2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റയുടെ വജ്രായുധങ്ങളായിരുന്നു H5X എസ്‌യുവിയും 45X പ്രീമിയം ഹാച്ച്ബാക്കും. ഇതില്‍ H5X എസ്‌യുവി ഹാരിയര്‍ എന്ന പേരില്‍ നിരത്തിലെത്തുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ടാറ്റ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ 45X ഹാച്ച്ബാക്ക് അടുത്ത വര്‍ഷം ദീപാവലി ഉത്സവ സീസണിന് മുന്‍പായി വിപണിയിലെത്തുമെന്ന് സൂചന. 

മാരുതി ബലേനോ, ഹ്യുണ്ടായി ഐ 20 എന്നീ മോഡലുകള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താനാണ് 45X-ന്റെ വരവ്. അധികം വൈകാതെ കോഡ് നാമത്തിന് പകരം പുതിയ പേര് നല്‍കി ഈ ഹാച്ച്ബാക്കിന്റെ ചിത്രങ്ങളും കമ്പനി പുറത്തുവിടും. ഇന്ത്യന്‍ നിരത്തില്‍ 45X ഹാച്ച്ബാക്കിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. 

കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് വലിയ വ്യത്യാസം ഇല്ലാതെയാകും 45X വിപണിയിലെത്തുക. കണ്‍സെപ്റ്റിലെ അതിശയിപ്പിക്കുന്ന ഡിസൈനില്‍ ചെറുതല്ലാത്ത മാറ്റങ്ങളുണ്ടാകും. ഇംപാക്ട് ഡിസൈന്‍ 2.0 ശൈലിയില്‍ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്‌ഫോമിലാണ് നിര്‍മാണം. ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ സഹകരണത്തോടെ ടാറ്റയുടെ പുണെ, ഇറ്റലി, യുകെ ഡിസൈന്‍ സ്റ്റുഡിയോകളിലാണ് ഇതിന്റെ രൂപകല്‍പന പൂര്‍ത്തീകരിച്ചിരുന്നത്. 

Tata 45 X
45X Concept

ലാന്‍ഡ് റോവര്‍ കാറുകള്‍ക്ക് സമാനമായി മാസീവ് ബോഡി ലൈനുകള്‍ക്കൊപ്പം കരുത്തുറ്റ രൂപമായിരുന്നു കണ്‍സെപ്റ്റിന്റെ പ്രധാന സവിശേഷത. എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. സൂചനകള്‍ പ്രകാരം നെക്സോണിലെ 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുകള്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. മാന്വല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ പ്രതീക്ഷിക്കാം. 

Content Highlights; New Tata car to rival Hyundai i20, Maruti Baleno - Launch by Diwali 2019