നിസാൻ മാഗ്‌നൈറ്റ് | Photo: Facebook|Nissan India
ഇന്ത്യന്‍ വാഹന വിപണിയില്‍ നിസാന്‍ എന്ന ആഗോള ബ്രാന്റിന് പുനര്‍ജന്മം നല്‍കിയ വാഹനമാണ് മാഗ്‌നൈറ്റ് എന്ന കോംപാക്ട് എസ്.യു.വി. ഏറ്റവും വില കുറഞ്ഞ കോംപാക്ട് എസ്.യു.വി. എന്ന ഖ്യാതി സ്വന്തമാക്കി എത്തിയ ഈ വാഹനം ബുക്കിങ്ങിലും വന്‍ കുതിപ്പാണ് നടത്തിയിരിക്കുന്നത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ച് മാസം പിന്നിട്ടതോടെ 50,000 ബുക്കിങ്ങുകളാണ് മഗ്‌നൈറ്റിന് ലഭിച്ചിട്ടുള്ളത്. 2020 ഡിസംബര്‍ രണ്ടിനാണ് നിസാന്‍ മാഗ്‌നൈറ്റ് അവതരിപ്പിച്ചത്.
ഇതുവരെ ലഭിച്ച ബുക്കിങ്ങുകളില്‍ 5000 എണ്ണം നിസാന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ലഭിച്ചതാണ്. എന്നാല്‍, 45,000 ബുക്കിങ്ങും ഡീലര്‍ഷിപ്പുകളില്‍ എത്തി ആളുകള്‍ ബുക്ക് ചെയ്തതാണെന്ന് നിസാന്‍ അറിയിച്ചു. മാഗ്‌നൈറ്റിന്റെ 10.000 യൂണിറ്റാണ് നിസാന്‍ ഇതിനോടകം ഡെലിവറി ചെയ്തിട്ടുള്ളത്. ലഭിച്ചിട്ടുള്ള ബുക്കിങ്ങുകളുടെ 60 ശതമാനവും ഉയര്‍ന്ന വേരിയന്റുകളായ XV, XV പ്രീമിയം പതിപ്പുകള്‍ക്കാണ്. ഇതില്‍ 15 ശതമാനം ആളുകള്‍ സി.വി.ടി. മോഡലാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
സ്‌റ്റൈലിനും സുരക്ഷയ്ക്കുമൊപ്പം കുറഞ്ഞ വിലയായിരുന്നു ഈ വാഹനത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. 4.99 ലക്ഷം രൂപ മുതല്‍ 9.35 ലക്ഷം രൂപ വരെയായിരുന്നു മാഗ്‌നൈറ്റിന്റെ ആദ്യ വില. എന്നാല്‍, വാഹനങ്ങളുടെ നിര്‍മാണ ചിലവ് ഉയര്‍ന്ന സാഹചര്യത്തില്‍ അടുത്തിടെ ഈ വാഹനത്തിന്റെ വില 33,000 രൂപ വരെ ഉയര്‍ത്തിയിരുന്നു. പുതിയ വില അനുസരിച്ച് 5.59 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ് മാഗ്‌നൈറ്റിന്റെ എക്‌സ്‌ഷോറും വില.
XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളില്‍ 20 ഗ്രേഡുകളായാണ് നിസാന്‍ മാഗ്‌നൈറ്റ് വിപണിയില്‍ എത്തിയിരിക്കുന്നത്. നിസാന്‍-റെനോ കൂട്ടുകെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്‌ഫോമിലാണ് മാഗ്‌നൈറ്റ് ഒരുങ്ങുന്നത്. ഈ സെഗ്മെന്റിലെ എതിരാളികള്‍ നല്‍കുന്ന എല്ലാ ഫീച്ചറുകളും ഈ വാഹനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആസിയാന്‍ എന്‍-ക്യാപ് ക്രാഷ്ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കി സുരക്ഷ ഉറപ്പിച്ചതും മാഗ്നൈറ്റിനെ ജനകീയമാക്കുന്നു.
71 ബി.എച്ച്.പി പവറും 96 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനിലും, 99 ബി.എച്ച്.പി പവറും 160 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമാണ് മാഗ്നൈറ്റിന് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാനുവലും സി.വി.ടിയുമായിരിക്കും ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുക. രണ്ട് എയര്‍ബാഗ് എ.ബി.എസ്, ഇ.ബി.ഡി. തുടങ്ങിയ സുരക്ഷ ഫീച്ചറുകളും മാഗ്‌നൈറ്റില്‍ സ്റ്റാന്റേഡായി നല്‍കുന്നുണ്ട്.
Content Highlights: Nissan Magnite Achieve 50,000 Booking In Five Months
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..