രുകാലത്ത് ഇന്ത്യക്കാരുടെ പ്രിയ വാഹനമായിരുന്ന ഹ്യുണ്ടായ് സാന്‍ട്രോ ഒക്ടോബര്‍ 23-ന് വീണ്ടും വിപണിയിലെത്തുകയാണ്. ഇതിന് മുന്നോടിയായി ഡീലര്‍ഷിപ്പുകളിലേക്കെത്തിക്കുന്ന സാന്‍ട്രോയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തായി. ദിവസങ്ങള്‍ക്ക് മുമ്പ് സാന്‍ട്രോയുടെ എക്‌സ്റ്റീരിയര്‍ രൂപം മാത്രം വ്യക്തമാക്കുന്ന രണ്ട് ചിത്രങ്ങള്‍ ഹ്യുണ്ടായ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഉള്‍വശം അടക്കം ദൃശ്യമാകുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പോളാര്‍ വൈറ്റ് നിറത്തിലുള്ള സാന്‍ട്രോയാണിത്. 

Santro

ചിത്രങ്ങള്‍ പ്രകാരം പുതിയ സാന്‍ട്രോ നിരയിലെ ഉയര്‍ന്ന വകഭേദമായ ആസ്റ്റ മോഡലാണിത്. ബ്ലാക്ക്-ബീജ് നിറത്തിലാണ് ഇന്റീരിയര്‍. മോഡേണ്‍ സ്‌റ്റൈലിഷ് ടോള്‍ ബോയ് ഡിസൈനിലാണ് സാന്‍ട്രോയുടെ നിര്‍മാണം. 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തെ പ്രധാന ആകര്‍ഷണം. ടച്ച് സ്‌ക്രീനിന് പുറമെ സ്വിച്ചുകളും ഇതില്‍ നല്‍കിയിട്ടുണ്ട്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ വശങ്ങളിലായി വലിയ എസി വെന്റുകളും ഡാഷ്ബോര്‍ഡിന്റെ വശങ്ങളിലായി ആഡംബര ഭാവമുള്ള വെന്റുകളും ഒരുക്കിയിട്ടുണ്ട്. സെന്റര്‍ കണ്‍സോളില്‍ എസി നോബുകള്‍, ഹസാഡസ് ലൈറ്റ് സ്വിച്ചും ചിട്ടയായി ക്രമീകരിച്ചിരിക്കുന്നു. രണ്ട് അനലോഗ് മീറ്ററും ഒരു മള്‍ട്ടി ഇന്‍ഫോ ഡിസ്പ്ലേയും ഉള്‍പ്പെടുന്നതാണ് സാന്‍ട്രോയിലെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍. നിലവില്‍ 2018 സാന്‍ട്രോയ്ക്കുള്ള പ്രീ ബുക്കിങ് തുടരുകയാണ്.

പെട്രോളിനൊപ്പം സിഎന്‍ജി പതിപ്പും പുത്തന്‍ സാന്‍ട്രോയ്ക്കുണ്ട്. എഎംടി ട്രാന്‍സ്മിഷനില്‍ ഹ്യുണ്ടായുടെ ആദ്യ കാറെന്ന പ്രത്യേകതയും 2018 സാന്‍ട്രോയ്ക്കുണ്ട്. പഴയ സാന്‍ട്രോയെക്കാള്‍ നീളവും വീതിയും പുതിയ അഥിതിക്കുണ്ട്. 1.1 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് 2018 സാന്‍ട്രോയ്ക്ക് കരുത്തേകുന്നത്. 5500 ആര്‍പിഎമ്മില്‍ 69 ബിഎച്ച്പി പവറും 4500 ആര്‍പിഎമ്മില്‍ 99 എന്‍എം ടോര്‍ക്കും നല്‍കുന്നതാണ് ഈ എന്‍ജിന്‍. 20.3 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഇതില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. 5500 ആര്‍പിഎമ്മില്‍ 59 ബിഎച്ച്പി പവറും 4500 ആര്‍പിഎമ്മില്‍ 84 എന്‍എം ടോര്‍ക്കും നല്‍കുന്നതാണ് സിഎന്‍ജി സാന്‍ട്രോ. 30.5 കിലോമീറ്റര്‍ മൈലേജാണ് ഫാക്ടറി ഫിറ്റഡ് സിഎന്‍ജി വകഭേദത്തില്‍ കമ്പനി പറയുന്നത്. 

Santro

Photo Courtesy; Team Bhp

Content Highlights; New Hyundai Santro 2018 Asta Trim Fully Revealed In New Spy Photos