കിയയുടെ എം.പി.വി മോഡലായ കാര്‍ണിവലിന്റെ പുതിയ പതിപ്പ് മാസങ്ങള്‍ക്ക് മുമ്പാണ് പ്രദര്‍ശനത്തിനെത്തിയത്. മുഖഭാവത്തില്‍ ഉള്‍പ്പെടെ ഡിസൈന്‍ മാറ്റവുമായാണ് പുതിയ പതിപ്പ് എത്തുന്നത്. ഈ മോഡലിനായുള്ള കാത്തിരിപ്പ് തുടരുന്നതിനിടെ കാര്‍ണിവലിന്റെ ആഡംബര പതിപ്പായ ഹൈ-ലിമോസില്‍ വകഭേദത്തിന്റെ വിവരങ്ങളും കിയ പുറത്തുവിട്ടു. 

ഏഴ്, ഒമ്പത് എന്നിങ്ങനെ രണ്ട് സീറ്റിങ്ങ് ഓപ്ഷനുകളില്‍ എത്തുന്ന ഹൈ-ലിമോസില്‍ മറ്റ് വേരിയന്റുകളെക്കാള്‍ പ്രീമിയം ആയിരിക്കുമെന്നാണ് കിയ വെളിപ്പെടുത്തിയിരിക്കുന്നത്. റൂഫ് ബോക്‌സായിരിക്കും എക്‌സ്റ്റീരിയറില്‍ ഈ വാഹനത്തിന് മാറ്റമൊരുക്കുന്നത്. അടുത്ത വര്‍ഷം പകുതിയോടെ ഈ പതിപ്പ് വിപണിയില്‍ എത്തിക്കുമെന്നാണ് കിയ ഉറപ്പുനല്‍കുന്നത്. 

ഡിസൈനില്‍ അടുത്തിടെ കിയ അവതരിപ്പിച്ച പുതുതലമുറ കാര്‍ണിവലിന് സമാനമാണ് ഹൈ-ലിമോസിനും. റോമ്പസ് ഷേപ്പിലുള്ള ക്രോം പാറ്റേണ്‍ ഗ്രില്ല്, എല്‍.ഇ.ഡി ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍, പുതിയ ബംമ്പര്‍, സ്‌കിഡ് പ്ലേറ്റ്, സൈഡ് സ്റ്റെപ്പ്, എല്‍.ഇ.ഡി ടെയില്‍ലൈറ്റ് എന്നിവയാണ് പുതിയ കാര്‍ണിവലില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍.

അകത്തളമാണ് കൂടുതല്‍ ആഡംബരമാകുന്നത്. ഉയര്‍ന്ന ഹെഡ്‌റും, റൂഫില്‍ നല്‍കുന്ന എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, മൂഡ് ലൈറ്റുകള്‍, വിഐപി ആംറെസ്റ്റുകള്‍, മുന്‍നിര സീറ്റുകളുടെ ആംറെസ്റ്റില്‍ നല്‍കിയിട്ടുള്ള ചൂടാക്കാനും തണുപ്പിക്കാനും കഴിയുന്ന കപ്പ് ഹോള്‍ഡറുകള്‍ എന്നിവ ഹൈ-ലിമോസിനില്‍ നല്‍കിയിരിക്കുന്ന അധിക ഫീച്ചറുകളാണ്. 

UVO കണക്ടഡ് കാര്‍ ടെക്നോളജി തുടരും. ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ്-ഹീറ്റഡ് സംവിധാനമുള്ള സീറ്റ്, പവര്‍ ടെയ്ല്‍ഗേറ്റ് എന്നിവ ഇന്റീരിയറിലെ പുതുമയാകും. എട്ട് എയര്‍ബാഗുകള്‍, എ.ബി.എസ്, ഇ.എസ്.സി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ അസിസ്റ്റ് എന്നിങ്ങനെ നീളുന്നതാണ് സുരക്ഷാ സൗകര്യങ്ങള്‍.

3.5 ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിനാണ് ഹൈ-ലിമോസില്‍ വേരിയന്റില്‍ നല്‍കുകയെന്നാണ് സൂചന. 290 ബി.എച്ച്.പി പവറും 355 എന്‍.എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 200 ബി.എച്ച്.പി പവറും 440 എന്‍.എം ടോര്‍ക്കുമേകുന്ന 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലാണ് ഇന്ത്യയില്‍ കാര്‍ണിവല്‍ എത്തുന്നത്. 

Content Highlights: New Kia Carnival Hi-Limousine Unveiled Globally