മാരുതി സുസുക്കി നിരയില്‍ ആള്‍ട്ടോയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ മോഡലാണ് സ്വിഫ്റ്റ്. അല്‍പം മിനുക്ക് പണികളോടെ പുതുതലമുറ സ്വിഫ്റ്റ് ഫെബ്രുവരിയില്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുമെന്നും ഉറപ്പായി കഴിഞ്ഞു. ഇതിന് മുന്നോടിയായി രാജ്യത്തെ വിവിധ ഡീലര്‍ഷിപ്പുകളില്‍ 2018 സ്വിഫ്റ്റിനുള്ള അനൗദ്യോഗിക ബുക്കിങ് ആരംഭിച്ചു. 11,000 രൂപ നല്‍കി പുതിയ സ്വിഫ്റ്റ് ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്. ഔദ്യോഗിക ബുക്കിങ് ഈ മാസം അവസാനത്തോടെ ആരംഭിക്കും. മുന്‍തലമുറ സ്വിഫ്റ്റിന്റെ നിര്‍മാണം ഇതിനോടകം കമ്പനി അവസാനിപ്പിച്ചിട്ടുണ്ട്. 

സുസുക്കിയുടെ ഹാര്‍ടെക്റ്റ് പ്ലാറ്റ്ഫോമിലാണ് പുതുതലമുറ സ്വിഫ്റ്റിന്റെയും നിര്‍മാണം. ഈ ലൈറ്റ് വെയ്റ്റ് പ്ലാറ്റ്ഫോം വഴി വാഹനത്തിന്റെ ഭാരം ഏകദേശം 100 കിലോഗ്രാം കുറയ്ക്കാന്‍ സാധിക്കും. നേരത്തെയുള്ളതിനെക്കാള്‍ 20 എംഎം വീല്‍ബേസ് കൂടുതലുണ്ട് സ്വിഫ്റ്റിന്. ഇതുവഴി അകത്തളത്തില്‍ കൂടുതല്‍ സ്പേസ് ലഭിക്കും. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിനും പുതിയ സ്വിഫ്റ്റിലുണ്ടാകും. 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്‍ജിനിലും 2018 സ്വിഫ്റ്റ് ലഭ്യമാകും. 5.50 ലക്ഷം രൂപ മുതല്‍ 8.50 ലക്ഷം വരെയാകും പുതിയ സ്വിഫ്റ്റിന്റെ വിപണി വില. 

2018 Swift

രൂപത്തില്‍ വാഹനത്തിന്റെ മുന്‍വശത്താണ് പ്രധാനമായും മാറ്റങ്ങള്‍. ക്രോം ഗാര്‍ണിഷിങ്ങോടു കൂടിയ ഹെക്സഗണല്‍ ഫ്ലോട്ടിങ് ഗ്രില്ല്, പുതിയ ഹെഡ് ലാമ്പ്-ഫോഗ് ലാമ്പ് എന്നിവ മുന്‍ഭാഗത്തെ രൂപം അകെമൊത്തം മാറ്റും. ഫ്‌ലോട്ടിങ് റൂഫ് വാഹനത്തിന് ക്ലാസിക് സ്‌റ്റൈല്‍ നല്‍കുന്നു. പുതിയ ടെയില്‍ ലാപും ഗ്ലാസുമാണ് പിന്‍ഭാഗത്ത്. പുതുക്കിപ്പണിത ഡാഷ്ബോര്‍ഡ്, ത്രീ സ്പോക്ക് സ്റ്റിയറിങ് വീല്‍, ഇന്‍സ്ട്രുമെന്റ് പാനല്‍ സെന്റര്‍ കണ്‍സോള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ അകത്തളത്തിന് പുതുമയേകും. 

നീളത്തിലും വീതിയിലും പഴയ മോഡലിനെക്കാള്‍ അല്‍പം മുന്നിലാണ് പുതിയ സ്വിഫ്റ്റ്. 3840 എംഎം നീളം, 1695 എംഎം വീതി, 1525 എംഎം ഉയരവും വാഹനത്തിനുണ്ട്. പെട്രോളില്‍ 21 കിലോമീറ്ററും ഡീസലില്‍ 26 കിലോമീറ്ററും ഇന്ധനക്ഷമത ലഭിക്കുമെന്നാണ് സൂചന. പുതിയ പതിപ്പിന് ശേഷം സ്വിഫ്റ്റിന്റെ ഹൈബ്രിഡ് പതിപ്പും അധികം വൈകാതെ ഇന്ത്യയിലെത്തും. 32 കിലോമീറ്ററോളം ഇന്ധനക്ഷമത ലഭിക്കുന്നതാകും ഹൈബ്രിഡ് സ്വിഫ്റ്റ്. 

Content Highlights; New Maruti Suzuki Swift Unofficial Booking Open