ടന്നുകൊണ്ടിരിക്കുന്ന 2018 ലോസ് ആഞ്ചല്‍സ് ഓട്ടോ ഷോയില്‍ ഹോണ്ട പുതിയ 5 സീറ്റര്‍ ക്രോസ്ഓവര്‍ 'പാസ്‌പോര്‍ട്ട്' അവതരിപ്പിച്ചു. 1993 മുതല്‍ 2002 വരെ വില്‍പനയ്ക്കുണ്ടായിരുന്ന പഴയ പാസ്‌പോര്‍ട്ട് എസ്.യു.വിയുടെ ഓര്‍മ്മ പുതുക്കിയാണ് പുതിയ പാസ്‌പോര്‍ട്ടിന്റെ തിരിച്ചുവരവ്. രൂപത്തില്‍ ആദ്യ രണ്ട് തലമുറ പാസ്‌പോര്‍ട്ടുമായി 2019 പാസ്‌പോര്‍ട്ടിന്‌ യാതൊരു സാമ്യവുമില്ല. ഹോണ്ട നിരയില്‍ സിആര്‍-വി ക്ക് മുകളിലാണ് പാസ്‌പോര്‍ട്ടിന്റെ സ്ഥാനം. 

New Honda Passport

ആഗോള തലത്തില്‍ ഹോണ്ടയുടെ പ്രധാനിയായ പൈലറ്റ് എസ്.യു.വിയുടെ ധാരാളം ഘടകങ്ങള്‍ പാസ്‌പോര്‍ട്ട് കൈവശപ്പെടുത്തിയിട്ടുണ്ട്. മോണോകോക്ക് ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മാണം. കരുത്തുറ്റ 3.5 ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിനാണ് പാസ്‌പോര്‍ട്ടിനെ നയിക്കുക. 284 ബിഎച്ച്പി പവറും 355 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 9 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. സ്റ്റാന്റേര്‍ഡായി ഫ്രണ്ട് വീല്‍ ഡ്രൈവാണ് 2019 പാസ്‌പോര്‍ട്ട്. ആവശ്യക്കാര്‍ക്ക് ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനും കമ്പനി നല്‍കും.

ഓഫ് റോഡ് യാത്രകള്‍ക്ക് ഇണങ്ങുന്ന വിധമാണ് വാഹനത്തിന്റെ ഓവറോള്‍ രൂപകല്‍പന. വലിയ 20 ഇഞ്ച് ടയറാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. അകത്ത് യാത്രക്കാര്‍ക്ക് ധാരാളം സ്ഥലസൗകര്യവും ലഭിക്കും. 1166 ലിറ്ററാണ് ബൂട്ട് സ്‌പേസ്, റിയര്‍ സീറ്റ് മടക്കിയാല്‍ ഇത് 2205 ലിറ്ററാക്കി ഉയര്‍ത്താം. 

Honda Passport

ധാരാളം നൂതന ഫീച്ചേഴ്‌സും പാസ്‌പോര്‍ട്ടിലുണ്ട്. ടോപ് സ്‌പെക്കില്‍ 590 വാട്ട് ഓഡിയോ സിസ്റ്റത്തോടെയുള്ള 8.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണുള്ളത്. ബേസ് മോഡലില്‍ 215 വാട്ട് ഓഡിയോ സിസ്റ്റത്തോടെയുള്ള 5.0 ഇഞ്ച് ഡിസ്‌പ്ലേയാണ്. രണ്ടിലും ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ കണക്റ്റിവിറ്റിയുണ്ട്. എമര്‍ജന്‍സി ഓട്ടോ ബ്രേക്കിങ്, ഫോര്‍വേര്‍ഡ് കൊളിഷന്‍ വാര്‍ണിങ്, ലൈന്‍ ഡിപ്പാര്‍ച്ചര്‍ അലര്‍ട്ട്, ലൈന്‍ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ്, ക്രോസ് ട്രാഫിക് അലര്‍ട്ട്, 360 ഡിഗ്രി ക്യാമറ തുടങ്ങി ഡ്രൈവിങ് കൂടുതല്‍ എളുപ്പമാക്കുന്ന നിരവധി സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്. 

Content Highlights; New Honda Passport crossover revealed