കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം നിയന്ത്രണങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ വാഹനങ്ങളുടെ സൗജന്യ സര്‍വീസിനും വാറണ്ടിക്കും രണ്ട് മാസം കൂടുതല്‍ സമയം അനുവദിച്ച് ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ നിസാന്‍. പല സംസ്ഥാനങ്ങളിലും സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് ഈ ഇളവ് നല്‍കിയിട്ടുള്ളത്. 

ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിസാന്‍ പ്രതിജ്ഞാബദ്ധമാണ്. നിങ്ങള്‍ ഇപ്പോള്‍ വീട്ടിലിരിക്കുക എന്ന നാടിന്റെ സുരക്ഷയ്ക്ക് തന്നെ അനിവാര്യമാണ്. ഈ പ്രതിസന്ധി സാഹചര്യങ്ങള്‍ മാറുന്നതോടെ കമ്പനി വീണ്ടും ഉപയോക്താക്കളിലേക്ക് എത്തുമെന്ന് ഉറപ്പുനല്‍കുന്നതായി നിസാന്‍ ഇന്ത്യ ട്വിറ്ററില്‍ കുറിച്ചു. ഇതിലൂടെയാണ് സര്‍വീസിന് സമയം നീട്ടി നല്‍കിയതും അറിയിച്ചത്. 

ലോക്ഡൗണ്‍ കാലഘട്ടത്തില്‍ നഷ്ടപ്പെടുന്ന സൗജന്യ സര്‍വീസുകളും കാലാവധി അവസാനിക്കുന്ന വാറണ്ടിയും രണ്ട് മാസത്തേക്ക് നീട്ടി നല്‍കാനാണ് നിസാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം ഇത് വീണ്ടും നീട്ടി നല്‍കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. കിക്‌സ്, മാഗ്‌നൈറ്റ് എന്നീ മോഡലുകളാണ് നിസാന്‍ ഇന്ത്യയില്‍ എത്തിക്കുന്ന വാഹനങ്ങള്‍. 

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയിലെ മറ്റ് വാഹന നിര്‍മാതാക്കളും വാഹനങ്ങളുടെ സര്‍വീസിനും വാറണ്ടിക്കും സമയം നീട്ടി നല്‍കിയിരുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 31 വരെ സര്‍വീസ്, വാറണ്ടി എന്നിവ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് ജൂലൈ 31 വരെയാണ് സര്‍വീസ് ചെയ്യുന്നതിനും വാറണ്ടി പുതുക്കുന്നതിനും സമയം അനുവദിച്ച് നല്‍കിയിട്ടുള്ളത്.

Content Highlights; Nissan India Extend Service and Warranty For Two Months