സാധാരണക്കാരന്റെ വാഹനമാണ് മാരുതി. പണ്ടുതൊട്ടേ അങ്ങനെയാണ് അറിയപ്പെടുന്നത്. വില തൊട്ട് സര്‍വീസിങ്ങിലും ആരെയും കമ്പനി നിരാശരാക്കിയില്ല. ആരോടു ചോദിച്ചാലും പറഞ്ഞുതന്നിരുന്ന ഒരു കാര്യമുണ്ടായിരുന്നു: മാരുതിയുടെ വണ്ടി വഴിയില്‍ കിടക്കേണ്ടി വരില്ലെന്ന്. സത്യമായിരുന്നു അത്. 

മുക്കിനു മുക്കിന് സര്‍വീസ് സെന്ററുകള്‍, പോക്കറ്റ് ചോര്‍ത്താത്ത സ്‌പെയര്‍പാര്‍ട്സുകള്‍. അതുകൊണ്ടുതന്നെ മാരുതിയുടെ ഓരോ വണ്ടിയും ഇന്ത്യ നെഞ്ചിലേറ്റി. വില്‍പ്പനയുടെ കാര്യത്തില്‍ എതിരാളികളില്ലാത്തവയായി മാരുതി മോഡലുകള്‍ മാറി. 

Ertiga

അങ്ങനെയിരിക്കെ 2014-ലാണ് സാധാരണക്കാരനൊരു എം.പി.വി. എന്ന പേരുമായി എര്‍ട്ടിഗ വന്നത്. അഞ്ചുപേരെ കൊള്ളുന്ന കാറിന്റെ വിലയ്ക്ക് എട്ടുപേര്‍ക്ക് തരക്കേടില്ലാതെ ഇരിക്കാന്‍ പറ്റുന്ന വാഹനം. കോംപാക്ട് എം.പി.വി. എന്ന ശ്രേണിയിലേക്കായിരുന്നു എര്‍ട്ടിഗയുടെ വരവ്. അവിടെ കളിക്കാന്‍ ആരുമില്ലായിരുന്നു. ടൊയോട്ട ഇന്നോവയുടെ കളത്തിലേക്ക് ഇറങ്ങാതെ സ്വന്തമായൊരു കളിക്കളം എര്‍ട്ടിഗ തീര്‍ത്തു. അവിടെ വിരാജിക്കവേ ചിലരൊക്കെ വന്നുനോക്കി പോയി, എന്നാല്‍ എര്‍ട്ടിഗയെ അതൊന്നും ബാധിച്ചില്ല. 

ഇപ്പോള്‍ അതല്ല സ്ഥിതി. മഹീന്ദ്രയുടെ മരാസോയുടെ വരവോടെ കളി മാറിയിട്ടുണ്ട്. കണ്ടറിഞ്ഞാകണം പുതിയ എര്‍ട്ടിഗയ്ക്കുള്ള കാഹളം മാരുതി മുഴക്കിയത്. ഇന്‍ഡൊനീഷ്യയില്‍ നടന്ന ഓട്ടോ ഷോയിലായിരുന്നു പുതിയ എര്‍ട്ടിഗയെ സുസുക്കി പുറത്തിറക്കിയത്. അത് ഇന്ത്യയിലേക്കുള്ള വരവിന് മുന്നോടിയായിട്ടായിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ പുതിയ എര്‍ട്ടിഗ വരുമെന്ന പ്രഖ്യാപനം അതിനു പിന്നാലെ വന്നു. 

Ertiga-5

അടിമുടി മാറിയ എര്‍ട്ടിഗയാണ് വരുന്നത്. അത് മാരുതിയുടെ പ്രീമിയം വില്‍പ്പന ശൃംഖലയായ നെക്‌സ വഴിയായിരിക്കുമെന്നാണ് അറിയുന്നത്. ഇപ്പോള്‍, ബലേനോ, വിറ്റാര ബ്രെസ്സ, ഇഗ്‌നിസ്, സിയാസ് തുടങ്ങിയവയ്‌ക്കൊപ്പമായിരിക്കും പുതിയ എര്‍ട്ടിഗ. അതേസമയം, പഴയ എര്‍ട്ടിഗ ഉപേക്ഷിക്കാനൊന്നും ഉദ്ദേശ്യമില്ല. സാധാരണ മാരുതി സുസുക്കി ഡീലര്‍ഷിപ്പുകള്‍ വഴി അത് തുടരും. 

പഴയയാളെ ടാക്സി ശ്രേണിയിലേക്ക് മാറ്റാനാണ് ഉദ്ദേശ്യമെന്ന് അറിയുന്നു. പുതിയ എര്‍ട്ടിഗയുടെ ഇന്ത്യയിലെ പരീക്ഷണ ഓട്ടങ്ങള്‍ ഓട്ടോ പാപ്പരാസികളുടെ ക്യാമറകള്‍ പലതവണ പകര്‍ത്തിക്കഴിഞ്ഞു. ദീപാവലിയോടടുത്ത് പുതിയ ആള്‍ എത്തുമെന്നാണ് സംസാരം. 

