മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗണ്‍ആറിന്റെ മൂന്നാംതലമുറ വാഹനം അവതരിപ്പിച്ചു. 4.19 ലക്ഷം മുതല്‍ 5.69 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് പുതിയ വാഗണ്‍ആര്‍ എത്തിയിരിക്കുന്നത്. 

പഴയ വാഗണ്‍ആറിനെക്കാള്‍ വലുപ്പമേറിയ മോഡലാണ് 2019 വാഗണ്‍ആര്‍. 60 എംഎം നീളവും 145 എംഎം വീതിയും 25 എംഎം ഉയരവും പുതിയ മോഡലിന് കൂടുതലുണ്ട്. യഥാക്രമം 3655 എംഎം, 1620 എംഎം, 1675 എംഎം, 2435 എംഎം എന്നിങ്ങനെയാണ് പുതിയ വാഗണ്‍ ആറിന്റെ നീളവും വീതിയും ഉയരവും വീല്‍ബേസും. 

ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്ഫോമില്‍ ടോള്‍-ബോയ് ബോഡിയില്‍ ബോക്സ് ടൈപ്പ് ഡിസൈനാണ് പുതിയ വാഗണ്‍ആറില്‍ നല്‍കിയിരിക്കുന്നത്. ഇതുവഴി കൂടുതല്‍ സുരക്ഷിതത്വം വാഹനത്തില്‍ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

WagonR

ബ്ലാക്ക്-ബീജ് ഡ്യൂവല്‍ ടോണ്‍ ഫിനീഷിങ്ങില്‍ കൂടുതല്‍ പ്രീമിയം നിലവാരത്തിലാണ് ഇന്റീരിയര്‍. ഫ്‌ളോട്ടിങ് ഡാഷ്‌ബോര്‍ഡ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വലിപ്പം കുറഞ്ഞ ഗിയര്‍ ലിവര്‍ എന്നിവയാണ് ഇന്റീരിയറിലെ പ്രധാന മാറ്റങ്ങള്‍.

ഉയര്‍ന്ന ബമ്പര്‍, ക്രോമിയം സ്ട്രിപ്പിലെ വലിയ ഗ്രില്‍, പുതിയ ഹെഡ്‌ലൈറ്റ്, വീതിയുള്ള ഇന്റിക്കേറ്റര്‍, സി-പില്ലറിലെ ബ്ലാക്ക് ഇന്‍സേര്‍ട്ട്, പിന്നിലെ വെര്‍ട്ടിക്കല്‍ ടെയില്‍ ലാമ്പ് എന്നിവ പഴയ വാഗണ്‍ആര്‍ രൂപം ആകെ മാറ്റിമറിയ്ക്കും. 

New WagonR

കൂടുതല്‍ കരുത്തുറ്റ 1.2 ലിറ്റര്‍ കെ സീരിസ് എന്‍ജിനും 1.0 ലിറ്റര്‍ എന്‍ജിനുമാണ് വാഹനത്തിന് കരുത്തേകുക. മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം ഓട്ടോമാറ്റിക് (AGS- ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) ട്രാന്‍സ്മിഷനും വാഗണ്‍ ആറിലുണ്ട്. 

സുരക്ഷയ്ക്കായി ഡ്രൈവര്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്. 

L, V, Z എന്നീ മൂന്ന് വേരിയന്റുകളുണ്ട്.  L, V വേരിയന്റുകളിലാണ് 1.0 ലിറ്റര്‍ എന്‍ജിനുള്ളത്. ഇതില്‍ V-യില്‍ മാത്രമേ ഓട്ടോമാറ്റിക്കുള്ളു. 1.2 ലിറ്റര്‍ എന്‍ജിന്‍ V, Z വേരിയന്റുകളില്‍ ലഭ്യമാകും. രണ്ടിലും മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകളുണ്ട്.

Content Highlights: New Maruti Suzuki Wagon R 2019 Launched In India: Prices Start From ₹ 4.19 Lakh