
-
ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് വാഹനമേഖലയ്ക്കും കടുത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹന പ്രദര്‍ശനമായ ജനീവ മോട്ടോര്‍ ഷോ ഈ വര്‍ഷം വേണ്ടെന്ന് വെച്ചത് വാഹനമേഖലയെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇതിനുപിന്നാലെ അടുത്ത മാസം നടക്കാനിരുന്ന ന്യൂയോര്‍ക്ക് ഓട്ടോ ഷോയും മാറ്റവെച്ചിരിക്കുകയാണ്.
ഏപ്രില്‍ 10 മുതല്‍ 19 വരെ നടക്കേണ്ടിയിരുന്ന 2020 എഡിഷന് ന്യൂയോര്‍ക്ക് ഓട്ടോഷോയാണ് ഓഗസ്റ്റ് മാസത്തിലേക്ക് മാറ്റിവെച്ചിട്ടുള്ളത്. ഓഗസ്റ്റ് 26, 27 ദിവസങ്ങളില്‍ മാധ്യമങ്ങള്‍ക്കും 28 മുതല്‍ സെപ്റ്റംബര്‍ ആറ് വരെ പൊതുജനങ്ങള്‍ക്കും പ്രദര്‍ശനം ഒരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 330 മില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക നേട്ടമാണ് ന്യൂയോര്‍ക്ക് ഓട്ടോഷോ നല്‍കിയിരുന്നത്.
കൊറോണ വൈറസില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനായാണ് സംഘാടകര്‍ ഷോ മാറ്റിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന് പ്രസിഡന്റ് അറിയിച്ചു. ന്യൂയോര്‍ക്ക് ഓട്ടോഷോ എന്നത് രാജ്യത്തിന്റെ ചരിത്രത്തിന്റെ തന്നെ ഭാഗമായ ഒരു പരിപാടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 120 വര്‍ഷമായി നടത്തിവരുന്ന ഒന്നാണ് ന്യൂയോര്‍ക്ക് ഓട്ടോഷോ. ഇത് മാറ്റിവയ്ക്കുകയെന്നത് നിസാരമായ ഒന്നല്ല. എന്നാല്‍, ഷോയുടെ സുഗമമായ നടത്തിപ്പിന് ഈ തീരുമാനം അനിവാര്യമാണ്. ഇക്കാര്യം വാഹന നിര്‍മാതാക്കളെയും ജനങ്ങളെയും അറിയിച്ചിട്ടുണ്ട്. പുതിയ തീയതിയില്‍ നടത്തുന്ന ഷോ വന്‍ വിജയമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.
കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ജനീവ മോട്ടോര്‍ഷോ റദ്ദാക്കിയിരുന്നു. ഇതിനുപുറമെ, ചൈനയിലെ മോട്ടോര്‍സ്പോര്‍ട്ട് ഇവന്റായ എഫ്1, ഖത്തര്‍ മോട്ടോ ജിപി എന്നിവയും റദ്ദാക്കിയിട്ടുണ്ട്. 1000 ആളുകളില്‍ കൂടുതല്‍ സമ്മേളിക്കുന്നത് പല രാജ്യങ്ങളും വിലക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വാഹനമേഖളയിലെ പല പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.
Content Highlights: New York Auto Show Postponed To August Due To Corona Virus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..