Ertiga-3

എത്രയൊക്കെ ഒളിപ്പിച്ചാലും പുതിയ എര്‍ട്ടിഗയുടെ  ഏകദേശ ചിത്രങ്ങള്‍ വ്യക്തമായിട്ടുണ്ട്. വലിപ്പം കൂടിയിട്ടുണ്ട് എന്നതാണ് എര്‍ട്ടിഗയ്ക്ക് സംഭവിച്ച പ്രധാന മാറ്റം. നിലവിലുള്ള മോഡലിനെക്കാള്‍ 110 മില്ലിമീറ്റര്‍ നീളവും 50 മില്ലിമീറ്റര്‍ വീതിയും 5 മില്ലിമീറ്റര്‍ ഉയരവും പുതിയ എര്‍ട്ടിഗയ്ക്ക് ലഭിക്കുന്നു. അതിനാല്‍ കുറവായി പറഞ്ഞിരുന്ന മൂന്നാം നിര യാത്രക്കാര്‍ക്ക് കുറച്ചുകൂടി സൗകര്യം ലഭിക്കും. ഹെഡ് റൂമും ഷോള്‍ഡര്‍ റൂമും കൂടുതല്‍ ലഭിക്കുമെന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. 

ഹെക്‌സഗണല്‍ രൂപത്തിലുള്ള ഗ്രില്ലില്‍ ക്രോം തിളക്കം. ഹെഡ് ലൈറ്റുകള്‍ പ്രൊജക്ടര്‍ ഹെഡ് ലാംപുകളായി. ഫോഗ് ലാംപുകളിലും മുന്‍ ബമ്പറിലും മാറ്റങ്ങളുണ്ട്. ടെയ്ല്‍ ലാംപാണ് പിന്നിലെ ആകര്‍ഷണം. എല്‍ ആകൃതിയാണിതിന്. കൂടുതല്‍ വ്യക്തത ലഭിക്കുന്നുണ്ട്. പഴയ എര്‍ട്ടിഗയെക്കാള്‍ കുറച്ചുകൂടി കുത്തനെയാണ് പിന്നിലെ വിന്‍ഡ്ഷീല്‍ഡ്. അതില്‍ കൂടുതല്‍ കടുത്ത ലൈനുകള്‍ കൂടി വന്നതോടെ ആവേശം കൂടിയിട്ടുണ്ട്. 

Ertiga

60:40 എന്നിങ്ങനെ വിഭജിക്കാവുന്നതാണ് മധ്യനിര സീറ്റുകള്‍. മൂന്നാംനിര സീറ്റുകള്‍ 50:50 എന്നിങ്ങനെ മടക്കാം. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമായ ഇരുത്തം ഇത് നല്‍കും. നീളം കൂടിയതിനാല്‍ ബൂട്ട് സ്‌പേസിലും കൂടുതല്‍ സ്ഥലം പ്രതീക്ഷിക്കാം. സിയാസില്‍ കണ്ട 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം പുതിയ എര്‍ട്ടിഗയിലേക്കും വരും. തുകലില്‍ പൊതിഞ്ഞ സ്റ്റിയറിങ് വീല്‍, പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 16 ഇഞ്ച് അലോയ് വീലുകള്‍ ഇവയും പുതിയ എര്‍ട്ടിഗയില്‍ കണ്ടേക്കാം. 

നിലവിലുള്ള 1.4 ലിറ്റര്‍ എന്‍ജിന്‍ മാറ്റി സിയാസിലെ  1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും എര്‍ട്ടിഗയ്ക്കും മാരുതി സുസുക്കി നല്‍കുക. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 102 ബി. എച്ച്.പി. കരുത്തും 138 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുക. അഞ്ച് സ്പീഡാകും മാനുവല്‍ ഗിയര്‍ബോക്‌സ്. ഒപ്പം അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് പതിപ്പും പുതിയ എര്‍ട്ടിഗയില്‍ തലയുയര്‍ത്തും. 

Ertiga-1

മാരുതിയുടെ പുതിയ 1.5 ഡീസല്‍ എന്‍ജിനായിരിക്കും മറ്റൊന്ന്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും ഇതിന്. ഇരട്ട എയര്‍ബാഗുകള്‍, ഇലക്ട്രിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ ആദ്യ സെഗ്മെന്റ് മോഡലുകളില്‍ വരെയുണ്ടാകും. വിലയുടെ കാര്യത്തിലായിരിക്കും കളിയെന്ന് കരുതുന്നു. ഏഴ് ലക്ഷം മുതലായിരിക്കും വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.