മിനി എസ്.യു.വി ജിംനിയുടെ പുതുതലമുറ പതിപ്പ് അടുത്തിടെയാണ് സുസുക്കി പുറത്തിറക്കിയത്. ഇതിന് പിന്നാലെ ജിംനി സിയേറ മോഡലിന്റെ അടിസ്ഥാനത്തില്‍ ഒരു പിക്കപ്പ് മോഡല്‍ അവതരിപ്പിക്കുകയാണ് സുസുക്കി. 2019 ജനുവരി 11 മുതല്‍ 13 വരെ ജപ്പാനില്‍ നടക്കുന്ന ടോക്യോ ഓട്ടോ സലൂണിലാണ് ജിംനി പിക്കപ്പ് കണ്‍സെപ്റ്റ് ആദ്യമായി പ്രദര്‍ശിപ്പിക്കുക. ഇതിന് മുന്നോടിയായി ജിംനി പിക്കപ്പിന്റെ ആദ്യ ചിത്രവും കമ്പനി പുറത്തുവിട്ടു. 

ചിത്രങ്ങള്‍ പ്രകാരം ഓഫ് വൈറ്റ് റൂഫിനൊപ്പം ഗോള്‍ഡ് നിറത്തിലുള്ള ബോഡിയാണ് പിക്കപ്പിനുള്ളത്. വലുപ്പത്തില്‍ ചെറുതാണെങ്കിലും കരുത്തുറ്റ രൂപം പിക്കപ്പ് ജിംനിക്കുണ്ട്. കെട്ടിവലിക്കാനുള്ള രണ്ട് ഹുക്ക് ഫ്രണ്ട് ബംമ്പറിലുണ്ട്. റെട്രോ സ്‌റ്റൈലിലാണ് വീല്‍. പുതിയ സ്‌കിഡ് പ്ലേറ്റ്, റാക്കിലെ ഓഫ് റോഡ് ലൈറ്റ്, വശങ്ങളിലെ വുഡ് പാനല്‍, ഉയര്‍ന്ന ബോണറ്റ്‌ എന്നിവ പിക്കപ്പിന് മാസീവ് രൂപം നല്‍കും. വാഹനത്തിന്റെ ഇന്റീരിയര്‍ ഫീച്ചേഴ്‌സ് സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. 

റഗുലര്‍ ജിംനിയുടെ അതേ എന്‍ജിനായിരിക്കും പിക്കപ്പ് മോഡലും പിന്തുടരുക. 102 ബിഎച്ച്പി പവറും 130 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ജിംനിയിലുള്ളത്. അവതരണത്തിന് പുറമേ ഈ പിക്കപ്പ് കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ മോഡല്‍ പുറത്തിറക്കുമോയെന്നുള്ള കാര്യങ്ങളെല്ലാം ടോക്യോയിലെ പ്രദര്‍ശനവേളയില്‍ കമ്പനി വ്യക്തമാക്കിയേക്കും. 

Content Highlights; New Suzuki Jimny-based pickup to debut at Tokyo