എക്കാലത്തും മഹീന്ദ്രയുടെ അഭിമാന മോഡലാണ് സ്‌കോര്‍പിയോ എന്ന എസ്‌യുവി. ഈ വാഹനത്തിന്റെ പുതുതലമുറ നിരത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര. പുതിയ ലുക്കിനൊപ്പം പുത്തന്‍ എന്‍ജിനിലുമായിരിക്കും പുതിയ സ്‌കോര്‍പിയോ നിരത്തിലെത്തുകയെന്നാണ് സൂചന.
മുമ്പ് സ്‌കോര്‍പിയോയില്‍ നല്‍കിയിരുന്ന 2.2 ലിറ്റര്‍ എംഹോക് എന്‍ജിന് പകരം ഇത്തവണ 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനായിരിക്കും നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, 2.0 ലിറ്ററില്‍ 150 ബിഎച്ച്പി എന്ന ഉയര്‍ന്ന കരുത്തായിരിക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്.
പുറത്തിറങ്ങാനൊരുങ്ങുന്ന പുതിയ താറിലും എക്‌സ്‌യുവി 500-ലും ഈ എന്‍ജിനായിരിക്കും നല്‍കുക. താര്‍ 140 ബിഎച്ച്പി പവറും എക്‌സ്‌യുവി 500, 185 ബിഎച്ച്പി പവറും ഉത്പാദിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. പെട്രോള്‍ എന്‍ജിനിലും പുതിയ സ്‌കോര്‍പിയോ എത്തുന്നുണ്ട്.
2020-മോഡല്‍ സ്‌കോര്‍പിയോയുടെ ഡിസൈനിലും കാര്യമായ മാറ്റം വരുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഡിസൈന്‍ ഹൗസായ പിനിന്‍ഫരീനയാണ് പുതുതലമുറ സ്‌കോര്‍പിയോയുടെ ഡിസൈനിങ്ങ് നിര്‍വഹിക്കുന്നത്.
ടാറ്റ അടുത്തിടെ പുറത്തിറക്കിയ ഹാരിയറുമായും ഇത്തവണ സ്‌കോര്‍പിയോ മത്സരിക്കുന്നുണ്ട്. അതുകൊണ്ടാണ് ഹാരിയറിലെ 2.0 ലിറ്റര്‍ എന്‍ജിന്‍ 140 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുമ്പോള്‍ സ്‌കോര്‍പിയോയിലേത് 150 ബിഎച്ച്പി കരുത്താണ് ഉത്പാദിപ്പിക്കുന്നത്.
Content Highlights: Next-gen Mahindra Scorpio to get 150 hp 2.0-litre diesel engine