ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ പുതിയ എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്ക് കാര്‍ ഒക്ടോബര്‍ 23-ന് അവതരിപ്പിക്കും. ഹ്യുണ്ടായുടെ ജനപ്രിയ കാറായിരുന്ന 'സാന്‍ട്രോ'യുടെ പിന്‍ഗാമിയായിരിക്കും ഈ പുതിയ കാര്‍.
കാറിന്റെ പേര് തേടി കമ്പനി പ്രചാരണ പരിപാടി നടത്തുന്നുണ്ട്. ഇതില്‍ പ്രതികരിച്ചവരില്‍ 30 ശതമാനത്തോളം പേരും സാന്‍ട്രോ എന്നു തന്നെ മതിയെന്ന് അഭിപ്രായപ്പെട്ടു. ഗ്രൂപ്പ് മാര്‍ക്കറ്റിങ് മേധാവി പുനീത് ആനന്ദ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം സാന്‍ട്രോ എന്ന പേര് തന്നെ നല്‍കിയാല്‍ മതിയോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.
സെപ്തംബര്‍ രണ്ടാം പകുതിയോടെ പേര് നിഞ്ചയിക്കുമെന്നാണ് സൂചന. സാന്‍ട്രോ സിങിലെ 1.1. ലിറ്റര്‍ പെട്രോള്‍ എന്‍ജിനിന്റെ പരിഷ്‌കൃത എന്‍ജിനായിരിക്കും പുതിയ സാന്‍ട്രോയ്ക്ക് കരുത്തു പകരുക എന്നാണ് സൂചന. 5 സ്പീഡ് AMT ഗിയര്‍ബോക്സില്‍ ഹ്യുണ്ടായുടെ ആദ്യ മോഡലും ഇതായിരിക്കും. ഹ്യുണ്ടായ്ക്ക് ഇന്ത്യയില്‍ മികച്ച അടിത്തറ നല്‍കിയ സാന്‍ട്രോ 1998 മുതല്‍ 2014 വരെ വിപണിയിലുണ്ടായിരുന്നു.
സാന്‍ട്രോയുടെ പരീക്ഷണ ഓട്ടങ്ങളുടെ സ്പൈ ചിത്രങ്ങള്‍ പ്രകാരം ഒന്നാം തലമുറ i10 മോഡലുമായി ചേര്‍ന്നു നില്‍ക്കുന്ന ഘടനയാണ് പുതിയ ഹാച്ച്ബാക്കിനുള്ളത്. AH2 കോഡ്നാമത്തിലുള്ള കണ്‍സെപ്റ്റില്‍ ഹ്യുണ്ടായുടെ മുഖമുദ്രയായ കാസ്‌കാഡ് ഗ്രില്‍, ടോള്‍ ബോയ് സൈഡ് പ്രൈഫൈല്‍, ത്രീ സ്പോക്ക് സ്റ്റിയറിങ് വീല്‍, സെന്റര്‍ കണ്‍സോള്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍. മാരുതി സുസുക്കി ആള്‍ട്ടോ K10, ടാറ്റ ടിയാഗോ എന്നിവയാകും ഇവിടെ ഈ ഹാച്ച്ബാക്കിന്റെ പ്രധാന എതിരാളികള്‍.
Content Highlights; New Hyundai Santro to be launched on october 23