നിസാന്‍ അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ച കോംപാക്ട് എസ്.യു.വി കിക്ക്‌സ് ജനുവരി തുടക്കത്തില്‍ ഔദ്യോഗികമായി ഇന്ത്യയില്‍ പുറത്തിറക്കുകയാണ്. ഇതിന് മുന്നോടായായി ഡിസംബര്‍ 10 മുതല്‍ കിക്ക്‌സിനുള്ള ബുക്കിങ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 50,000 രൂപ സ്വീകരിച്ചായിരിക്കും പ്രീ ബുക്കിങ്. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണം കമ്പനി നടത്തിയേക്കും.

നിസ്സാന്‍ ഇന്ത്യ നിരയില്‍ ടെറാനോയ്ക്കും മുകളിലാണ് കിക്ക്‌സിന്റെ സ്ഥാനം. വിദേശത്തുള്ള കിക്ക്‌സില്‍ നിന്ന് ഏറെ മാറ്റങ്ങള്‍ ഇന്ത്യന്‍ സ്പെക്കിലുണ്ട്. നീളവും വീതിയും കൂടി. 4383 എംഎം നീളവും 1813 എംഎം വീതിയും 1656 എംഎം ഉയരവും 2673 എംഎം വീല്‍ബേസുമാണ് ഇന്ത്യന്‍ കിക്ക്‌സിനുള്ളത്. പ്ലാറ്റ്ഫോമിലും മാറ്റമുണ്ട്. റെനോ ഡസ്റ്റര്‍, കാപ്ച്ചര്‍ എന്നിവയ്ക്ക് ജന്‍മം നല്‍കിയ B0 പ്ലാറ്റ്‌ഫോമിലാണ് ഇന്ത്യന്‍ കിക്ക്‌സിന്റെയും നിര്‍മാണം. 

വിമോഷന്‍ ഗ്രില്ലാണ് മുന്നില്‍. പിന്നോട്ട് വലിഞ്ഞുനില്‍ക്കുന്ന വലിയ ഹെഡ്ലാമ്പുകളും എല്‍.ഇ.ഡി. ഡേടൈം റണ്ണിങ് ലൈറ്റുകളും മുഖത്തിന് ഗൗരവം നല്‍കും. മുന്‍ ബമ്പറില്‍ വലിയ എയര്‍ഡാമും ഇടംപിടിക്കുന്നുണ്ട്. ഒഴുകിയിറങ്ങുന്ന മേല്‍ക്കൂരയും കറുത്ത പില്ലറുകളും കിക്സിന്റെ പ്രത്യേകതയാണ്. 17 ഇഞ്ച് വലിപ്പമുള്ള അഞ്ചു സ്‌പോക്ക് അലോയ് വീലുകള്‍, വലിയ ടെയ്ല്‍ലാമ്പുകള്‍, ഉയര്‍ത്തിയ വിന്‍ഡ്ഷീല്‍ഡ്, ബൂട്ടിന് വിലങ്ങനെയുള്ള കട്ടിയേറിയ ക്രോം ലൈനിങ്ങ്, ഷാര്‍ക്ക് ഫിന്‍ ആന്റീന, സ്‌കിഡ് പ്ലേറ്റ് എന്നിവയെല്ലാം പിന്നഴകിന് മാറ്റുകൂട്ടും. കറുത്ത പ്ലാസ്റ്റിക് ക്ലാഡിങ് ബോഡിയിലുടനീളമുണ്ട്. മിററുകള്‍ക്കും റൂഫ് റെയിലുകള്‍ക്കും നിറം കറുപ്പാണ്. അകത്തളത്തിന് മാറ്റുകൂട്ടുന്നതിനായി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയും സോഫ്റ്റ് ടച്ച് ഡാഷ്ബോര്‍ഡും മള്‍ട്ടി പര്‍പ്പസ് സ്റ്റിയറിങ് വീലും കിക്സില്‍ ഒരുക്കുന്നുണ്ട്. 

Nissan KIcks

നിസാന്റെ ഡയനാമിക് സോണിക് പ്ലസ് ഡിസൈന്‍ ശൈലിയാണ് കിക്സും തുടരുന്നത്. സുരക്ഷയ്ക്കാണ് മുന്‍തൂക്കം. ഗ്രാഫേന്‍ ബോഡി ഘടന ഇടിയുടെ ആഘാതം മുഴുവന്‍ ഉള്‍ക്കൊള്ളും. അതിനാല്‍ അകത്തിരിക്കുന്ന യാത്രക്കാര്‍ സുരക്ഷിതരായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഹ്യുണ്ടായ് ക്രെറ്റ, മാരുതി എസ്‌ക്രോസ്, ഹോണ്ട ബി.ആര്‍.വി., റെനോ ക്യാപ്ച്ചര്‍ എന്നിവരുമായാണ് ഇന്ത്യയില്‍ നിസാന്‍ കിക്ക്‌സ് അങ്കം കുറിക്കുക. 

ഇന്ത്യന്‍ സ്പെക്കിന്റെ എന്‍ജിന്‍, വില എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലോഞ്ചിങ് വേളയിലെ നിസാന്‍ വ്യക്തമാകു. 9.5 മുതല്‍ 14.5 ലക്ഷം രൂപ വരെ മോഡലിന് വില പ്രതീക്ഷിക്കാം. 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനാകും കിക്ക്‌സില്‍ നല്‍കുക. പെട്രോള്‍ എന്‍ജിന് 104 ബി.എച്ച്.പി. കരുത്തും 142 എന്‍.എം. ടോര്‍ക്കുമേകും. 108 ബി.എച്ച്.പി. കരുത്തും 240 എന്‍.എം. ടോര്‍ര്‍ക്കും നല്‍കുന്നതാകും ഡീസല്‍ എന്‍ജിന്‍. പെട്രോള്‍ മോഡലില്‍ അഞ്ച് സ്പീഡും ഡീസലില്‍ ആറ് സ്പീഡ്‌ മാനുവലുമായിരിക്കും ഗിയര്‍ബോക്‌സ്. 

Content Highlights; Nissan Kicks Booking To Open From 10th December