മഹീന്ദ്രയുടെ താരമായിരുന്നു സ്‌കോര്‍പിയോ. എസ്.യു.വി. യുടെ ഗാംഭീര്യവും ആഡംബരവും ആദ്യം ഇന്ത്യക്കാരെ മനസ്സിലാക്കിത്തന്നതില്‍ സ്‌കോര്‍പിയോയ്ക്കുള്ള സ്ഥാനം തള്ളാനാവില്ല. എന്നാല്‍, എസ്.യു.വി. യോട് ഇന്ത്യക്കാര്‍ക്ക് പ്രണയം കൂടുകയും അതിനനസുസരിച്ച് കൂടുതല്‍ കമ്പനികള്‍ ഈ ശ്രേണിയിലേക്ക് കൂടുതല്‍ വാഹനങ്ങള്‍ തള്ളിവിടുകയും ചെയ്തതോടെ സ്‌കോര്‍പിയോയ്ക്കും ചെറുതായി അടിപതറി. എന്നാല്‍, വീണ്ടും വാശിയോടെ പുതുമകള്‍ നിറച്ച് വരികയാണ് സ്‌കോര്‍പിയോ.

ഓരോ തവണയും ചെറിയ ചെറിയ മിനുക്കുപണികള്‍ നടത്തിയാണ് സ്‌കോര്‍പിയോ എത്താറുള്ളത്. ഇത്തവണ പക്ഷേ ബോണറ്റിനടിയില്‍ കൂടുതല്‍ ശക്തിയുമായാണ് സ്‌കോര്‍പിയോയുടെ വരവ്. പണിപ്പുരയിലുള്ള വാഹനത്തിന്റെ ട്രയല്‍ റണ്ണുകള്‍ കര്‍ണാടകത്തില്‍ നടക്കുന്നതായാണ് വിവരം. ഗ്രില്ലിലടക്കം മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ സ്‌കോര്‍പിയോ വരുന്നത്. ഗ്രില്‍ ചെറുതായി, ഏകദേശം ജീപ്പിന്റെ ഗ്രില്ലിനെ അനുസ്മരിപ്പിക്കുന്ന വിധമാക്കിയിട്ടുണ്ട്. കൂടാതെ താഴെ നീളത്തിലുള്ള എയര്‍വെന്റുകളും പുതിയ ഫോഗ്ലാമ്പുകളും കാണാം. പിന്നിലും ചില മിനുക്കുപണികള്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം.
ബോണറ്റിനടിയില്‍ 2.2 ലിറ്റര്‍ എം. ഹ്വാക്ക് ഡീസല്‍ എന്‍ജിനാണ്. പഴയതിനേക്കാളും 20 എച്ച്.പി. കൂടുതല്‍ കരുത്ത് നല്‍കുമെന്ന് പറയുന്നു. ആകാരത്തില്‍ വലിയ മാറ്റമൊന്നുമില്ല. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ മാറ്റങ്ങളുണ്ടായേക്കും. ടച്ച് സ്‌ക്രീനിന് വലിപ്പം കൂടുന്നുണ്ട്. അതോടൊപ്പം ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയടക്കമുള്ള നവീന സാങ്കേതിക വിദ്യകളും ഉള്‍പ്പെടുത്തിയായിരിക്കും പുതിയ സ്‌കോര്‍പിയോയുടെ വരവ്.