നിസാന്‍ എന്ന ആഗോള ബ്രാന്റിന്റെ ഇന്ത്യയിലെ ഭാവി പോലും നിര്‍ണയിക്കാന്‍ പോകുന്ന വാഹനമാണ് മാഗ്‌നൈറ്റ് എന്ന പുതിയ മോഡല്‍. ഇന്ത്യയില്‍ അതിവേഗം വളരുന്ന കോംപാക്ട് എസ്.യു.വി. ശ്രേണിയില്‍ എത്തിയ ഈ വാഹനം സൂപ്പര്‍ഹിറ്റിലേക്കാണ് കുതിക്കുന്നത്. പ്രതിദിനം ശരാശരി 1000 ബുക്കിങ്ങുകള്‍ ലഭിക്കുന്ന ഈ വാഹനത്തിന്റെ 2021-ലെ മോഡലുകളും വിറ്റുത്തീര്‍ന്നോ എന്നാണ് ആരാധകരുടെ ചോദ്യം.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ് ഈ വാഹനത്തിന് ഏറ്റവുമധികം ബുക്കിങ്ങ് ലഭിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 31-ന് മാത്രം രാജ്യത്തുടനീളം 5000 ആളുകളാണ് മാഗ്‌നൈറ്റ് ബുക്ക് ചെയ്തത്. ജനുവരി ഒന്ന് മുതല്‍ വിലയില്‍ മാറ്റമുണ്ടാകുമെന്ന് അവതരണ വേളയില്‍ നിസാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിസംബര്‍ മാസത്തില്‍ വലിയ ബുക്കിങ്ങ് നേടാനായതെന്നാണ് നിര്‍മാതാക്കളുടെ വിലയിരുത്തല്‍.
അഞ്ച് ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപയില്‍ ലഭിക്കുന്ന എസ്.യു.വി. എന്നതിലുപരി ഈ സെഗ്‌മെന്റിലെ എതിരാളികള്‍ നല്‍കുന്ന എല്ലാ ഫീച്ചറുകളും ഈ വാഹനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വാഹന പ്രേമികളെ ആകര്‍ഷിക്കാന്‍ പോകുന്ന ഡിസൈന്‍ ശൈലിയും മാഗ്‌നൈറ്റിന്റെ ജനപ്രീതിക്ക് മുതല്‍കൂട്ടാവുന്നുണ്ട്. ആസിയാന്‍ എന്‍-ക്യാപ് ക്രാഷ്‌ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കി സുരക്ഷ ഉറപ്പിച്ചതും മാഗ്‌നൈറ്റിനെ ജനകീയമാക്കുന്നു.
XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളില്‍ 20 ഗ്രേഡുകളായാണ് നിസാന്‍ മാഗ്നൈറ്റ് വിപണിയില്‍ എത്തിയിരിക്കുന്നത്. 4.99 ലക്ഷം രൂപ മുതല്‍ 9.35 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില. നിസാന്‍-റെനോ കൂട്ടുകെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്ഫോമിലാണ് മാഗ്നൈറ്റ് ഒരുങ്ങുന്നത്. നിസാന്‍ കിക്ക്സുമായി ഡിസൈന്‍ സാമ്യമുള്ള മോഡലാണ് മാഗ്നൈറ്റ്.
71 ബി.എച്ച്.പി പവറും 96 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനിലും, 99 ബി.എച്ച്.പി പവറും 160 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമാണ് മാഗ്‌നൈറ്റിന് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാനുവലും സി.വി.ടിയുമായിരിക്കും ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുക. രണ്ട് എയര്‍ബാഗും എ.ബി.എസ്, ഇ.ബി.ഡി. സുരക്ഷ ഫീച്ചറുകളും സ്റ്റാന്റേഡായി നല്‍കുന്നുണ്ട്.
Source: ET Auto
Content Highlights: Nissan Magnite Compact SUV Achieve Average 1000 Booking Per Day