ദിവസങ്ങള്‍ക്ക് മുമ്പ് ഹ്യുണ്ടായ് അവതരിപ്പിച്ച സബ് ഫോര്‍ മീറ്റര്‍ എസ്.യു.വി മോഡലായ വെന്യുവിന്റെ ബുക്കിങ് 15000 യൂണിറ്റ് പിന്നിട്ടതായി കമ്പനി അധികൃതര്‍ അറിയിച്ചു. ഇതില്‍ 65 ശതമാനത്തോളം ബുക്കിങും പെട്രോള്‍ മോഡലിനാണ്. ഏപ്രില്‍ മുതലാണ് വെന്യുവിനുള്ള ബുക്കിങ് ആരംഭിച്ചത്. ഇതിനോടകം 50000 ത്തിലേറെ അന്വേഷണങ്ങള്‍ വെന്യുവിന് ലഭിച്ചിട്ടുണ്ട്.
E, S, EX, EX (ഓപ്ഷണല്‍) എന്നീ നാല് വകഭേദങ്ങളിലാണ് വെന്യു ലഭ്യമാവുക. രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനും കരുത്ത് പകരുന്ന വെന്യുവിന് 13 വേരിയന്റുകളുണ്ട്. പെട്രോളിന് 6.50-11.10 ലക്ഷം രൂപയും ഡീസലിന് 7.75-8.84 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില. കണക്ടിവിറ്റി ഫീച്ചറായ ബ്ലൂ ലിങ്കാണ് വെന്യുവിലെ പുതുമ. യാത്രക്കാരുടെയും വാഹനത്തിന്റേയും സുരക്ഷ, സര്‍വീസ് മുന്നറിയിപ്പുകള്‍ തുടങ്ങി 33 ഫീച്ചറുകള്‍ ബ്ലൂ ലിങ്കിലൂടെ ലഭ്യമാകും. ഇതില്‍ പത്തെണ്ണം ഇന്ത്യയ്ക്ക് മാത്രമായി തയ്യാറാക്കിയതാണ്.
ആദ്യ പെട്രോള്‍ വകഭേദത്തില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്ജിന് 81 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. രണ്ടാമത്തെ പെട്രോള്‍ വകഭേദത്തില്‍ 118 ബിഎച്ച്പി പവറും 171 എന്‍എം ടോര്‍ക്കും നല്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണുള്ളത്. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ചാണ് ട്രാന്സ്മിഷന്. 89 ബിഎച്ച്പി പവറും 219 എന്‍എം ടോര്‍ക്കുമേകുന്നതാണ് 1.4 ലിറ്റര്‍ ഡീസല്‍ എന്ജിന്. 6 സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്സ്മിഷന്. പ്രധാനമായും മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്സോണ്‍, ഫോര്‍ഡ് എക്കോസ്പോര്‍ട്ട്, മഹീന്ദ്ര എക്സ്യുവി 300 എന്നിവയോടാണ് വിപണിയില്‍ ഹ്യുണ്ടായ് വെന്യുവിന്റെ മത്സരം.
Content Highlights; Hyundai Venue, Venue Booking, Venue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..