കോംപാക്ട് എസ്.യു.വി മോഡലായ വെന്യുവിന്റെ നിര്‍മാണം ഹ്യുണ്ടായ് ആരംഭിച്ചു. തമിഴ്നാട്ടിലെ നിര്‍മാണ കേന്ദ്രത്തില്‍നിന്ന് വെന്യുവിന്റെ ആദ്യ പ്രൊഡക്ഷന്‍ യൂണിറ്റും കമ്പനി പുറത്തിറക്കി. ഹ്യുണ്ടായ് നിരയില്‍ ക്രെറ്റയുടെ തൊട്ടു താഴെയായാണ് പുതിയ വെന്യുവിന്റെ സ്ഥാനം. മഹീന്ദ്ര XUV300, ടാറ്റ നെക്സോണ്‍, ഫോര്‍ഡ് എക്കോസ്പോര്‍ട്ട്, മാരുതി വിറ്റാര ബ്രെസ എന്നിവയോട് മത്സരിക്കാന്‍ മേയ് 21-നാണ് വെന്യു ഇന്ത്യന്‍ വിപണിയിലെത്തുന്നത്.
വെന്യുവിനുള്ള ബുക്കിങ് നിലവില്‍ കമ്പനി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ഇ, എസ്, എസ്എക്സ്, എസ്എക്സ് (ഓപ്ഷണല്‍) എന്നീ നിരകളിലായി ആകെ 13 വേരിയന്റുകളിലാണ് വെന്യു വിപണിയിലെത്തുന്നത്. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളിലാണ് വെന്യുവിന് കരുത്തേകുക. ഇതില്‍ ടര്‍ബോ പെട്രോളില്‍ പുതിയ 7 സ്പീഡ് ഡിസിടിയാണ് ഗിയര്‍ബോക്സ്. 1.2 ലിറ്റര്‍ പെട്രോളില്‍ 5 സ്പീഡ് മാനുവലും 1.4 ലിറ്റര്‍ ഡീസലില്‍ 6 സ്പീഡുമാണ് ട്രാന്സ്മിഷന് ഓപ്ഷന്.
ക്രെറ്റയുമായി സാമ്യമുള്ള ബോക്സി ഡിസൈനാണ് വെന്യുവിനുള്ളത്. ക്രോമിയം ആവരണമുള്ള കാസ്ക്കേഡ് ഗ്രില്ല്, പ്രൊജക്ഷന് ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഡ്യുവല്‍ ബീം ഹെഡ്ലാമ്പ്, ഡിആര്‍എല്‍ എന്നിവയാണ് മുന്‍വശത്തെ അലങ്കരിക്കുന്നത്. ബ്ലാക്ക് ഫിനിഷിങ് വീല്‍ ആര്‍ച്ച്, ക്ലാഡിങ്ങ്, പുതുതായി ഡിസൈന്‍ ചെയ്ത അലോയി വീല്‍, റൂഫ് റെയില്‍ എന്നിവ വശങ്ങളേയും എല്‍ഇഡി ടെയ്ല് ലാമ്പ്, ചതുരാകൃതിയിലുള്ള ഫോഗ് ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, ക്രെറ്റയിലേതിന് സമാനമായ ടെയ്ല്‍ഗേറ്റ് എന്നിവ പിന്‍വശത്തെയും ആകര്‍ഷകമാക്കുന്നുണ്ട്.ഹ്യുണ്ടായിയുടെ മറ്റ് മോഡലുകളുമായി സാമ്യമുള്ള ഇന്റീരിയറാണ് വെന്യുവിലുമുള്ളത്. ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് യൂണിറ്റ്, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ എന്നിവയും ഇന്റീരിയറില്‍ ഒരുക്കിയിരിക്കുന്നു. ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, എയര്‍ പ്യൂരിഫയര്‍, ക്രൂയിസ് കണ്ട്രോള്, റിയര്‍ എസി വെന്റ്, കോര്‍ണറിങ് ലാമ്പ്, കൂളിങ് ഗ്ലൗ ബോക്സ് എന്നിവയും വെന്യുവിലുണ്ട്.
