ന്ത്യന്‍ നിരത്തുകളില്‍ ഏറ്റവുമൊടുവിലെത്തിയ കോംപാക്ട് എസ്.യു.വിയാണ് നിസാന്‍ മാഗ്‌നൈറ്റ്. ചെറിയ വിലയില്‍ ഫീച്ചര്‍ സമ്പന്നമായി എത്തിയ ഈ വാഹനം സുരക്ഷയുടെ കാര്യത്തിലും കേമനാണെന്ന് തെളിയിച്ചിരിക്കുകയാണ്. ആസിയാന്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയാണ് മാഗ്‌നൈറ്റ് എസ്.യു.വി. സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്. 

മുതിര്‍ന്നവരുടെ സുരക്ഷയില്‍ 39.02 പോയന്റും കുട്ടികളുടെ സുരക്ഷയില്‍ 16.31 പോയന്റും സേഫ്റ്റി അസിസ്റ്റ് കാറ്റഗറിയില്‍ 15.28 പോയന്റും നേടിയാണ് മാഗ്‌നൈറ്റ് സുരക്ഷിതമാണെന്ന് തെളിയിച്ചിരിക്കുന്നത്. ആകെ 70.60 പോയന്റ് നേടിയാണ് ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഈ വാഹനത്തിന്റെ ഇന്തോനേഷ്യന്‍ പതിപ്പാണ് ക്രാഷ് ടെസ്റ്റിന് ഇറങ്ങിയത്. 

കുറഞ്ഞ വിലയില്‍ പോലും മികച്ച സുരക്ഷ സംവിധാനങ്ങളുടെ അകമ്പടിയോടെയാണ് നിസാന്‍ മാഗ്‌നൈറ്റ് എത്തിയിട്ടുള്ളത്. ഡ്യുവല്‍ എയര്‍ബാഗ്, എ.ബി.എസ്. വിത്ത് ഇ.ബി.ഡി, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിവേഴ്‌സ് പാര്‍ക്കിങ്ങ് സെന്‍സര്‍, വെഹിക്കിള്‍ ഡൈനാമിക് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയവയാണ് സുരക്ഷ കാര്യക്ഷമമാക്കുന്നത്. 

XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളില്‍ 20 ഗ്രേഡുകളായാണ് നിസാന്‍ മാഗ്‌നൈറ്റ് വിപണിയില്‍ എത്തിയിരിക്കുന്നത്. 5.43 ലക്ഷം രൂപ മുതല്‍ 9.35 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില. നിസാന്‍-റെനോ കൂട്ടുകെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്‌ഫോമിലാണ് മാഗ്‌നൈറ്റ് ഒരുങ്ങുന്നത്.

71 ബി.എച്ച്.പി പവറും 96 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനിലും, 99 ബി.എച്ച്.പി പവറും 160 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമാണ് മാഗ്നൈറ്റിന് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാനുവലും സി.വി.ടിയുമായിരിക്കും ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്.

Content Highlights: Nissan Magnite Achieve Four Star Rating In ASEAN NCAP Crash Test