ഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് മോഡലാണ് XC 40 ഇലക്ട്രിക് എസ്.യുവി. ഒക്ടോബര്‍ 16ന് ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പ് XC 40 ഇലക്ട്രിക്കിന്റെ രൂപം വ്യക്തമാക്കുന്ന ഡിസൈന്‍ സ്‌കെച്ച്‌ വോള്‍വോ പുറത്തുവിട്ടു. വാഹനത്തിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും ദൃശ്യമാകുന്നതാണ് ഡിസൈന്‍ സ്‌കെച്ച്‌ ചിത്രങ്ങള്‍.  

XC 40 ELECTRIC

ഇലക്ട്രിക്കിലേക്ക് മാറുന്നതിനായി ചെറിയ ചില മാറ്റങ്ങള്‍ നല്‍കിയെങ്കിലും ഓവറോള്‍ രൂപത്തില്‍ റഗുലര്‍ XC 40 എസ്.യു.വിയില്‍ നിന്ന് വലിയ മാറ്റങ്ങള്‍ ഇലക്ട്രിക് പതിപ്പിനുണ്ടാകില്ല. വോള്‍വോയുടെ മുഖമുദ്രയായ വലിയ ഗ്രില്‍ ഇലക്ട്രിക് മോഡലിനില്ല. പിന്നിലെ ടെയില്‍പൈപ്പും അപ്രത്യക്ഷമായി. എന്‍ജിനുള്ള സ്ഥലം ലാഭിച്ചതോടെ കൂടുതല്‍ സ്ഥലസൗകര്യം ലഭിക്കും. മുന്നിലെ ബോണറ്റിനടയില്‍ മാത്രം 30 ലിറ്റര്‍ സ്‌റ്റോറേജ് സ്‌പേസുണ്ട്. ബാറ്ററി പാക്കിന്റെ സ്ഥാനം തറ നിരപ്പില്‍ മധ്യഭാഗത്തായാണ്. ഇതും സ്ഥലസൗകര്യം വര്‍ധിപ്പിക്കും. 

XC 40 ELECTRIC

വോള്‍വോയുടെ കോംപാക്ട് മോഡുലര്‍ ആര്‍ക്കിടെക്ച്ചറിന്റെ അടിസ്ഥാനത്തിലാണ് വാഹനത്തിന്റെ നിര്‍മാണം. പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് സമാനമായി ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഇലക്ട്രിക് മോഡലിലും വോള്‍വോ ഒരുക്കും. ലോകത്തെ ഏറ്റവും സുരക്ഷയേറിയ ഇലക്ട്രിക് കാറായാണ്‌ XC 40യുടെ വരവ്. 19, 20 ഇഞ്ച് വീല്‍ ഓപ്ഷനിലാണ് വാഹനം ലഭ്യമാവുക. സ്റ്റാന്റേര്‍ഡ് ബ്ലാക്ക് റൂഫിനൊപ്പം പുതിയ സേജ് ഗ്രീന്‍ മെറ്റാലിക് കളര്‍ സഹിതം എട്ട് കളര്‍ ഓപ്ഷന്‍ ഇലക്ട്രിക്‌ പതിപ്പിനുണ്ടാകും. അതേസമയം വാഹനത്തിന്റെ ഇലകട്രിക് റേഞ്ച്, പവര്‍ സംബന്ധിച്ച വിവരങ്ങളെല്ലാം ലോഞ്ചിങ് വേളയിലേ വോള്‍വോ വ്യക്തമാക്കുകയുള്ളു.

XC 40 ELECTRIC

Content Highlights; new volvo electric suv teased ahead of launch