ള്‍ട്ടി പര്‍പ്പസ് ശ്രേണിയില്‍ മാരുതി സുസുക്കിയുടെ തുറുപ്പുചീട്ടാണ് എര്‍ട്ടിഗ. അടുത്തിടെ മാരുതി കുടുംബത്തിലേക്ക്‌ സെലേരിയോ, ഡിസയര്‍, എസ്-ക്രോസ് എന്നിവ പുതിയ രൂപത്തിലെത്തി വിപണി പിടിച്ചതിനാല്‍ ഇനി അടുത്ത അവസരം എര്‍ട്ടിഗയ്ക്കാണ്. ഒരെ മുഖഛായയില്‍ മാറ്റമില്ലാതെ എര്‍ട്ടിഗ ഓടാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി അതിനാല്‍ ഇനി ഒരു മാറ്റത്തിനായി എര്‍ട്ടിഗയെ പുതിയ മുഖഭാവത്തില്‍ അവതരിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി സുസുക്കി. കമ്പനിയുടെ പുതിയ സെവന്‍ സീറ്റര്‍ എംപിവിയുടെ ടെസ്റ്റ് ഡ്രൈവ് ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. ഈ എം.പി.വി എര്‍ട്ടിഗയാണെന്നാണ് സൂചന. എന്നാല്‍ പുതിയ എര്‍ട്ടിഗ അവതരിപ്പിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇതുവരെ കമ്പനി നല്‍കിയിട്ടില്ല. ടൊയോട്ട ഇന്നോവയ്ക്ക് ശക്തനായ എതിരാളിയായി 2012 എപ്രിലിലാണ് മാരുതി സുസുക്കി എര്‍ട്ടിഗയെ ഇന്ത്യയിലെത്തിച്ചത്. നാളിതുവരെ ഏകദേശം മൂന്ന് ലക്ഷത്തോളം എര്‍ട്ടിഗ കമ്പനി ഇവിടെ വിറ്റഴിച്ചിട്ടുണ്ട്. 

പുതിയ ഡിസയറിനും വരാനിരിക്കുന്ന സ്വിഫ്റ്റിനും സമാനമായി ലൈറ്റ് വെയിറ്റ് പ്ലാറ്റ്‌ഫോമലാണ് പുതിയ എര്‍ട്ടിഗയും എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ കൂടുതല്‍ ഇന്ധനക്ഷമത പ്രതീക്ഷിക്കാം. കഴിഞ്ഞ ദിവസം ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ്സ് ഹൈവേയില്‍ പുറംമോടിയാകെ മൂടികെട്ടി ടെസ്റ്റ് ഡ്രൈവ് ചെയ്ത മോഡലിന് രൂപത്തില്‍ നിലവിലുള്ള എര്‍ട്ടിഗയുമായി ഏറെ സാമ്യമുണ്ട്. തായ്‌ലാന്‍ഡ് എര്‍ട്ടിഗ സ്‌പെക്കിന് സമാനമായി അല്‍പം നീളം കൂടുതല്‍ പുതിയ താരത്തിനുണ്ട്. കൂടുതല്‍ ഇന്ധനക്ഷമത നല്‍കുന്ന സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനം സഹിതം പെട്രോള്‍-ഡീസല്‍ എന്‍ജിനില്‍ നിലവില്‍ എര്‍ട്ടിഗ വിപണിയിലുണ്ട്. 91 ബിഎച്ച്പി പവറും 130 എന്‍എം ടോര്‍ക്കുമേകുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 89 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനും അതേപടി പുതിയ എര്‍ട്ടിഗയിലും തുടര്‍ന്നേക്കും.

Courtesy; IndiaCarNews