നുവരി മാസം മുതല്‍ നിരത്തിലെത്താനൊരുങ്ങുന്ന നിസാന്റെ കോംപാക്ട് എസ്‌യുവി വാഹനമായ കിക്‌സ് ഐസിസി വേള്‍ഡ് കപ്പ്-2019-ന്റെ ഔദ്യോഗിക വാഹനമാകും. വേള്‍ഡ് കപ്പ് മത്സരത്തിന് മുന്നോടിയായി നടക്കുന്ന ഇന്ത്യന്‍ ട്രോഫി പര്യടനത്തില്‍ കിക്‌സായിരിക്കും ട്രോഫി വഹിക്കുക.

നവംബര്‍ 30 മുതല്‍ ഡിസംബര്‍ 26 വരെയാണ് ഇന്ത്യയിലുടനീളം ട്രോഫി പര്യടനം നടക്കുന്നത്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ക്രിക്കറ്റ് ഒരു വിനോദം എന്നതിലുപരി വികാരമാണ്. അതുകൊണ്ട് ക്രിക്കറ്റ് വേള്‍ഡ് കപ്പുമായി സഹകരിക്കാന്‍ സാധിച്ചതില്‍ നിസാന് അഭിമാനമുണ്ടെന്ന് നിസാന്‍ ഇന്ത്യ ഓപ്പറേഷന്‍സ് പ്രസഡന്റ് അഭിപ്രായപ്പെട്ടു.

രാജ്യത്ത് എട്ട് പ്രധാന നഗരങ്ങളിലൂടെയാണ് നിസാന്‍ കിക്‌സ് ട്രോഫിയുമായി സഞ്ചരിക്കുന്നത്. പുണെ, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലൂടെയാണ് ഈ പ്രയാണം നടക്കുന്നത്. 

സുരക്ഷയ്ക്ക് ഏറെ പ്രധാന്യം നല്‍കി നിസാനില്‍ നിന്ന് പുറത്തിറങ്ങുന്ന കോംപാക്ട് എസ്‌യുവിയാണ് കിക്‌സ്. റെനോ ക്യാപ്ച്ചര്‍, നിസാന്‍ ടെറാനോ തുടങ്ങിയ വാഹനങ്ങള്‍ നിര്‍മിച്ചിരിക്കുന്ന നിസാന്റെ വി പ്ലാറ്റ്‌ഫോമില്‍ ഈ വാഹനവും പുറത്തിറങ്ങുന്നത്. 

വിമോഷന്‍ ഗ്രില്‍, പിന്നോട്ട് വലിഞ്ഞുനില്‍ക്കുന്ന വലിയ ഹെഡ്‌ലാമ്പുകള്‍, എല്‍.ഇ.ഡി. ഡേടൈം റണ്ണിങ് ലൈറ്റുകള്‍, എന്നിവയ്‌ക്കൊപ്പം വലിയ എയര്‍ഡാമും നല്‍കിയാണ് കിക്‌സിന്റെ മുന്‍വശം അലങ്കരിച്ചിരിക്കുന്നത്. ഒഴുകിയിറങ്ങുന്ന മേല്‍ക്കൂരയും കറുത്ത പില്ലറുകളും കിക്‌സിന്റെ പ്രത്യേകതയാണ്. 

17 ഇഞ്ച് വലിപ്പമുള്ള അഞ്ചു സ്പോക്ക് അലോയ് വീലുകള്‍, വലിയ ടെയ്ല്‍ലാമ്പുകള്‍, ഉയര്‍ത്തിയ വിന്‍ഡ്ഷീല്‍ഡ്, ബൂട്ടിന് വിലങ്ങനെയുള്ള കട്ടിയേറിയ ക്രോം ലൈനിങ്ങ്, ഷാര്‍ക്ക് ഫിന്‍ ആന്റീന, സ്‌കിഡ് പ്ലേറ്റ് എന്നിവയെല്ലാം പിന്നഴകിന് മാറ്റുകൂട്ടും. കറുത്ത പ്ലാസ്റ്റിക് ക്ലാഡിങ് ബോഡിയിലുടനീളമുണ്ട്. മിററുകള്‍ക്കും റൂഫ് റെയിലുകള്‍ക്കും നിറം കറുപ്പാണ്. 

നിലവിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളായിരിക്കും കിക്ക്സിന് ലഭിക്കുക. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് 104 ബി.എച്ച്.പി. കരുത്തും 142 എന്‍.എം. ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. 108 ബി.എച്ച്.പി. കരുത്തും 240 എന്‍.എം. ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ പരമാവധി ഉത്പാദിപ്പിക്കും. പെട്രോള്‍ പതിപ്പിലെ മാനുവല്‍ ഗിയര്‍ബോക്സ് അഞ്ചു സ്പീഡാണ്. ഡീസല്‍ പതിപ്പില്‍ ആറു സ്പീഡായിരിക്കും. 

ഹ്യുണ്ടായ് ക്രെറ്റ, മാരുതി എസ്‌ക്രോസ്, ഹോണ്ട ബി.ആര്‍.വി., റെനോ ക്യാപ്ച്ചര്‍ എന്നിവരുമായാണ് ഇന്ത്യയില്‍ നിസാന്‍ കിക്ക്സ് അങ്കം കുറിക്കുക. 9.5 മുതല്‍ 14.5 ലക്ഷം രൂപ വരെ മോഡലിന് വില പ്രതീക്ഷിക്കാം.

Content Highlights: Nissan Kicks – Official Car Of The ICC Cricket World Cup