പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ടാറ്റയുടെ കരുത്ത് കാണിച്ച വാഹനമാണ് അല്‍ട്രോസ്. എതിരാളികളുടെ നിര കൂടുതല്‍ ശക്തമായതോടെ പുതിയ ടര്‍ബോ എന്‍ജിനിലും ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനിലും നിരത്തിലെത്താനുള്ള ഒരുക്കത്തിലാണ് അല്‍ട്രോസ്. വിപണിയിലെത്തുന്നതിന് മുമ്പ് ടര്‍ബോ എന്‍ജിന്‍ മോഡലിന്റെ പരീക്ഷണയോട്ടവും പുരോഗമിക്കുന്നുണ്ട്. 

കൂടുതല്‍ ഇന്ധനക്ഷമതയും ഉയര്‍ന്ന പെര്‍ഫോമെന്‍സും ഉറപ്പാക്കുന്നതിനായാണ് അല്‍ട്രോസില്‍ പെട്രോള്‍ നല്‍കുന്നത്. ഇതിനൊപ്പം ഏറ്റവും മികച്ച ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഒന്നായ ഡി.സി.ടിയും നല്‍കുന്നത് ഈ വാഹനത്തെ കൂടുതല്‍ ജനപ്രിയമാക്കും. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനുമാണ് നല്‍കുന്നത്. 

1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 110 ബി.എച്ച്.പി പവറും 140 എന്‍.എം ടോര്‍ക്കുമേകും. ഹ്യുണ്ടായി ഐ20 1.0 ലിറ്റര്‍ ടര്‍ബോ ഡി.സി.ടി, പോളോ 1.0 ടി.എസ്.ഐ ഓട്ടോമാറ്റിക് ബലേനൊ സി.വി.ടി, ജാസ് സി.വി.ടി തുടങ്ങിയ വാഹനങ്ങളാണ് ടാറ്റ അല്‍ട്രോസ് ടര്‍ബോ എന്‍ജിന്‍ ഡ്യുവല്‍ കെച്ച് ട്രാന്‍സ്മിഷന്‍ മോഡലിനെ കാത്തിരിക്കുന്ന എതിരാളികള്‍.

ടാറ്റയുടെ ആല്‍ഫ പ്ലാറ്റ്ഫോമില്‍ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയെ അടിസ്ഥാനമാക്കിയാണ് ടാറ്റയുടെ അല്‍ട്രോസ് നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഇതിലുള്ളത്. പെട്രോള്‍ എന്‍ജിന്‍ 86 പിഎസ് പവറും 113 എന്‍എം ടോര്‍ക്കും, ഡീസല്‍ 90 പിഎസ് പവറും 200 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. 

നേര്‍ത്ത ഡിസൈനിലുള്ള വീതിയേറിയ ഗ്രില്ല്, സ്പോര്‍ട്ടി ബമ്പര്‍, വലിയ എല്‍ഇഡി ഹെഡ് ലൈറ്റുകള്‍ എന്നിവയാണ് അല്‍ട്രോസിന്റെ മുന്‍വശത്തെ അലങ്കരിക്കുന്നത്. പിന്‍ഭാഗവും പതിവ് ടാറ്റ കാറുകളില്‍നിന്ന് വ്യത്യസ്തമാണ്. വശങ്ങളിലെ വലിയ വീല്‍ ആര്‍ച്ചുകള്‍ വാഹനത്തിന് മസില്‍മാന്‍ രൂപം നല്‍കും.

കണക്ടിവിറ്റി സംവിധാനങ്ങളാണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം. ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതിലുള്ളത്. എന്നാല്‍, കുറഞ്ഞ വകഭേദങ്ങളില്‍ ഹര്‍മാന്‍ ഓഡിയോ സിസ്റ്റം മാത്രമാണ്‌ ഉണ്ടാവുക. ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റ്, വണ്‍ ടച്ച് ഓട്ടോ ഡൗണ്‍ വിന്റോ, ആംറെസ്റ്റ് എന്നിവയും ഇന്റീരിയറിനെ സമ്പന്നമാക്കും.

Source: Autocar India

Content Highlights: New Tata Altroz To Be Launch With Turbo Engine And Dual Clutch Transmission