ന്ന് ഇന്ത്യയിലുള്ള കോംപാക്ട് എസ്‌യുവികളില്‍ ഏറെ ജനപ്രിയ  വാഹനമാണ് ഹ്യുണ്ടായിയുടെ ക്രെറ്റ. നിരത്തില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഈ മോഡലിന് കുതിപ്പേകാന്‍ ക്രെറ്റയുടെ രണ്ടാം തലമുറ വാഹനം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഹ്യുണ്ടായി.

ഷങ്ഹായി ഓട്ടോഷോയില്‍ പ്രദര്‍ശനത്തിനെത്തിയ ക്രെറ്റയുടെ രണ്ടാം തലമുറ മോഡല്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ കുടുങ്ങി. ഹ്യുണ്ടായിയുടെ വാഹനങ്ങള്‍ ഒരേ ഡിസൈനിലേക്ക് മാറുന്നെന്ന് വീണ്ടും തെളിയിക്കുന്ന ഡിസൈനാണ് പുതിയ ക്രെറ്റയ്ക്കുമുള്ളത്. 

രണ്ടാം തലമുറ കൂടുതല്‍ സ്‌പോര്‍ട്ടിയായിട്ടുണ്ട്. കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, നേര്‍ത്ത ഇന്റിക്കേറ്റര്‍, പുതിയ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, ഡ്യുവല്‍ ടോണ്‍ സ്‌പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് ആദ്യ കാഴ്ചയിലെ മാറ്റം. 

ഇത്തവണ ക്രെറ്റയുടെ ഇന്റീരിയര്‍ കൂടുതല്‍ ആഡംബരമാകുന്നുണ്ടെന്നാണ് സൂചന. കോക്പിറ്റ് സെന്റര്‍ കണ്‍സോളായിരിക്കും ഇതിലെ പ്രധാന മാറ്റം. വെന്യുവില്‍ നല്‍കുന്ന ബ്ലൂ ലിങ്ക് സംവിധാനമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്രൈവിങ് മോഡുകള്‍ എന്നിവ ഇതില്‍ ഒരുക്കും. 

ബിഎസ്-6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ നല്‍കുക. 2020-ഓടെ ഹ്യുണ്ടായിയുടെ സെഡാന്‍ മോഡലായ വെര്‍ണയിലും ഈ എന്‍ജിന്‍ നല്‍കുമെന്നാണ് വിവരം. 

ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം ആരംഭിച്ചെങ്കിലും വിപണിയില്‍ എത്താന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 ഫെബ്രുവരിയില്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലായിരിക്കും ഇവ അവതരിപ്പിക്കുക.

Content Highlights: Next-Gen Hyundai Creta Spotted For The First Time