സുരക്ഷയില്‍ മാരുതി സുസുക്കി വാഹനങ്ങള്‍ എതിരാളികളെ അപേക്ഷിച്ച്‌ പൊതുവെ ബഹുദൂരം പിന്നിലാണ്. എന്നാല്‍ വരാനിരിക്കുന്ന സുസുക്കി സ്വിഫ്റ്റിന് ഇക്കൂട്ടത്തില്‍ അംഗത്വമെടുക്കാന്‍ ഉദ്ദേശമില്ല. വാഹനത്തിലെ സുരക്ഷ പരിശോധിക്കാന്‍ യൂറോ NCAP (ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ചിന്‍ മൂന്ന് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി സുരക്ഷയില്‍ തരക്കേടില്ലാത്ത സല്‍പ്പേര് സ്വന്തമാക്കിയിരിക്കുകയാണ് സ്വിഫ്റ്റ്. സ്റ്റാന്‍ഡേര്‍ഡ് സ്വിഫ്റ്റിനൊപ്പം അധിക സുരക്ഷ മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളിച്ച സേഫ്റ്റി പാക്ക് സ്വിഫ്റ്റ് മോഡലും ക്രാഷ് ടെസ്റ്റിന് വിധേയമായി. 4 സ്റ്റാര്‍ റേറ്റിങാണ് സേഫ്റ്റി പാക്ക് സ്വിഫ്റ്റ്‌ കരസ്ഥമാക്കിയത്. 

മുന്‍നിരയിലെ മുതിര്‍ന്ന യാത്രക്കാര്‍ക്ക് 83 ശതമാനം സുരക്ഷയും പിന്‍നിരയിലെ കുട്ടികള്‍ക്ക് 75 ശതമാനം സുരക്ഷയും സ്റ്റാന്‍േര്‍ഡ് സ്വിഫ്റ്റിന് ലഭിക്കുമെന്ന് ക്രാഷ് ടെസ്റ്റ് വ്യക്തമാക്കുന്നു. സേഫ്റ്റി പാക്ക് സ്വിഫ്റ്റില്‍ കുട്ടികളുടെ സുരക്ഷയില്‍ മാറ്റമില്ലെങ്കിലും മുതിര്‍ന്ന യാത്രക്കാര്‍ക്ക് 88 ശതമാനം സുരക്ഷ ഉറപ്പ് നല്‍കുന്നുണ്ട്. സുസൂക്കിയുടെ പുതിയ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമില്‍ ആറ് എയര്‍ ബാഗ് ഉള്‍പ്പെടുത്തിയ സാറ്റാന്റേര്‍ഡ് സ്വിഫ്റ്റാണ് ത്രീ സ്റ്റാര്‍ റേറ്റിങ് നേടിയത്. റഡാര്‍ ബ്രേക്ക് സപ്പോര്‍ട്ട്, ഓട്ടോമാറ്റിക്ക് എമര്‍ജന്‍സി ബ്രേക്കിങ് എന്നീ നൂതന സുരക്ഷാ സംവിധാനങ്ങള്‍ അടങ്ങിയതാണ് സേഫ്റ്റി പാക്ക് സ്വിഫ്റ്റ് മോഡല്‍.

Crash Test

ആകെ 855 കിലോഗ്രാം ഭാരമുള്ള 1.2 ലിറ്റര്‍ പെട്രോള്‍ GL മോഡലാണ് ടെസ്റ്റിനായി തിരഞ്ഞെടുത്തത്. അധികം വൈകാതെ ഈ പുതുതലമുറ സ്വിഫ്റ്റ് ഇന്ത്യയിലെക്കെത്തും. എന്നാല്‍ സുരക്ഷയില്‍ ഇത്രയധികം സന്നാഹങ്ങള്‍ ഇങ്ങോട്ടെത്തുമ്പോള്‍ പ്രതീക്ഷിക്കേണ്ട. മുന്‍നിരയിലെ ഡ്രൈവര്‍-പാസഞ്ചര്‍ സൈഡ് എയര്‍ബാഗില്‍ ഒതുങ്ങിയേക്കാം ഇവിടെ സ്വിഫ്റ്റിലെ സുരക്ഷ. ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങിനെക്കുറിച്ച് ഇന്ത്യന്‍ സ്‌പെക്കില്‍ ആലോചിക്കുക പോലും വേണ്ട. 1.2 ലീറ്റര്‍ പെട്രോള്‍, 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളിലാണ് സ്വിഫ്റ്റ് ഇങ്ങോട്ടെത്തുക. ഭാരം കുറഞ്ഞ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോം കൂടുതല്‍ ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യും. 

Swift