പുതുതലമുറ നിസാന്‍ ലീഫ് ഇലക്ട്രിക് കാറിന്റെ എല്‍.ഇ.ഡി പ്രൊജക്റ്റര്‍ ഹെഡ്‌ലാംമ്പ് ടീസര്‍ ചിത്രങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് കമ്പനി പുറത്തുവിട്ടത്. ഇതിനു പിന്നാലെ വരുന്ന സെപ്തംബര്‍ 6-ന് ഔദ്യോഗികമായി 2018 ലിഫ് ഇലക്ട്രിക് ഹാച്ച്ബാക്ക്‌ അരങ്ങേറ്റം കുറിക്കുമെന്ന് നിസാന്‍ അറിയിച്ചു കഴിഞ്ഞു. ഇലക്ട്രിക് കരുത്തിനൊപ്പം നിസാന്റെ പുതിയ ഓട്ടോണമസ് ഡ്രൈവിങ് സംവിധാമായ പ്രോപൈലറ്റ് സിസ്റ്റവും ഉള്‍ക്കൊള്ളിച്ചാണ് 2018 നിസാന്‍ ലീഫ് അവതരിക്കുക. 

സെപ്തംബര്‍ ആറിന് ഫ്രങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലെ ഗ്ലോബല്‍ ലോഞ്ചിന് ശേഷം അധികം വൈകാതെ ലീഫ് ഇന്ത്യയിലെക്കെത്തും. അടുത്ത വര്‍ഷം തുടക്കത്തില്‍ ഗ്രേറ്റ് നേയിഡയില്‍ നടക്കുന്ന 2018 ഓട്ടോ എക്‌സ്‌പോയില്‍ നിസാന്‍ ലീഫ് ഇന്ത്യയില്‍ കന്നി അങ്കം കുറിക്കാനാണ് സാധ്യത. ആദ്യ ഘട്ടത്തില്‍ ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് കുറഞ്ഞ യൂണിറ്റ് ലീഫ് മാത്രം ഇങ്ങോട്ടെത്തിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

Nissan Leaf

പൂര്‍ണമായ ഇറക്കുമതി ഒഴിവാക്കി ഇലക്ട്രിക് കാറുകള്‍ പ്രാദേശികമായി അസംബ്ലിള്‍ ചെയ്യാനും നിസാന്‍ ലക്ഷ്യമിടുന്നുണ്ട്. പുതിയ നികുതി ഘടന ജിഎസ്ടി (ചരക്ക് സേവന നികുതി) നിലവില്‍ വന്നതോടെ ഇലക്ട്രിക് കാറുകള്‍ക്ക് വലിയ തോതില്‍ വില കുറയുകയും ചെയ്യും. നിലവില്‍ രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ഇലക്ട്രിക് മാത്രമാണ് സമ്പൂര്‍ണ ചെറു ഇലക്ട്രിക് വാഹനങ്ങള്‍ ഇവിടെ പുറത്തിറക്കുന്നത്. ലീഫിന്റെ വരവോടെ വിപണിയില്‍ മത്സരം കടുക്കും. 

ഏഴു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നിസാന്‍ ലീഫ് ആദ്യമായി വിപണിയിലെത്തിയത്‌. നിലവില്‍ ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് കാറുകളിലൊന്നാണ് ലീഫ്. ലിഥിയം-അയേണ്‍ ബാറ്ററിയില്‍ 107 ബിഎച്ച്പി കരുത്തേകാന്‍ ലീഫിലെ ഇലക്ട്രിക് മോട്ടറിന് സാധിക്കും. 8 മണിക്കൂറിനുള്ളില്‍ ബാറ്ററിയില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാനാകും. റീ ജനറേറ്റീവ് ബ്രേക്കിങ് സംവിധാനം വഴി ബ്രേക്ക് അമര്‍ത്തുമ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജത്തിലൂടെ ബാറ്ററി റീചാര്‍ജ് ചെയ്യാനാകും.