മുന്‍നിര എസ്.യു.വികളെ ഓര്‍മ്മപ്പെടുത്തുന്ന രൂപത്തില്‍ കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ മഹീന്ദ്ര വിപണിയിലെത്തിച്ച KUV 100-ന് പ്രതീക്ഷയ്‌ക്കൊത്ത ജനപ്രീതി നേടാന്‍ സാധിച്ചിരുന്നില്ല. ഈ തിരിച്ചടി നികത്താന്‍ ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം കാര്യമായ മുഖംമിനുക്കലോടെ പുതിയ പേരില്‍ KUV 100 NXT എത്തുകയാണ്. KUV 100-ന്റെ ആദ്യ പരിഷ്‌കൃത പതിപ്പ് ഒക്ടോബര്‍ 10-ന് പുറത്തിറക്കുമെന്ന് മഹീന്ദ്ര പ്രഖ്യാപിച്ചു കഴിഞ്ഞു. വരവിന് മുന്നോടിയായി ലീക്കായ KUV-യുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. 

പുറംമോടിയില്‍ മുന്‍ഭാഗത്താണ് വാഹനത്തിലെ പ്രധാന മാറ്റം. ഹെഡ്‌ലൈറ്റും ഫോഗ് ലാംമ്പും ബോണറ്റും അടങ്ങിയ ഭാഗത്തിന്റെ ഡിസൈന്‍ മാറ്റിയിട്ടുണ്ട്. മുന്നിലും പിന്നിലും അലൂമിനിയം നിര്‍മിത സ്‌കിഡ് പ്ലേറ്റും ഇടംപിടിച്ചു. മുന്‍മോഡലിനെക്കാള്‍ 25 എംഎം നീളവും അധികമുണ്ട്, ഇതോടെ 3700 എംഎം ആയി ആകെ നീളം. ബോഡിക്ക് ചുറ്റും പ്ലാസ്റ്റിക്ക് ക്ലാഡിങ്ങും സ്ഥാനംപിടിച്ചു. ഇന്റഗ്രേറ്റഡ് റൂഫ് റെയില്‍, ടെയില്‍ ഗേറ്റ് സ്‌പോയിലര്‍, 15 ഇഞ്ച് മെഷീന്‍ കട്ട് അലോയി വീല്‍ എന്നിവ സ്‌പോര്‍ട്ടി ലുക്ക് വര്‍ധിപ്പിക്കും. 

ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റമാണ് അകത്തളത്തെ ആകര്‍ഷണം. ടോപ് സ്‌പെക്കില്‍ മാത്രേ ടച്ച് സ്‌ക്രീന്‍ സിസ്റ്റം ലഭിക്കു. ബേസ് വേരിയന്റ് ഉള്‍വശം ഗ്രേ കളറിലും ടോപ് വേരിയന്റ് ആള്‍ ബ്ലാക്ക് കളറിലുമാണ് അണിയിച്ചൊരുക്കിയത്. KUV 100-ന്റെ വേരിയന്റുകളും കമ്പനി വെട്ടിക്കുറച്ചു. K2+, K4+, K6+, K8, k8+ എന്നീ പതിപ്പുകളിലാണ് പുതിയ മോഡല്‍ ലഭ്യമാവുക. ഇനി സ്റ്റാന്റേര്‍ഡായി സിക്‌സ് സീറ്ററായിരിക്കും KUV 100. ആവശ്യക്കാരുണ്ടെങ്കില്‍ ഓര്‍ഡറിനനുസരിച്ച് 5 സീറ്ററും നിര്‍മിച്ച് നല്‍കും.

KUV 100 NXT
Courtesy; gaadiwaadi

മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ ഒരു മാറ്റവുമില്ല. 1.2 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ പഴയപടി തുടരും. പെട്രോള്‍ എന്‍ജിന്‍ 83 പിഎസ് പവറും 115 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ ഡീസല്‍ എന്‍ജിന്‍ 78 പിഎസ് പവറും 190 എന്‍എം ടോര്‍ക്കും നല്‍കും. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. മാരുതി സുസുക്കി ഇഗ്നീസ്, ഹ്യുണ്ടായി ഐ 20 ആക്ടീവ് എന്നിവയാണ് ഇതിന്റെ മുഖ്യ എതിരാളി. അഡീഷ്ണല്‍ ഫീച്ചേഴ്‌സ്‌ ഉള്‍പ്പെടുത്തിയതിനാല്‍ വില ചെറിയതോതില്‍ ഉയരാന്‍ സാധ്യതയുണ്ട്. നിലവില്‍ 4.7 ലക്ഷം മുതല്‍ 7.4 ലക്ഷം രൂപ വരെയാണ് KUV 100 യുടെ കോഴിക്കോട് എക്‌സ്‌ഷോറൂ വില.

KUV 100 NXT
Courtesy; gaadiwaadi