ഹാപോഹങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും അവസാനമായി. മഹീന്ദ്രയില്‍ നിന്ന് പുറത്തിറങ്ങാനിരിക്കുന്ന എസ്‌യുവിയുടെ പേര് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏഴ് സീറ്റുകളിലായി മഹീന്ദ്ര അണിയിച്ചൊരുക്കുന്ന ആ എസ്‌യുവിയുടെ പേര് ഓള്‍ട്ടുറാസ് എന്നാണ്. ഇത് നവംബര്‍ 24ന് വിപണിയിലെത്തും.

ഈ വാഹനത്തിന്റെ പേര് ഇന്‍ഫെര്‍നോ എന്നായിരിക്കുമെന്നും വാഹനം നവംബര്‍ 19-ന് വിപണിയില്‍ എത്തുമെന്നും മുമ്പ്  അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍, വാഹനം നവംബര്‍ 24-ന് പുറത്തിറക്കുമെന്ന് തിങ്കളാഴ്ച കമ്പനി ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

സാങ്‌യോങ് റെക്‌സ്‌റ്റോണ്‍ എസ്‌യുവിയുടെ രണ്ടാം തലമുറയായാണ് ഓള്‍ട്ടുറാസ് നിരത്തിലെത്തിക്കുന്നത്. 2018 ഓട്ടോ എക്‌സ്‌പോയിലാണ് ഈ വാഹനം അവതരിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ അവതരിപ്പിച്ച റെക്‌സ്‌ടോണിന് സമാനമായ രൂപകല്‍പനയാണ് ഓള്‍ട്ടുറാസിനുമുള്ളത്.  

വെര്‍ട്ടിക്കിള്‍ സ്ലാറ്റ് ഗ്രില്‍, പുതിയ ബമ്പര്‍, എല്‍ഇഡി ഹെഡ്ലാറ്റ്, ഡിആര്‍എല്‍, ഇലക്ട്രിക് സണ്‍റൂഫ്, എന്നിവ എക്സ്റ്റീരിയറിലെയും  ലെതര്‍ ഫിനീഷ് ഡാഷ് ബോര്‍ഡ്, 9.2 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടു സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഏഴ് ഇഞ്ച് എല്‍ഇഡി മീറ്റര്‍ കണ്‍സോള്‍ എന്നിവ ഇന്റീരിയറിലെയും പ്രത്യേകതയാണ്.

അടിസ്ഥാന മോഡല്‍ മുതല്‍ ഡുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി സുരക്ഷ ഒരുക്കുന്നുണ്ട്. ടോപ്പ് എന്‍ഡില്‍ റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിങ് എന്നിവയ്ക്കൊപ്പം എട്ട് എയര്‍ബാഗും ഒരുക്കിയിട്ടുണ്ട്.

2.2 ലിറ്റര്‍ നാല് സിലണ്ടര്‍ ഡീസല്‍ എന്‍ജിനിലാണ് ഈ വാഹനം എത്തുന്നത്. 2157 സിസിയില്‍ 178 ബിഎച്ച്പി പവറും 450 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഓള്‍ട്ടുറാസില്‍ ടുവീല്‍, ഫോര്‍ വീല്‍ ഡ്രൈവ് മോഡുകളും ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമാണ് നല്‍കിയിരിക്കുന്നത്.

ഇന്ത്യയിലെ എസ്യുവി ശ്രേണിയില്‍ കരുത്തരായ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡേവര്‍, ഇസുസു എംയു-എക്‌സ്, മിസ്തുബുഷി പജേറൊ സ്‌പോര്‍ട്ട് എന്നിവരാണ് ഓള്‍ട്ടുറാസിന്റെ എതിരാളികള്‍.

Content Highlights: New Mahindra Seven Seater SUV Called 'Alturas G4'