കാത്തിരിപ്പിനൊടുവില്‍ കോംപാക്ട് സെഡാന്‍ ശ്രേണിയില്‍ ഹോണ്ടയുടെ രണ്ടാം തലമുറ അമേസ് ഇന്ത്യയില്‍ പുറത്തിറങ്ങി. E, S, V, VX എന്നീ നാലു വകഭേദങ്ങളില്‍ പുതിയ അമേസ് ലഭ്യമാകും. ബേസ് വേരിയന്റിന് 5.59 ലക്ഷം രൂപയും ടോപ് സ്‌പെക്കിന് 8.99 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭ്യമാകുമെന്നതാണ് രണ്ടാം തലമുറ അമേസിന്റെ പ്രധാന സവിശേഷത.

WhatsApp-Image-2018-04-28-at-10.38.02-AM.jpg

രൂപത്തില്‍ പൂര്‍ണമായും അഴിച്ചു പണി നടത്തിയാണ് പുതിയ അമേസിന്റെ വരവ്. അകത്തും പുറത്തും കാര്യമായ മാറ്റങ്ങളുണ്ട്. ഗ്രില്ലുകള്‍ ഒറ്റനോട്ടത്തില്‍ ഹോണ്ട സിറ്റിയെ ഓര്‍മിപ്പിക്കും. കട്ടികൂടിയ ക്രോമില്‍ പൊതിഞ്ഞതാണ് ഗ്രില്ലുകള്‍. വശങ്ങളിലേക്ക് കയറിക്കിടക്കുന്ന രൂപത്തിലാണ്‌ ഹെഡ്ലാമ്പ് ക്ലസ്റ്റര്‍. ബമ്പറും രൂപത്തില്‍ വലിയ മാറ്റം നല്‍കും. പഴയ അമേയ്സിനെക്കാളും സ്ഥലമുണ്ട് പുതിയതിന്. അകത്ത് പ്രധാനമാറ്റം ഏഴിഞ്ച് ടച്ച് സ്‌ക്രീനാണ്. സ്മാര്‍ട്ട്ഫോണ്‍ കണ്ക്ടിവിറ്റി, നാവിഗേഷന്‍, വിനോദ ഉപാധികള്‍ എന്നിവയും ഇതിലുണ്ടാവും. 

amaze

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ചൈല്‍ഡ് സീറ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവ സ്റ്റാന്റേഡായി രണ്ടാം തലമുറ അമേസില്‍ സ്ഥാനംപിടിച്ചു. 90 എച്ച്പി പവറും 110 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 100 എച്ച്പി പവറും 200 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും പുതിയ അമേസില്‍ നിലനിര്‍ത്തി. ആദ്യ തലമുറയില്‍ പെട്രോള്‍ എന്‍ജിനിലുണ്ടായിരുന്ന CVT ഗിയര്‍ബോക്‌സ് ഇത്തവണ ഡീസല്‍ പതിപ്പിലും ഉള്‍പ്പെടുത്തി. ഡീസല്‍ ഓട്ടോമാറ്റിക്കില്‍ 80 എച്ച്പി പവറും 160 എന്‍എം ടോര്‍ക്കുമാണ് ലഭിക്കുക. മാനുവല്‍ വകഭേദങ്ങളില്‍ 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. 

WhatsApp-Image-2018-04-28-at-10.37.58-AM.jpg

ഭാരം കുറഞ്ഞ പുതിയ പ്ലാറ്റ്‌ഫോമില്‍ പണികഴിപ്പിച്ച അമേസിന് മുന്‍മോഡലിനെക്കാള്‍ 5 എംഎം നീളവും 15 എംഎം വീതിയും ഇന്ധനക്ഷമതയും കൂടുതലാണ്. പെട്രോള്‍ മാനുവലില്‍ 19.5 കിലോമീറ്ററും CVT പതിപ്പില്‍ 19 കിലോമീറ്ററും ഇന്ധനക്ഷമത ലഭിക്കും. ഡീസല്‍ മാനുവലില്‍ ഒരു ലിറ്റര്‍ ഇന്ധനത്തില്‍ 27.4 കിലോമീറ്ററും CVT-യില്‍ 23.8 മീറ്റര്‍ ദൂരവും സഞ്ചരിക്കാം. മാരുതി സുസുക്കി ഡിസയര്‍, ഹ്യുണ്ടായി എക്‌സ്‌സെന്റ്, ഫോക്‌സ് വാഗണ്‍ അമിയോ എന്നിവയാണ് ഹോണ്ട അമേസിന്റെ എതിരാളികള്‍.  

Honda Amaze

വില (ഡല്‍ഹി എക്‌സ്‌ഷോറൂം)

പെട്രോള്‍ വകഭേദം വില
E മാനുവല്‍ 5.59 ലക്ഷം 
S മാനുവല്‍ 6.49 ലക്ഷം
V മാനുവല്‍ 7.09 ലക്ഷം 
VX മാനുവല്‍ 7.57 ലക്ഷം
S CVT 7.39 ലക്ഷം 
V CVT 7.99 ലക്ഷം 
ഡീസല്‍  വകഭേദം വില
E മാനുവല്‍  6.69 ലക്ഷം
S മാനുവല്‍ 7.59 ലക്ഷം 
V മാനുവല്‍ 8.19 ലക്ഷം 
VX മാനുവല്‍ 8.67 ലക്ഷം 
S CVT  8.39 ലക്ഷം
V CVT 8.99 ലക്ഷം

Content Highlights: New Honda Amaze launched In india