ഹോണ്ട സിറ്റി ഹൈബ്രിഡ് | Photo: Honda Thailand
ഇന്ത്യയിൽ ദിനംപ്രതി ഇന്ധനവില കുതിച്ചുയരുകയാണ്. വാഹനത്തിന്റെ മൈലേജ് വീണ്ടും ഉപയോക്താക്കളുടെ പ്രധാന പരിഗണനയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യം മുതലാക്കി ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട. ഹോണ്ടയുടെ ജനപ്രിയ സെഡാന് മോഡലായ സിറ്റിയുടെ ഹൈബ്രിഡ് വാഹനമാണ് ഏപ്രില്‍ 14-ന് അവതരണത്തിനൊരുങ്ങുന്നത്.
ഹോണ്ട സിറ്റി ഇ.എച്ച്.ഇ.വി. എന്ന പേരിലായിരിക്കും സിറ്റിയുടെ ഹൈബ്രിഡ് മോഡല്‍ നിരത്തുകളില്‍ എത്തുകയെന്നാണ് വിവരം. സൗത്ത്-ഈസ്റ്റ് ഏഷ്യന്‍ വിപണികളില്‍ സിറ്റി ആര്.എസ്. ഹൈബ്രിഡ് എന്ന പേരില്‍ എത്തിച്ചിട്ടുള്ള വാഹനമാണ് ഈപ്പോള്‍ ഇന്ത്യയില്‍ വരവിനൊരുങ്ങിയിരിക്കുന്നത്. അവതരണത്തിന് പിന്നാലെ തന്നെ മേയ് മാസത്തോടെ ഈ ഹൈബ്രിഡ് സെഡാന്റെ വില്‍പ്പന ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അവതരണത്തോടെ പ്രഖ്യാപിച്ചേക്കും.

i-MMD സാങ്കേതികവിദ്യയിലാണ് ഹോണ്ടയുടെ ഹൈബ്രിഡ് സിസ്റ്റം ഒരുങ്ങിയിട്ടുള്ളതെന്നാണ് വിവരം. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം രണ്ട് ഇലക്ട്രിക് മോട്ടോറും ഒരു ലിഥിയം അയേണ്‍ ബാറ്ററിയും നല്‍കിയാണ് ഇത് ഒരുങ്ങിയിട്ടുള്ളത്. ഇതിലെ പെട്രോള്‍ എന്ജിന് 98 പി.എസ്. പവറും 127 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. എന്നാല്‍, ഇലക്ട്രിക് മോട്ടോര്‍ ഉത്പാദിപ്പിക്കുന്ന കരുത്ത് ഉള്‍പ്പെടെ 109 പി.എസ്. പവറും 253 എന്‍.എം. ടോര്‍ക്കുമായിരിക്കും സിറ്റി ഹൈബ്രിഡിന്റെ പവര്‍.
പ്യുവല്‍ ഇലക്ട്രിക്, ഹൈബ്രിഡ്, പെട്രോള്‍ എന്നീ മൂന്ന് ഡ്രൈവ് മോഡുകളിലായിരിക്കും ഈ വാഹനം എത്തുക. സിറ്റിയുടെ ഹൈബ്രിഡ് പതിപ്പിന് റെഗുലര്‍ മോഡലിനെക്കാള്‍ 110 കിലോ അധികഭാരമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബൂട്ട് സ്പേസിലും നേരിയ കുറവുണ്ടായേക്കും. സാധാരണ ഇലക്ട്രിക് കാറുകളില്‍ നല്‍കിയിട്ടുള്ള റീ ജനറേറ്റീവ് ബ്രേക്കിങ്ങ് സിസ്റ്റമായിരിക്കും ഇതില്‍ നല്‍കുക. നാല് ഡിസ്ക് ബ്രേക്കുകളായിരിക്കും ഇതില്‍ സുരക്ഷ കാര്യക്ഷമമാക്കുക.

ഉയര്‍ന്ന ഇന്ധനക്ഷമതയാണ് ഈ വാഹനം ഉറപ്പുനല്‍കുന്നത്. കഴിഞ്ഞ വര്‍ഷം തായ്ലാന്റില് ഇറക്കിയ ഹൈബ്രിഡ് പതിപ്പിന് 27.78 കിലോമീറ്റര്‍ ഇന്ധനക്ഷമത സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം, ഇന്ത്യയില്‍ എത്തുന്ന മോഡലിന് 27 കിലോമീറ്റര്‍ ലഭിച്ചേക്കുമെന്നും സൂചനയുണ്ട്. വാഹനത്തിന്റെ ഡിസൈനും ഫീച്ചറുകളും അഞ്ചാം തലമുറ സിറ്റിയുടേതിന് സമാനമായിരിക്കും പിന്നില്‍ ഹൈബ്രിഡ് മോഡലാണെന്ന് തെളിയിക്കുന്ന ബാഡ്ജിങ്ങ് ആയിരിക്കും പ്രധാന പുതുമ.
Content Highlights: New Honda City e:HEV Hybrid Ready To Launch, Honda Hybrid Cars, Honda City
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..