സുസുക്കി ആൾട്ടോ | Photo: suzuki.co.jp
ഇന്ത്യന്‍ നിരത്തുകളില്‍ ഏറ്റവുമധികം വിറ്റഴിച്ചിട്ടുള്ള കാര്‍ മാരുതി സുസുക്കിയുടെ ആള്‍ട്ടോ ആയിരിക്കും. സാധാരണക്കാരന്റെ കാര്‍ എന്ന വിശേഷണം ഏറ്റവുമിണങ്ങുന്ന വാഹനമാണിത്. തലമുറമാറ്റത്തിനൊരുങ്ങുന്ന ഈ വാഹനത്തിന്റെ പുതിയ പതിപ്പ് സുസുക്കി ജാപ്പനീസ് വിപണിയില്‍ പ്രദര്‍ശിപ്പിച്ചു. ഇന്ത്യന്‍ നിരത്തുകളില്‍ മാരുതി സുസുക്കി എത്തിച്ചിട്ടുള്ള ആള്‍ട്ടോയില്‍ നിന്നും വലിയ മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് ഒരുങ്ങിയിട്ടുള്ളതെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.
പേര് മാത്രം നിലനിര്‍ത്തി വലിയ വാഹനങ്ങള്‍ക്ക് സമാനമായ രൂപം, എന്‍ട്രി ലെവല്‍ വാഹനങ്ങള്‍ കണ്ട് പരിചയമില്ലാത്ത ഫീച്ചറുകള്‍, പുതിയ എന്ജിന് എന്നിവയുമായാണ് ആള്‍ട്ടോയുടെ ജാപ്പനീസ് പതിപ്പ് എത്തിയിട്ടുള്ളത്. ഈ വാഹനം 2022-ല്‍ സുസുക്കിയുടെ ജന്മനാട്ടില് അവതരിപ്പിക്കുമെന്നാണ് വിവരം. അതേസമയം, ഇന്ത്യയിലെ ആള്‍ട്ടോയും തലമുറ മാറ്റത്തിന് ഒരുങ്ങുന്നുണ്ടെങ്കിലും ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള വാഹനം എത്തുന്നത് സംബന്ധിച്ച സ്ഥിരീകരണമുണ്ടായിട്ടില്ല.

ബോക്സി രൂപം നിലനിര്‍ത്തി പുതിയ ഡിസൈനിലാണ് പുതിയ ആള്‍ട്ടോ ഒരുങ്ങിയിട്ടുള്ളത്. വലിപ്പം കൂടിയ പുതിയ ട്രപസോയ്ഡല് ഹെഡ്ലാമ്പ്, ബോണറ്റിന് താഴെയായി ക്രോമിയം സ്ട്രിപ്പ്, വളരെ ചെറിയ ഗ്രില്ല്, താരതമ്യേന വലിപ്പമുള്ള എയര്‍ഡാം, പുതുമയോടെ ഒരുങ്ങിയിട്ടുള്ള ബമ്പര്‍ എന്നിവയാണ് മുന്‍വശം അലങ്കരിക്കുന്നത്. ടെയ്ല്‍ലാമ്പ് മാറ്റി നിര്‍ത്തിയാല്‍ സെലേറിയോയോട് വിദൂര സാമ്യമുള്ള പിന്‍ഭാഗമാണ് ആള്ട്ടോയുടേതും. ഏഴ് സ്പോക്ക് അലോയി വീലും എക്സ്റ്റീരിയറിലെ ഹൈലൈറ്റാണ്.
മാരുതിയുടെ ഒരു വാഹനങ്ങളോട് ഉപമിക്കാന്‍ സാധിക്കാത്തതാണ് അകത്തളം. കൂടുതല്‍ സ്റ്റോറേജ് സ്പേസുകള്‍ നല്കി ഒരുക്കിയ ഡാഷ്ബോര്‍ഡ്, പുതുമയുള്ള എ.സി. വെന്റുകള്‍, വലിപ്പമേറിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ഡാഷ്ബോര്‍ഡിലേക്ക് സ്ഥാനമുറപ്പിച്ച ഗിയര്‍ ലിവര്‍, മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ്ങ് വീല്‍, മികച്ച ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഫാബ്രിക് സീറ്റുകള്‍ എന്നിവയാണ് അകത്തളത്തില്‍ ഒരുക്കിയിട്ടുള്ളത്.

ഇന്ത്യന്‍ നിരത്തുകളില്‍ നിലവിലുള്ള ആള്‍ട്ടോയെക്കാള്‍ കരുത്ത് കുറഞ്ഞ എന്‍ജിനായിരിക്കും രാജ്യാന്തര വിപണിയിലെ ആള്‍ട്ടോയില്‍ നല്‍കുക. 660 സി.സി. മൂന്ന് സിലിണ്ടര്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇതിനൊപ്പം മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും നല്‍കിയിട്ടുണ്ട്. ഇത് വാഹനത്തിന് ഉയര്‍ന്ന ഇന്ധനക്ഷമത ഉറപ്പാക്കുമെന്നും ഈ ശ്രേണിയിലെ ഏറ്റവും മൈലേജുള്ള വാഹനമാകുമെന്നുമാണ് നിര്‍മാതാക്കളുടെ വാദം. ട്രാന്സ്മിഷന് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ഇന്ത്യയിലും ആള്‍ട്ടോ തലമുറ മാറ്റത്തിന് ഒരുങ്ങുകയാണ്. പുതിയ മോഡലിന്റെ പരീക്ഷണയോട്ടം ആരംഭിച്ചതായാണ് വിവരം. വാഗണ്‍ആര്‍, എസ്-പ്രെസോ എന്നീ വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന മാരുതിയുടെ പുതിയ ഹാര്‍ട്ട്ടെക്ട് പ്ലാറ്റ്ഫോമിലായിരിക്കും ഈ വാഹനം ഒരുങ്ങുക. നിലവിലെ മൂന്ന് സിലിണ്ടര്‍ 800 സി.സി. എന്‍ജിനൊപ്പം പുതുതായി 1.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും നല്‍കിയേക്കുമെന്നും സൂചനയുണ്ട്. ട്രാന്സ്മിഷന് നിലവിലേത് തുടര്‍ന്നേക്കും.
Content Highlights: New generation Suzuki Alto Unveiled, Maruti Suzuki Alto, Maruti entry level car Alto
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..