രാജ്യത്തെ ആദ്യ കണക്റ്റഡ് എസ്.യു.വിയാണ് വെന്യു എന്നാണ് ഹ്യുണ്ടായ് അവകാശപ്പെടുന്നത്. അതിനുതകുന്ന കണക്റ്റിവിറ്റി സംവിധാനങ്ങള്‍ വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ബ്ലൂലിങ്ക് ടെക്നോളജി വഴിയാണ് കണക്ടിവിറ്റി ഫീച്ചറുകള്‍. യാത്രക്കാരുടെയും വാഹനത്തിന്റേയും സുരക്ഷ, വാഹനത്തിന്റെ സര്‍വീസ് മുന്നറിയിപ്പുകള്‍ തുടങ്ങി 33 ഫീച്ചറുകളാണ് ഇതിലൂടെ ലഭ്യമാകുക. ഇതില്‍ പത്തെണ്ണം ഇന്ത്യയ്ക്ക് മാത്രമായി തയ്യാറാക്കിയതാണ്. ഇന്ത്യന്‍ ഇംഗ്ലീഷ് മനസ്സിലാകുംവിധം തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്.
ഓട്ടോക്രാഷ് നോട്ടിഫിക്കേഷന്‍, എസ്.ഒ.എസ്, പാനിക് നോട്ടിഫിക്കേഷന്‍, റോഡ്സൈഡ് അസിസ്റ്റന്‍സ്, തുടങ്ങിയവയാണ് യാത്രക്കാരുടെ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്ന ഫീച്ചറുകള്‍. എന്തെങ്കിലും അപകടമുണ്ടായിട്ടുണ്ടെങ്കില്‍ ഇതിലെ ബ്ലൂലിങ്ക് കോള്‍സെന്റര്‍ എമര്‍ജന്‍സി സര്‍വീസുകളുമായി ബന്ധപ്പെടും. റോഡ്സൈഡ് അസിസ്റ്റന്‍സ്, സര്‍വീസ് സെന്റര്‍ എന്നിവയുമായും ഇത് ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറും. ബ്ലൂലിങ്ക് ആപ്പ് വഴി എമര്‍ജന്‍സി നമ്പറിലേക്ക് എസ്.എം.എസ്. അയയ്ക്കുകയും ചെയ്യും. ജിയോ ഫെന്‍സിങ് എന്ന ഫീച്ചറിലൂടെ നിശ്ചയിക്കുന്ന പരിധിക്കപ്പുറം വാഹനം അനുവാദമില്ലാതെ കൊണ്ടുപോയാല്‍ എന്ജിന് നിശ്ചലമാകും. അതുകൂടാതെ, വാഹനത്തെപ്പറ്റിയുള്ള പൂര്‍ണവിവരങ്ങള്‍ മൊബൈല്‍ഫോണില്‍ ലഭ്യമാകും. വേഗം, വാഹനമുള്ള സ്ഥലം എന്നിങ്ങനെ. ഇതെല്ലാം സാധ്യമാക്കുന്നത് കാറിലുള്ള ഇന്‍ബില്‍ട്ട് സിം ആണ്.
വൊഡാഫോണുമായി സഹകരിച്ചാണ് സിം സംവിധാനം. മൊബൈല്‍ ഫോണുപയോഗിച്ച് വാഹനം തുറക്കാനും ഹെഡ്ലാമ്പ് ഓണ്‍ ചെയ്യാനും സ്റ്റാര്‍ട്ട് ചെയ്യാനും കഴിയും. നട്ടുച്ചയ്ക്ക് വെയിലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തില്‍ എ.സി. ഓണാക്കാനും മൊബൈല്‍ കൊണ്ട് കഴിയും. വന്ന് കയറുമ്പോഴേക്കും വണ്ടി തണുത്തിരിക്കും. വാഹനത്തിന്റെ എന്ജിന് ഓയില്‍, ഗിയര്‍ബോക്സ്, എന്‍ജിന്റെ പ്രവര്‍ത്തനം എന്നിവയും മൊബൈലില്‍ അറിയാം. സര്‍വീസ് സെന്ററില്‍ കൊണ്ടുപോകുന്നതിനു മുമ്പുതന്നെ വണ്ടിയുടെ തകരാര്‍ നമുക്ക് തിരിച്ചറിയാനും കഴിയും. തത്സമയ ട്രാഫിക് വിവരങ്ങള്‍ ലഭിക്കും വാഹനം എവിടെയെന്ന് തിരിച്ചറിയാം. പോകേണ്ട സ്ഥലം സെറ്റ് ചെയ്ത് വെയ്ക്കാനും സാധിക്കും. വേഗപരിധി കൂടിയാല്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.
Content Highlights; Hyundai Venue, Venue SUV, Venue Production
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..