ലാന്‍ഡ് റോവറിന്റെ അഞ്ചാം തലമുറ ഡിസ്‌കവറി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഏഴ് സീറ്റുകളുള്ള പ്രീമിയം സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനമാണ് പുതിയ ഡിസ്‌കവറി. S, SE, HSE, HSE ലക്ഷ്വറി, ഫസ്റ്റ് എഡിഷന്‍ എന്നീ അഞ്ച് വകഭേദങ്ങളിലാണ് 2017 ഡിസ്‌കവറി അവതരിച്ചത്. 71.38 ലക്ഷം രൂപയാണ് ബേസ് മോഡലിന്റെ മുംബൈ എക്സ് ഷോറൂം വില, ടോപ് സ്‌പെക്കിന്റെ വില 1.08 കോടി രൂപയിലെത്തും. 2014 ന്യൂയോര്‍ക്ക് ഓട്ടോഷോയില്‍ അവതരിപ്പിച്ച ഡിസ്‌കവറി വിഷന്‍ കണ്‍സെപ്റ്റിന്റെ അടിസ്ഥാനത്തിലാണ് അഞ്ചാം തലമുറ ഡിസ്‌കവറിയുടെ നിര്‍മാണം. 

1989-ല്‍ ആണ് ഡിസ്‌കവറിയെന്ന സെവന്‍ സീറ്റര്‍ എസ്.യു.വി.യെ ലാന്‍ഡ് റോവര്‍ അവതരിപ്പിക്കുന്നത്. സെവന്‍ സീറ്റര്‍ എസ്.യു. വി.യുകളുടെ വന്‍കിട ബ്രാന്‍ഡായിരുന്നു അന്ന് ലാന്‍ഡ്റോവര്‍. 1998-ല്‍ രണ്ടാം തലമുറയും 2004-ല്‍ മൂന്നാം തലമുറ ഡിസ്‌കവറിയും റോഡിലിറങ്ങി. തുടര്‍ന്ന് നാലാം തലമുറ എത്തിയത് 2010-ല്‍ ആയിരുന്നു. ഏറെ മാറ്റങ്ങളുമായി ഡിസ്‌കവറി വിഷന്‍ കണ്‍സെപ്റ്റ് അവതരിപ്പിക്കപ്പെട്ടത് 2014-ലെ ന്യൂയോര്‍ക്ക് ഓട്ടോ ഷോയിലായിരുന്നു. കഴിഞ്ഞവര്‍ഷം യു.കെ.യില്‍ ഇതിന്റെ പ്രൊഡക്ഷന്‍ മോഡല്‍ അവതരിപ്പിക്കപ്പെട്ടു. തൊട്ടുപിന്നാലെ പാരീസ് മോട്ടോര്‍ ഷോയില്‍  അഞ്ചാം തലമുറ ഡിസ്‌കവറിയുടെ ആഗോളപ്രവേശം പ്രഖ്യാപിക്കപ്പെട്ടു. ഇതും കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് അഞ്ചാമന്‍ ഡിസ്‌കവറി ഇപ്പോള്‍ ഇന്ത്യയിലേക്കെത്തിയത്.  

Discovery

3.0 ലിറ്റര്‍ ഡീസല്‍, 3.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളിലാണ് പുതിയ ഡിസ്‌കവറി ലഭ്യമാകുക. വിസ്താരമേറിയ ഉള്‍വശം, മികച്ച രൂപകല്‍പ്പന, വെള്ളപ്പൊക്കം പോലെയുള്ള സാഹചര്യങ്ങളിലും നദി കുറുകെ കടക്കാനും സാധിക്കുന്ന തരത്തില്‍ ഫുള്‍സൈസ് സ്പെയര്‍ വീല്‍ എന്നിവയാണ് ഡിസ്‌കവറിയുടെ പ്രധാന സവിശേഷതകള്‍. പെര്‍മനന്റ് ഫോര്‍ വീല്‍ ഡ്രൈവ്, സിംഗിള്‍ സ്പീഡ് ട്രാന്‍സ്ഫര്‍ ബോക്സ്, ടു സ്പീഡ് ബോക്സ് എന്നിവ ഏത് തരത്തിലുള്ള റോഡുകളിലും മികച്ച യാത്രയൊരുക്കും. 360 ഡിഗ്രി കാഴ്ച സാധ്യമാക്കുന്ന സറൗണ്ട് ക്യാമറയും 25.4 സെന്റിമീറ്റര്‍ ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേയുമുണ്ട്. ഒന്‍പത് യുഎസ്ബി പോര്‍ട്ടുകളും ലഭ്യമാക്കിയിട്ടുണ്ട്.

അലുമിനിയം മോണോകോക്ക് ബോഡിയില്‍ നിര്‍മിച്ച പുതിയ ഡിസ്‌കവറിക്ക് പിന്‍മുറക്കാരനേക്കാള്‍ ഭാരം കുറവാണ്. എന്നാല്‍ ബോഡിക്ക് കരുത്ത് കൂടുതലുമാണ്. പെട്രോള്‍ എന്‍ജിന്‍ 6500 ആര്‍പിഎമ്മില്‍ 335 ബിഎച്ച്പി പവറും 3500-5000 ആര്‍പിഎമ്മില്‍ 450 എന്‍എം ടോര്‍ക്കുമേകും. 3750 ആര്‍പിഎമ്മില്‍ 255 ബിഎച്ച്പി പവറും 2000 ആര്‍പിഎമ്മില്‍ 600 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഡീസല്‍ എന്‍ജിന്‍. രണ്ടിലും 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. ഔഡി Q7, ബെന്‍സ് GLS, വോള്‍വോ XC90  എന്നിവയാണ് ഇവിടെ ഡിസ്‌കവറിയുടെ പ്രധാന എതിരാളികള്‍. 

Discovery
Courtesy; landrover

Content Highlights: 2017LandroverDiscovery, NewDiscovery, Discovery, LandroverDiscovery, Landrover, 2017Discovery