രാജ്യാന്തര നിരത്തുകളില്‍ സ്വാധീനം ഉറപ്പിച്ച എസ്‌യുവികള്‍ ഇന്ത്യയിലെത്തിച്ച് വാഹനനിര ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് നിസാന്‍. ഇതിന്റെ ആദ്യ ചുവടുവയ്‌പ്പെന്നോണം കിക്‌സ് ഇന്ത്യയിലെത്തിക്കുകയും ചെയ്തു. ഇതിനൊപ്പം തന്നെ ഈ വര്‍ഷം നിസാന്‍ ഇലക്ട്രിക് ഹാച്ച്ബാക്കായ ലീഫും ഇന്ത്യയിലെത്തും.

നിസാന്‍ ലീഫിന്റെ രണ്ടാം തലമുറ വാഹനമാണ് ഇപ്പോള്‍ ആഗോള നിരത്തുകളിലുള്ളത്. ഈ വാഹനം തന്നെ ഇന്ത്യയിലെത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. എന്നാല്‍, പൂര്‍ണമായി ഇറക്കുമതി ചെയ്യാതെ പ്രദേശികമായി നിര്‍മിക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.

നിസാന്റെ മറ്റ് മോഡലുകളോട് സാമ്യമില്ലാത്ത വാഹനമാണ് ലീഫ്. ഗ്ലോസി ബ്ലാക്ക് ഫിനീഷിലുള്ള ഗ്രില്ലില്‍ വി ഷേപ്പ് ക്രോമിയം ലൈനുകളാണ് മുന്നിലെ പ്രധാന ആകര്‍ഷണം. ഡുവല്‍ ബീം ഹെഡ്ലാമ്പുകളും ബമ്പറിന്റെ താഴെ ഭാഗത്തായുള്ള ഫോഗ് ലാമ്പും ചേര്‍ന്നാണ് ലീഫിന്റെ മുന്‍വശത്തെ ആകര്‍ഷകമാക്കുന്നത്. 

Nissan Leaf

ത്രികോണാകൃതിയിലുള്ള ടെയില്‍ ലാമ്പും ബോഡിയിലേക്ക് ഇറങ്ങിയിട്ടുള്ള വിന്‍ഡ് ഷീല്‍ഡ്, ബ്ലാക്ക് ഫിനീഷിങ് റൂഫ് സ്പോയിലര്‍ എന്നിവയുമാണ് പിന്‍ഭാഗത്തെ അലങ്കരിക്കുന്നത്. 

ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലെത്തുന്ന ലീഫിന് 148 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് കരുത്തുപകരുന്നത്. ഒറ്റചാര്‍ജില്‍ 378 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന 350 വാട്ട്, ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇതിലുള്ളത്.

8 മണിക്കൂറിനുള്ളില്‍ ബാറ്ററിയില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാനാകും. റീ ജനറേറ്റീവ് ബ്രേക്കിങ് സംവിധാനം വഴി ബ്രേക്ക് അമര്‍ത്തുമ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജത്തിലൂടെ ബാറ്ററി റീചാര്‍ജ് ചെയ്യാനാകും. ഏകദേശം 30 ലക്ഷം രൂപയാണ് വിദേശത്ത് ഈ വാഹനത്തിന്റെ വില.

Content Highlights: Nissan Leaf Hatchback India Launch Confirmed For 2019