ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ഹാച്ച്ബാക്ക് മോഡലായ ക്വിഡിന്റെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. മാസ്‌കുലര്‍ ഭാവം കൈവരിച്ച പുതിയ ക്വിഡിന് 2.83 ലക്ഷം രൂപ മുതലാണ് വില. റെനോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ 5000 രൂപ അഡ്വാന്‍സ് തുക ഈടാക്കി ബുക്കിങ്ങും ആരംഭിച്ചു. 

ഇന്ത്യയിലെ ഹാച്ച്ബാക്ക് വിപണിയില്‍ തരംഗമായി മാറിയ ക്വിഡിന്റെ രണ്ടാം തലമുറയാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ക്വിഡിനെ അടിസ്ഥാനമാക്കി അടുത്തിടെ വിദേശത്ത് പുറത്തിറങ്ങിയ സിറ്റി K-ZE ഇലക്ട്രിക് മോഡലിന്റെ ഡിസൈനുമായി സാമ്യമുള്ള വാഹനമാണ് പുതിയ ക്വിഡ്.

പൂര്‍ണമായി അഴിച്ചുപണിത മുന്‍വശമാണ് പ്രധാന ആകര്‍ഷണം. പുതിയ ഗ്രില്ല്, ഗ്രില്ലിനോട് ചേര്‍ന്ന് സ്ഥാനം പിടിച്ചിരിക്കുന്ന ഡിആര്‍എല്‍, ബംബറിലേക്ക് സ്ഥാനം മാറിയ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബംബര്‍, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് ക്വിഡിന്റെ മുഖത്തിന് മസ്‌കുലര്‍ ഭാവം ഒരുക്കുന്നത്.  

ബ്ലാക്ക് ഫിനീഷിങ്ങ് വീല്‍ ആര്‍ച്ച്, ഓറഞ്ച് നിറത്തിലുള്ള സൈഡ് മിറര്‍, ക്ലാഡിങ്ങുകള്‍, ബ്ലാക്ക് ഫിനീഷിങ്ങ് പില്ലറുകള്‍, ഡ്യുവല്‍ ടോണ്‍ റൂഫ് റെയില്‍, പുതിയ അലോയി വീലുകളും നല്‍കിയാണ് പുതിയ ക്വിഡിന്റെ വശങ്ങള്‍ അലങ്കരിച്ചിരിക്കുന്നത്. പിന്‍ഭാഗത്ത് കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. 

Kwid

ക്രോം-പിയാനോ ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ നിറത്തിലുള്ള ഇന്റീരിയറാണ് പുതിയ ക്വിഡിലുള്ളത്. എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും, ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്ങ് വീലും, രണ്ട് നിറങ്ങളിലുള്ള സീറ്റുകളുമാണ് ക്വിഡിന്റെ ഇന്റീരിയറിനെ സമ്പന്നമാക്കുന്നത്. 

0.8 ലിറ്റര്‍, 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളാണ് പുതിയ ക്വിഡിലുമുള്ളത്. 0.8 ലിറ്റര്‍ എന്‍ജിന്‍ 799 സിസിയില്‍ 53 ബിഎച്ച്പി പവറും 72 എന്‍എം ടോര്‍ക്കും 1.0 ലിറ്റര്‍ എന്‍ജിന്‍ 67 ബിഎച്ച്പി പവറും 91 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 5 സ്പീഡ് മാനുവല്‍, എഎംടിയാണ് ട്രാന്‍സ്മിഷന്‍.

STD,RXE, RXL, RXT എന്നീ നാല് വേരിയന്റുകളാണ് 0.8 ലിറ്റര്‍ എന്‍ജിന്‍ മോഡലിലുള്ളത്. ഇവയ്ക്ക് 2.83 ലക്ഷം മുതല്‍ 4.13 ലക്ഷം രൂപ വരെയാണ് വില. RXT, Climber, RXT AMT, Climber AMT എന്നിവയാണ് 1.0 ലിറ്റര്‍ എന്‍ജിന്‍ പതിപ്പുകള്‍. ഇവയ്ക്ക് 4.33 ലക്ഷം മുതല്‍ 4.84 ലക്ഷം രൂപ വരെയാണ് വില.

Content Highlights: New Generation Renault Kwid Launched In India