ടാറ്റയില്‍ നിന്നും പുറത്തിറങ്ങാനൊരുങ്ങുന്ന പുതിയ ടിഗോറിന്റെ ടീസറുകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒക്ടോബര്‍ പത്തിനാണ് പുതിയ ടിഗോര്‍ നിരത്തിലെത്തുന്നത്. ഇത് അറിയിച്ച് ഒടുവില്‍ പുറത്തിറക്കിയ ടീസറില്‍ ആസ്പയറിനെ നൈസ് ആയിട്ട് ഒന്ന് ട്രോളിയിട്ടുണ്ട്.
ഫോര്‍ഡിന്റെ സെഡാന് മോഡലായ ആസ്പയറിന്റെ പുതിയ മോഡല്‍ വ്യാഴാഴ്ച പുറത്തിറക്കിയിരുന്നു. ഇതിനെ പരോക്ഷമായി ട്രോളിയാണ് പുതിയ ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. ഡോന്റ് ജസ്റ്റ് ആസ്പയര്, ഗെറ്റ് ഇന്സ്പെയേഡ് ബൈ ദ ഓള് ന്യു ടിഗോര്‍ (ആഗ്രഹം മാത്രം പോര, പ്രചോദിതരാകൂ പുതിയ ടിഗോറിലൂടെ) എന്ന എന്ന പരസ്യവാചകമാണ് പുതിയ ടീസറില്‍ ഉപയോഗിച്ചിരിക്കുന്നത്. ആസ്പയറിന്റെ പരസ്യത്തിലുള്ള ഗ്രാഫിക്സില്‍ തന്നെയാണ് ഈ വാക്കുകള്‍ നല്‍കിയിരിക്കുന്നത്.
കൂടുതല്‍ സ്റ്റൈലിഷായാണ് പുതിയ ടിഗോര്‍ എത്തുന്നത്. ക്രോമിയം ഇന്സേര്ട്ട് നല്കിയ ഹെഡ്ലൈറ്റ്, പെയിന്റഡ് ഫിനീഷ് ഗ്രില്ല്, ലെന്‍സ് ക്ലീയര്‍ ടെയില്‍ ലാമ്പ് എന്നിവയാണ് പുതിയ ടിഗോറിന്റെ എക്സ്റ്റീരിയറിനെ ആകര്‍ഷകമാക്കുന്നത്.
ഇന്റീരിയര്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനമുള്ള സിസ്റ്റം റിവേഴ്സ് ക്യാമറ ഡിസ്പ്ലേയായും പ്രവര്‍ത്തിക്കും.
1.2 പെട്രോള്‍ എന്‍ജിനിലും 1.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് പുതിയ ടിഗോര്‍ എത്തുന്നത്. പെട്രോള്‍ എന്‍ജിനില്‍ അഞ്ച് സ്പീഡ് മാനുവല്‍, ഒട്ടോമാറ്റിക് ഗിയര്‍ബോക്സിലും ഡിസല്‍ എന്ജിന് അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലുമാണ് അവതരിപ്പിക്കുന്നത്.