ലാന്‍ഡ്റോവര്‍ ഡിസ്‌കവറിയുടെ അഞ്ചാം തലമുറ ഇന്ത്യയ്ക്കു വേണ്ടി ഒരുങ്ങിക്കഴിഞ്ഞു. നാലുതലമുറ കഴിയുമ്പോള്‍ പന്ത്രണ്ടു ലക്ഷം ഡിസ്‌കവറികള്‍ ലോകത്തെ നിരത്തുകളില്‍ പായുന്നുണ്ട്. ലാന്‍ഡ്റോവറിന്റെ അഭിമാനഭാജനമായ ഈ ലക്ഷ്വറി എസ്.യു.വി.യുടെ അഞ്ചാം തലമുറ ഒക്ടോബറില്‍ ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്. 1989-ല്‍ ആണ് ഡിസ്‌കവറിയെന്ന സെവന്‍ സീറ്റര്‍ എസ്.യു.വി.യെ ലാന്‍ഡ്റോവര്‍ അവതരിപ്പിക്കുന്നത്. സെവന്‍ സീറ്റര്‍ എസ്.യു. വി.യുമായി വരുന്ന വന്‍കിട ബ്രാന്‍ഡായിരുന്നു അന്ന് ലാന്‍ഡ്റോവര്‍. 

Discovery

1998-ല്‍ രണ്ടാം തലമുറയും 2004-ല്‍ മൂന്നാം തലമുറ ഡിസ്‌കവറിയും റോഡിലിറങ്ങി. തുടര്‍ന്ന് നാലാം തലമുറ എത്തിയത് 2010-ല്‍ ആയിരുന്നു. ഏറെ മാറ്റങ്ങളുമായി ഡിസ്‌കവറി വിഷന്‍ കണ്‍സെപ്റ്റ് അവതരിപ്പിക്കപ്പെട്ടത് 2014-ലെ ന്യൂയോര്‍ക്ക് ഓട്ടോ ഷോയിലായിരുന്നു. കഴിഞ്ഞവര്‍ഷം യു.കെ.യില്‍ ഇതിന്റെ പ്രൊഡക്ഷന്‍ മോഡല്‍ അവതരിപ്പിക്കപ്പെട്ടു. കഴിഞ്ഞവര്‍ഷം പാരീസ് മോട്ടോര്‍ ഷോയിലാണ് അഞ്ചാം തലമുറ ഡിസ്‌കവറിയുടെ ആഗോളപ്രവേശം പ്രഖ്യാപിക്കപ്പെട്ടത്. ഒരു വര്‍ഷത്തിന് ശേഷമാണ് ഇത് ഇന്ത്യയിലേക്ക് വരുന്നത്.

Discovery

അലുമിനിയം മോണോകോക്ക് ബോഡിയില്‍ നിര്‍മിച്ച പുതിയ ഡിസ്‌കവറിക്ക് പിന്‍മുറക്കാരനേക്കാള്‍ ഭാരം കുറവാണ്. എന്നാല്‍ ബോഡിക്ക് കരുത്ത് കൂടുതലുമാണ്. അകത്തും മാറ്റങ്ങളേറെ കൊണ്ടുവന്നിട്ടുണ്ട്. ഇന്റലിജന്റ് സീറ്റ് ടെക്നോളജിയാണ് അതിലൊന്ന്. രണ്ടും മൂന്നും റോ സീറ്റുകള്‍ പിന്നിലെ ബട്ടണുപയോഗിച്ച് ക്രമീകരിക്കാന്‍ കഴിയും. സ്മാര്‍ട്ട് ഫോണുപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയുന്ന സെന്‍ട്രല്‍ ടച്ച് സ്‌ക്രീന്‍, ഇന്‍ കണ്‍ട്രോള്‍ ടച്ച് പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മെറീഡിയന്‍ ഡിജിറ്റല്‍ സൗണ്ട് സിസ്റ്റത്തിന്റെ പതിനാല് സ്പീക്കറുകള്‍, നാല് പന്ത്രണ്ടു വോള്‍ട്ടിന്റെ ചാര്‍ജിങ് പോയിന്റുകള്‍ എന്നിവ പുതുതായി കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

ഇന്ത്യയ്ക്കായി  എസ്.ഐ. 6, ടി.ഡി.വി. 6 എന്നീ എന്‍ജിനുകളായിരിക്കും ഉണ്ടാവുക. പെട്രോളില്‍ സൂപ്പര്‍ ചാര്‍ജ്ഡ് 3.0 ലിറ്റര്‍ എന്‍ജിനായിരിക്കും. ഇത് 335 ബി.എച്ച്.പി. കരുത്തും 450 എന്‍.എം. പരമാവധി ടോര്‍ക്കും നല്‍കും. സിക്‌സ് സിലിന്‍ഡര്‍ ടി.ഡി. 6 ഡീസല്‍ എന്‍ജിന്‍ 254 ബി.എച്ച്.പി. കരുത്തും 600 എന്‍.എം. പരമാവധി ടോര്‍ക്കും നല്‍കും. എന്നാല്‍ വിലയുടെ കാര്യം തീരുമാനമായിട്ടില്ല. പ്രധാനമായും ഇന്ത്യയില്‍ ഔഡി ക്യു 7 ആയിരിക്കും ലാന്‍ഡ് റോവര്‍ ഡിസ്‌കവറിയുടെ പ്രധാന എതിരാളി. 

Discovery