വിശ്വസ്ത മോഡല്‍ ഇന്നോവ ക്രിസ്റ്റയെ പുതുക്കി അവതരിപ്പിച്ചതിന് പിന്നാലെ കരുത്തുറ്റ ഫോര്‍ച്യൂണറിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് ടൊയോട്ട ഇന്ത്യന്‍ വിപണിയിലെത്തിച്ചു. 2000 സിസിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് സുപ്രീം കോടതി ഏര്‍പ്പെടുത്തിയ നിരോധന ഉത്തരവ് പിന്‍വലിച്ച സാഹചര്യത്തിലാണ് എഞ്ചിന്‍ കരുത്തേറിയ പ്രീമിയം സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനമായ ഫോര്‍ച്യൂണറിനെ രാജ്യത്തെത്തിക്കാന്‍ കമ്പനി തീരുമാനിച്ചത്.  

ടൊയോട്ടയുടെ ടി.എന്‍.ജി.എ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചതിനാല്‍ കൂടുതല്‍ യാത്രാസുഖം ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഓട്ടോമാറ്റിക്, മാന്വൽ വകഭേദങ്ങളിലായി ഡീസല്‍-പെട്രോള്‍ വേരിയന്റുകളില്‍ ഫോര്‍ച്യൂണര്‍ ലഭ്യമാകും. മാനുവല്‍ പെട്രോള്‍ ബേസ് മോഡലിന് 25.92 ലക്ഷവും ഓട്ടോമാറ്റിക് ഡീസല്‍ ടോപ് വേരിയന്റിന് 31.12 ലക്ഷവുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഈ വര്‍ഷം തുടക്കത്തില്‍ തായ്‌ലന്‍ഡിലാണ് മോഡല്‍ ആദ്യമായി അവതരിപ്പിച്ചത്. 

2.7 ലീറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 5200 ആര്‍പിഎമ്മില്‍ 164 ബി.എച്ച്.പി കരുത്തും 4000 ആര്‍പിഎമ്മില്‍ 245 എന്‍.എം ടോര്‍ക്കും നല്‍കും. 2.8 ലീറ്റര്‍ ഡീസല്‍ എഞ്ചിന്‍ 3400 ആര്‍പിഎമ്മില്‍ 174.5 ബിഎച്ച്പി കരുത്തും 1600-2400 ആര്‍പിഎമ്മില്‍ 420 എന്‍എം ടോര്‍ക്കുമേകും. ഫോര്‍ഡ് എന്‍ഡേവര്‍, ഷെവര്‍ലെ ട്രെയല്‍ബ്ലേസര്‍ എന്നീ മോഡലുകളണ് ഫോര്‍ച്യൂണറിന്റെ മുഖ്യ എതിരാളികള്‍. 

toyota fortuner

കരുത്തിനൊപ്പം ആഢംബരമേറിയ ഇന്റീരിയര്‍ രൂപഭംഗി ഒരുക്കുന്നതിലും ടൊയോട്ട മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. ഏഴ് എയര്‍ബാഗ്, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ് സിസ്റ്റം, ഡൗണ്‍ ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, എബിഎസ് എന്നിവ ഉള്‍പ്പെടുത്തി സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. 80 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി, 2745 എംഎം വീല്‍ബേസ്, 225 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയ്ക്കൊപ്പം 12-13 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഫോര്‍ച്യൂണറില്‍ കമ്പനി വാഗ്ദ്ധാനം ചെയ്യുന്നത്.

toyota fortuner