസാന്‍ അറിയിച്ചിരുന്നു. ഇതില്‍ ഏറ്റവുമാകര്‍ഷകം ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററാണ്. വിവിധ മൂഡ് കളറില്‍ നല്‍കിയിട്ടുള്ള ഏഴ് ഇഞ്ച് ഡിജിറ്റല്‍ ഇതിലെ മീറ്റര്‍. എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ ഡിസൈനിലുള്ള ഡാഷ്ബോര്‍ഡ്, മികച്ച സീറ്റുകള്‍ എന്നിവയും അകത്തളത്തെ ആകര്‍ഷകമാക്കും.
71 ബി.എച്ച്.പി പവറും 96 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനിലും, 99 ബി.എച്ച്.പി പവറും 160 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമാണ് മാഗ്നൈറ്റിന് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാനുവലും സി.വി.ടിയുമായിരിക്കും ഇതില്‍ ട്രാന്സ്മിഷന് നിര്‍വഹിക്കുക.
Content Highlights; Nissan Magnite Compact SUV Launched In India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..