വാഹന പ്രേമികളിലെ ആകാംഷ ഉയര്‍ത്തി ഹാരിയറുമായി ബന്ധപ്പെട്ട ഒരു വിവരം കൂടി ടാറ്റ വെളിപ്പെടുത്തി. പുതുതായെത്തുന്ന ഈ വമ്പനില്‍ മൂന്ന് ഡ്രൈവ് മോഡുകള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് പുതിയ വിവരം. റോഡ് അഥവാ നോര്‍മല്‍, റെയിന്‍, ഓഫ് റോഡ് എന്നിവയാണ് മൂന്ന് മോഡുകള്‍.

ഗിയറിന് സമീപം നല്‍കിയിട്ടുള്ള ചെറിയ നോബിന്റെ സഹായത്തോടെയാണ് ഡ്രൈവ് മോഡുകള്‍ മാറ്റുന്നത്. ഇതിന് പുറമെ, മോഡുകളെ ബലപ്പെടുത്തുന്നതിനായി ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഡീസന്റ് കണ്‍ട്രോള്‍ എന്നിവയും പുതിയ ഹാരിയറില്‍ ഒരുക്കിയിട്ടുണ്ട്.

ഡ്രൈവ് മോഡുകള്‍ക്ക് പുറമെ, മറ്റ് ഫീച്ചറുകളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഉയര്‍ന്ന നിലവാരത്തിലുള്ള ജെബിഎല്‍ സ്പീക്കര്‍ സിസ്റ്റം, ലതര്‍ ആവരണമുള്ള സില്‍വര്‍ ഡോര്‍ ഹാന്‍ഡില്‍, സില്‍വര്‍ ആവരണമുള്ള എസി വെന്റുകള്‍ എന്നിവ ഹാരിയറിന് പുതുമ നല്‍കുന്നു.

Drive Mode
Image: Car and Bike

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, മിറര്‍ ലിങ്ക്, നാവിഗേഷന്‍, റിവേഴ്‌സ് ക്യാമറ സ്‌ക്രീന്‍ എന്നിവ നല്‍കിയിട്ടുള്ള 8.8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഗ്രേ-ബ്രൗണ്‍ ഫിനീഷിങ്ങിലുള്ള ഡാഷ്‌ബോര്‍ഡ്, ലെതര്‍ ഫിനീഷിങ് സീറ്റുകള്‍ എന്നിവയും ഹാരിയറന്റെ ഇന്റീരിയറിനെ സമ്പന്നമാക്കുന്നു.

ടാറ്റയുടെ ഏറ്റവും പുതിയ ഇംപാക്ട് 2.0 ഡിസൈനില്‍ ലാന്‍ഡ് റോവറിന്റെ'ഒപ്റ്റിമല്‍ മോഡുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ്' ആര്‍ക്കിടെക്ചറിലാണ് ഹാരിയര്‍ എന്ന അഞ്ച് സീറ്റര്‍ മോണോകോക്ക് എസ്.യു.വി നിരത്തിലെത്തുന്നത്. 

Interior
Image: Car and Bike

2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിനാണ് ഹാരിയറിന് ശക്തിയേകുക. ടെറൈന്‍ റെസ്‌പോണ്‍സ് മോഡുകളും അഡ്വാന്‍സ്ഡ് ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് വേരിയബിള്‍ ജിയോമെട്രി ടര്‍ബോ ചാര്‍ജര്‍ ചേരുന്നതോടെ കരുത്തും പിക്കപ്പും വര്‍ദ്ധിക്കും.

ഇംപാക്ട് 2.0 ഡിസൈനിലിറങ്ങുന്ന ആദ്യ മോഡലാണ് ഹാരിയര്‍. ആറ് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഹാരിയറില്‍ പ്രതീക്ഷിക്കാം. നിരത്തിലെത്തുമ്പോള്‍ 13.5 ലക്ഷം മുതല്‍ 18 ലക്ഷം രൂപ വരെ വിലയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: New Tata Harrier To Come With Multiple Driving Modes